അമ്പതുവർഷമായി കൂടെയുണ്ട്, സഹോദരൻ മരിച്ചതിന്റെ മൂന്നാംദിവസം വന്നു; മേക്കപ്പ്മാനെക്കുറിച്ച് ബച്ചൻ

അമ്പതുവർഷമായി കൂടെയുള്ള മേക്കപ്പ്മാനെ കുറിച്ച് സംസാരിച്ച് ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ. സിനിമാ ഇൻഡസ്ട്രിയിൽ അമ്പത്തിയഞ്ച് വർഷമായി തുടരുന്ന ബച്ചനൊപ്പം കഴിഞ്ഞ അമ്പതുവർഷമായി തുടരുന്ന മേക്കപ്പ് മാൻ ദീപക് സാവന്തിനേക്കുറിച്ചാണ് ബച്ചൻ പങ്കുവെച്ചത്. കോൻ ബനേഗാ ക്രോർപതി എന്ന ഷോയുടെ ഇടവേളയ്ക്കിടെ ബച്ചൻ തന്നേക്കുറിച്ചുപറയുന്ന ഭാഗം ദീപക് തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
തൊഴിലിനോടുള്ള ദീപക്കിന്റെ ആത്മാർഥതയെ പ്രകീർത്തിച്ചാണ് ബച്ചൻ സംസാരിച്ചത്. ഷോയുടെ ഇടവേളയ്ക്കിടയിൽ തനിക്ക് ടച്ച്അപ് ചെയ്യാനെത്തവേയാണ് ദീപക്കിനേക്കുറിച്ച് പറഞ്ഞത്. അമ്പതുവർഷമായി തനിക്കൊപ്പമുള്ളയാളാണ് ദീപക് എന്നും ഈ അമ്പതുവർഷത്തിനിടയിൽ ഇരുന്നൂറോളം സിനിമകളിൽ ഒന്നിച്ച് പ്രവർത്തിച്ചുവെന്നും ബച്ചൻ പറഞ്ഞു. ഇതിനിടയിൽ തനിക്കൊപ്പം ദീപക് ഇല്ലാത്ത ഒരുദിവസം പോലുമുണ്ടായിട്ടില്ല. എന്തുസംഭവിച്ചാലും തൊഴിലിന് പ്രാമുഖ്യം നൽകുന്ന, കൃത്യസമയത്ത് എത്തുന്നയാളാണ് ദീപക് എന്നും ബച്ചൻ പറയുന്നു.
മൂന്നുദിവസം മുമ്പ് ദീപക്കിന്റെ സഹോദരൻ മരിച്ചുവെന്നും എന്നിട്ടും അദ്ദേഹം ജോലിക്കുവന്നുവെന്നും ബച്ചൻ പറഞ്ഞു ഇതാണ് യഥാർഥ പ്രതിബദ്ധതയെന്നും ബച്ചൻ കൂട്ടിച്ചേർത്തു.
ബച്ചന്റെ വാക്കുകളും അഭിനന്ദനങ്ങളും എപ്പോഴും തന്നെ വിനയാന്വിതനാക്കുന്നുവെന്ന് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ച് ദീപക് കുറിച്ചു. വളരെയധികം എളിമയും ബഹുമാനവും തന്റെ ടീമിനോട് സ്നേഹവുമുള്ള ഒരാൾക്കൊപ്പം ജോലിചെയ്യുക എന്നത് അനുഗ്രഹമാണെന്നും ദീപക് പറഞ്ഞു.
കോൻ ബനേഗാ ക്രോർപതിയുടെ പതിനേഴാം സീസണിന് വെള്ളിയാഴ്ചയാണ് തിരശീലയിട്ടത്. അടുത്ത സീസണിലും ബച്ചൻ തന്നെ അവതാരകനായെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Content Highlights: Amitabh Bachchan shares heartfelt appreciation for his makeup artist, Deepak Sawant, who has been with him for 50 years and over 200 films.