‘ഹാപ്പി’ റീ-റിലീസ് ആഘോഷമാക്കി അനശ്വര രാജൻ, തിയേറ്ററിനകത്ത് നൃത്തം ചെയ്യുന്ന വീഡിയോ വൈറൽ

#മൂവി ഡെസ്ക്
അനശ്വര രാജൻ, ഹാപ്പി എന്ന ചിത്രത്തിൽ അല്ലു അർജുൻ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, മാതൃഭൂമി ആർക്കൈവ്സ്
അനശ്വര രാജൻ, ഹാപ്പി എന്ന ചിത്രത്തിൽ അല്ലു അർജുൻ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, മാതൃഭൂമി ആർക്കൈവ്സ്

കേരളത്തിലെ തിയേറ്ററുകളിൽ തരംഗമാകുകയാണ് അല്ലു അർജുൻ നായകനായ ഹാപ്പി എന്ന ചിത്രത്തിന്റെ റീ-റിലീസ്. സിനിമയിലെ ഓരോ രംഗവും ഗാനവും പ്രേക്ഷകർ ആഘോഷമാക്കുന്നതിന്റെ ദൃശ്യങ്ങൾ അനുദിനം സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊന്ന് ശ്രദ്ധനേടുകയാണ്. നടി അനശ്വര രാജനാണ് ഹാപ്പിയുടെ റീ-റിലീസ് ആഘോഷമാക്കുന്നത്. സിനിമയിലെ ഒരു ഗാനരംഗത്തിനൊപ്പം തിയേറ്ററിനകത്ത് നൃത്തം ചെയ്യുന്ന അനശ്വരയുടെ വീഡിയോ വൈറലായിരിക്കുകയാണ്.

തന്റെ സഹോദരി ഐശ്വര്യയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് അനശ്വര സിനിമ കാണാനെത്തിയത്. തിയേറ്ററിനുള്ളിലെ ഈ മനോഹരമായ നിമിഷങ്ങൾ ഐശ്വര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. "തിയേറ്ററുകളിൽ കുട്ടിക്കാലത്തെ ജ്യൂക്ക്ബോക്സ്" എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോയിൽ, സ്ക്രീനിന് മുന്നിൽ ആരാധകർക്കൊപ്പം നൃത്തം ചെയ്യുന്ന അനശ്വരയെയും സഹോദരിയെയും കാണാം. ചിത്രത്തിലെ ഗാനങ്ങൾക്ക് ഇന്നും കേരളത്തിൽ വലിയ സ്വീകാര്യതയുണ്ടെന്ന് ഈ ആഘോഷങ്ങൾ തെളിയിക്കുന്നു.

എ. കരുണാകരൻ സംവിധാനം ചെയ്ത 'ഹാപ്പി' 2006-ലാണ് ആദ്യമായി പുറത്തിറങ്ങിയത്. കേരളത്തിൽ 'ഹാപ്പി ബി ഹാപ്പി' എന്ന പേരിൽ മൊഴിമാറ്റിയെത്തിയ ഈ ചിത്രം 175 ദിവസത്തിലധികം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് വലിയ വിജയം നേടിയിരുന്നു. കേരളത്തിൽ അല്ലു അർജുന് വലിയൊരു ആരാധകവൃന്ദം ഉണ്ടാക്കിയെടുക്കുന്നതിൽ ഈ റൊമാന്റിക് ആക്ഷൻ കോമഡി ചിത്രം നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. രഥക് ആർട്സിന്റെ ഖാദർ ഹസ്സൻ ആണ് ഈ ചിത്രം ഡിജിറ്റലായി പുതുക്കി 4K രൂപത്തിൽ വീണ്ടും തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.

ജൂൺ 11-ന് റീ-റിലീസ് ചെയ്ത ചിത്രത്തിന് കേരളത്തിലുടനീളം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ട്രേഡ് റിപ്പോർട്ടുകൾ പ്രകാരം, റീ-റിലീസ് ചെയ്ത ആദ്യ ദിനം മാത്രം ചിത്രം കേരളത്തിൽ നിന്ന് ഏകദേശം 27 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ ഗ്രോസ് കളക്ഷൻ നേടിയതായാണ് സൂചന.

'വിത്ത് ലവ്' എന്ന തമിഴ് റൊമാന്റിക് കോമഡി ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. റോഷൻ മേക്കയുടെ 'ചാമ്പ്യൻ' എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ച അനശ്വര, 'ഇറ്റ്‌ലു അർജുന' എന്ന ചിത്രത്തിലും ചിരഞ്ജീവി നായകനാകുന്ന ബോബി കൊല്ലിയുടെ പുതിയ ചിത്രത്തിലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlights: Malayalam actress Anaswara Rajan's energetic dance inside a packed cinema theater during the 4K re-release of Allu Arjun's 2006 blockbuster Happy has gone viral on social media, even as the film dominates the Kerala box office with huge collections.