‘ദഗ്ഗുബട്ടർലി വെഡ്ഡിംഗ്’, ബ്രെഡും ബട്ടറും കൈമാറി റാണയും മിഹീകയും; രസകരമായ ആശംസയുമായി അമൂൽ

-
-

നടൻ റാണ ദ​​​ഗുബാട്ടിക്കും ഭാര്യ മിഹീകയ്ക്കും വിവാഹമം​ഗളാശംസകൾ നേർന്ന് അമൂൽ. നവദമ്പതിമാരുടെ രസകരമായ കാർട്ടൂൺ പങ്കുവച്ചാണ് അമൂൽ ആശംസ നേർന്നിരിക്കുന്നത്.

‘ ദഗ്ഗുബട്ടർലി വെഡ്ഡിംഗ്’ എന്ന് ക്യാപ്ഷൻ നൽകിയിരിക്കുന്ന കാർട്ടൂണിൽ റാണായും മിഹീഖയും പരസ്പരം ബ്രെഡും ബട്ടറും കൈമാറുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. രസകരമായ ആശംസയ്ക്ക് റാണ അമൂലിന് നന്ദിയും പറഞ്ഞിട്ടുണ്ട്.

ഇക്കഴിഞ്ഞ ആ​ഗസ്റ്റ് എട്ടിനാണ് റാണയും മിഹീകയും വിവാഹിതരായത്. ഹൈദരാബാദിൽ വച്ചായിരുന്നു റാണ- മിഹീക വിവാഹചടങ്ങുകൾ നടന്നത്.

മുപ്പതിൽ താഴെ അതിഥികൾ മാത്രമാണ് ചടങ്ങുകളിൽ സംബന്ധിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. എല്ലാ അതിഥികൾക്കും കോവിഡ് ടെസ്റ്റും നടത്തിയിരുന്നു.

റാണയുടെ അടുത്ത ബന്ധുക്കളായ നടി സാമന്ത അകിനേനി, ഭർത്താവും നടനുമായ നാ​ഗ ചെെതന്യ, നടൻ രാം ചരൺ, ഭാര്യ ഉപാസന എന്നിവരും വിവാഹത്തിൽ പങ്കെടുത്തു.

തെലുങ്കു നിർമാതാവ് സുരേഷ് ദഗ്ഗുബാട്ടിയുടെ മകനായ റാണ 2010 ലാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഡിപ്പാർട്ട്മെന്റ്, ബാഹുബലി, ​ഗാസി അറ്റാക്ക് തുടങ്ങി മുപ്പതോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ബിസിനസുകാരനായ സുരേഷ് ബജാജിന്റെയും ബണ്ടി ബജാജിന്റെയും മകളാണ് മിഹീക.

Content Highlights : Amul Wishes Rana And Miheeka On their wedding Viral Cartoon Celebrity Wedding

Content Highlights: