200 രൂപ മാത്രം ദിവസക്കൂലി ഉണ്ടായിരുന്ന 23 വയസ്സുകാരന് ലഭിച്ച പ്രതീക്ഷയായിരുന്നു അത്- അനൂപ് മേനോൻ

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയെ അനുസ്മരിച്ച് നടൻ അനൂപ് മേനോൻ. അമ്മ എന്ന പേര് അന്വർത്ഥമാക്കി തന്നെ കാണാൻ എത്തുന്നവരെയെല്ലാം മക്കളേ എന്ന ഹൃദ്യമായ വിളിയിലൂടെ സ്വന്തമാക്കിയിരുന്ന വ്യക്തിത്വമായിരുന്നു അവരുടേതെന്ന് അനൂപ് മേനോൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
23-ാം വയസ്സിൽ അവതാരകനായിരിക്കെ മോഹൻലാലിന്റെ അമ്മയെ അഭിമുഖം ചെയ്യാനായി പോയതിനേക്കുറിച്ചാണ് അനൂപ് മേനോന്റെ കുറിപ്പ്. അന്ന് ഒരു സൂപ്പർതാരത്തിന്റെ അമ്മയെ കാണാൻ പോകുന്നതിന്റെ പരിഭ്രമത്തിലായിരുന്ന തനിക്ക്, ആ വീട്ടിലെ ഒരാളാണെന്ന തോന്നലുണ്ടാക്കിയത് ലാലിൻ്റെ അമ്മയാണെന്ന് അദ്ദേഹം ഓർത്തു.
‘ഒരു അവതാരകൻ എന്ന നിലയിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് പകരം തന്റെ വിശേഷങ്ങൾ തിരക്കുകയും 'ലാലു'വിനെ കുറിച്ചുള്ള കഥകൾ ഒരു ബന്ധുവിനോട് എന്നപോലെ പങ്കുവെക്കുകയും ചെയ്തു. ഉച്ചഭക്ഷണവും ചായയും നൽകിയ ശേഷം യാത്രപറയുന്ന നേരം തന്റെ നെറുകയിൽ ചുംബിച്ചുകൊണ്ട് മോൻ സിനിമയിൽ വരും കേട്ടോ എന്ന് അമ്മ അനുഗ്രഹിച്ചു. വെറും 200 രൂപ മാത്രം ദിവസക്കൂലി ഉണ്ടായിരുന്ന യുവാവിന് ലഭിച്ച ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു അത്’- അനൂപ് മേനോൻ കുറിച്ചു.
വർഷങ്ങൾക്ക് ശേഷം 'കനൽ' എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ മോഹൻലാൽ തന്റെ അമ്മയുടെ അസുഖങ്ങളെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നത് താൻ കണ്ടിട്ടുണ്ടെന്ന് അനൂപ് ഓർക്കുന്നു. ഒരു മകൻ തന്റെ അമ്മയെ ഇത്രയധികം സ്നേഹിക്കുന്നത് താൻ വേറെ എവിടെയും കണ്ടിട്ടില്ലെന്നും അത് മോഹൻലാലിന്റെ ആത്മഗുണം പോലെ തന്നെ ആ അമ്മ പകർന്ന സ്നേഹത്തിന്റെ കൂടി പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മയുടെ സ്നേഹസാന്നിധ്യം താനടക്കമുള്ളവർക്ക് എന്നും നഷ്ടമായിരിക്കുമെന്നും അദ്ദേഹം കുറിച്ചു.
പക്ഷാഘാതത്തെതുടർന്ന് ശാന്തകുമാരി ഏറെ നാളായി ചികിത്സയിലായിരുന്നു. എളമക്കരയിലെ മോഹൻലാലിന്റെ വീട്ടിൽ ചൊവ്വാഴ്ച രണ്ടുമണിയോടെയായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. സെക്രട്ടേറിയറ്റ് നിയമവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥൻ പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരിലാൽ ആണ് മറ്റൊരു മകൻ. മോഹൻലാലിന്റെ ഭാര്യ സുചിത്രയാണ് മരുമകൾ.
Content Highlights: Actor Anoop Menon fondly remembers Mohanlal`s mother, Shanthakumari, sharing a touching anecdote of her warmth and blessings.