'യൂഫോറിയ' താരം അംഗസ് ക്ലൗഡ് വീട്ടിൽ മരിച്ച നിലയിൽ, അന്ത്യം അച്ഛൻ മരിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ

എച്ച് ബി ഒ യുടെ ഹിറ്റ് സീരീസായ യൂഫോറിയയിലൂടെ പ്രശസ്തനായ നടൻ അംഗസ് ക്ലൗഡിനെ കാലിഫോർണിയ ഓക് ലാൻഡിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 25 വയസായിരുന്നു. യൂഫോറിയയിലെ മയക്കുമരുന്ന് വ്യാപാരിയായ ഫെസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് അംഗസ്. മരണകാരണം വ്യക്തമല്ല. അംഗസിന്റെ മരണത്തിൽ അഗാധ ദുഃഖമുണ്ടെന്ന് കുടുംബം പ്രതികരിച്ചു.
പിതാവ് മരിച്ച് രണ്ടാഴ്ച പിന്നിട്ട വേളയിലാണ് അംഗസിന്റെയും മരണം. അംഗസിന്റെ അടുത്ത സുഹൃത്തുകൂടിയായിരുന്നു പിതാവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. പിതാവിന്റെ മരണ ദിവസം എനിക്ക് നിങ്ങളെ മിസ് ചെയ്യുന്നു എന്നാണ് അംഗസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. അച്ഛന്റെ മരണാനന്തര ചടങ്ങുകൾ അയർലൻഡിൽ വെച്ച് പൂർത്തിയാക്കിയശേഷം തിരികെ വസതിയിലെത്തിയ നടൻ ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അംഗസ് ക്ലൗഡിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് എച്ച്.ബി.ഓ പ്രസ്താവനയിൽ അറിയിച്ചു. കഴിവുറ്റ പ്രതിഭയും എച്ച്.ബി.ഓയുടേയും യൂഫോറിയയുടേയും കുടുംബത്തിലെ ഒഴിച്ചുകൂടാനാവാത്ത അംഗമായിരുന്നു ക്ലൗഡെന്നും അവർ കൂട്ടിച്ചേർത്തു.
നോർത്ത് ഹോളിവുഡ്, ദ ലൈൻ എന്നീ ചിത്രങ്ങളിൽ അംഗസ് ക്ലൗഡ് മുഖം കാണിച്ചിട്ടുണ്ടെങ്കിലും ലോകപ്രശസ്തിയിലേക്കുയർന്നത് യൂഫോറിയയിലെ ഹൈസ്കൂൾ ഡ്രഗ് ഡീലറുടെ വേഷത്തോടെയായിരുന്നു. ആദ്യ സീസണിലെ സ്വീകാര്യത കണക്കിലെടുത്ത് രണ്ടാം സീസണിൽ ഫെസ് എന്ന കഥാപാത്രത്തിനെ അണിയറപ്രവർത്തകർ കൂടുതൽ വികസിപ്പിച്ചിരുന്നു.
Content Highlights: Angus Cloud who starred on HBO hit series Euphoria has died, Euphoria actor died