ഓരോ സിനിമയും ഏത് സിനിമയില്‍ നിന്നാണ് ഇന്‍സ്പയറായതെന്ന് അമല്‍ കൃത്യമായി പറയാറുണ്ട്- ജ്യോതിര്‍മയി

ആദ്യ ചിത്രമായ ബിഗ് ബിയിലൂടെ തന്നെ ആരാധകരുടെ വലിയ പ്രശംസ പിടിച്ചുപറ്റിയ സംവിധായകനാണ് അമല്‍ നീരദ്. തുടര്‍ന്നു വന്ന സാഗര്‍ ഏലിയാസ് ജാക്കി, അന്‍വര്‍, ബാച്ചിലര്‍ പാര്‍ട്ടി, ഇയോബിന്റെ പുസ്തകം, സിഐഎ, വരത്തന്‍, ഭീഷ്മപര്‍വം തുടങ്ങിയ ചിത്രങ്ങളെല്ലാം ആരാധകരുടെ മനസില്‍ ഇടംപിടിച്ചവയായിരുന്നു.
ഫിലിം മേക്കിങ്ങിലെ അമല്‍ നീരദ് ടച്ച് ഇഷ്ടപ്പെടുന്ന ഒരു വലിയ വിഭാഗമുള്ളപ്പോള്‍ വിമര്‍ശകരും കുറവല്ലായിരുന്നു. വിദേശ ചിത്രങ്ങളെ ഇന്‍സ്പയര്‍ ചെയ്യുന്നു എന്നതായിരുന്നു വലിയ ആരോപണം. എന്നാലിപ്പോള്‍ അതിന് മറുപടി നല്‍കുകയാണ് അമല്‍ നീരദിന്റെ ജീവതപങ്കാളിയും
നടിയുമായ ജ്യോതിര്‍മയി.
ഓരോ സിനിമ ഇറങ്ങുമ്പോഴും ഏത് സിനിമയില്‍ നിന്നാണ് ഇന്‍സ്പയറായതെന്ന് അമല്‍ നീരദ് കൃത്യമായി പറയാറുണ്ടെന്ന് ജ്യോതിര്‍മയി വ്യക്തമാക്കി. ഇക്കാര്യം ആരും കണ്ടുപിടിച്ച് പറയുന്നതല്ലെന്നും അമല്‍ തന്നെ പറയാറുണ്ടെന്നും ജ്യോതിര്‍മയി പറഞ്ഞു. ഒരു യൂട്യൂബ് ചാലനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
'അമല്‍ മാത്രമല്ല, പല ഫിലിം മേക്കേഴ്‌സും അത് ചെയ്യാറുണ്ട്. ഫിലിമില്‍ ആദ്യമായി വരുന്നവര്‍ നമ്മളല്ലല്ലോ? മുന്നേ കുറേ അധികമാളുകള്‍ സിനിമ ചെയ്തുവെച്ചിട്ടുണ്ട്. അവരുടെ കണ്ടിട്ടായിരിക്കാം സിനിമയോട് ഇഷ്ടവും പാഷനുമുണ്ടായി ഈ ഫീല്‍ഡിലേക്ക് വന്നത്. അപ്പോള്‍ നമ്മളെ തീര്‍ച്ചയായും ഇന്‍സ്‌പെയര്‍ ചെയ്യുമല്ലോ?'- അവര്‍ പറഞ്ഞു.
കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ 'ബോഗയ്ന്‍വില്ല'യാണ് അമല്‍ നീരദ് സംവിധാനം ചെയ്ത് അവസാനം തിയേറ്ററിലെത്തിയ ചിത്രം.
Content Highlights: Amal Neerads wife Jyothirmayi responds Inspiration criticism