ദിലീപിനെ പിന്തുണച്ച എനിക്ക് നാദിർഷ ആശംസ പോലും നൽകിയില്ല; പിഷാരടിക്ക് പ്രോഗ്രാം ചെയ്തു-അഖിൽ മാരാർ

സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽനിന്ന് വിട്ടുനിൽക്കുമെന്ന സൂചന നൽകി നടനും സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. അനാവശ്യമായി മറ്റുള്ളവർക്കുവേണ്ടി സംസാരിച്ച് താൻ ഒരുപാടുപേരെ വെറുപ്പിച്ചുവെന്ന് അഖിൽ കുറിച്ചു. തന്റെ ശബ്ദം ഇനി തനിക്കുവേണ്ടി മാത്രമായി ഒതുക്കി സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കുമെന്നും അഖിൽ വ്യക്തമാക്കി. വിവിധ വിഷയങ്ങളിൽ താൻ സ്വീകരിച്ച നിലപാടും ഏറ്റ തിരിച്ചടികളും അക്കമിട്ട് നിരത്തിയാണ് അഖിലിന്റെ പോസ്റ്റ്.
അഖിൽ മാരാറുടെ കുറിപ്പിന്റെ പൂർണരൂപം:
ഞാൻ ആലോചിക്കാറുണ്ട് സത്യത്തിൽ ഞാൻ എന്ത് തെറ്റാണു ചെയ്തതെന്ന്..
അഖിൽ എന്നെ സഹായിച്ചിട്ടുണ്ട് എന്നല്ലാതെ അവൻ എന്നെ ചതിച്ചവൻ ആണെന്ന് ഒരാൾ പോലും പറയില്ല..
അനാവശ്യമായി മറ്റുള്ളവർക്ക് വേണ്ടി സംസാരിച്ചു ഒരുപാട് പേരെ വെറുപ്പിച്ചു..
ഏറ്റവും കൂടുതൽ വെറുപ്പ് എനിക്ക് കിട്ടിയ ഒരു വിഷയമായിരുന്നു ദിലീപിനെ പിന്തുണച്ചത്.. അന്ന് കുറെ പേര് പറഞ്ഞു ഞാൻ പണം വാങ്ങി സംസാരിക്കുന്നു എന്ന്..
തെണ്ടി തിരിഞ്ഞു കുത്തുപാള എടുത്തു നിന്ന നാളിൽ പോലും എനിക്കൊരു 5000 രൂപ വേണം എന്ന് ഞാൻ ആരോടും ചോദിച്ചിട്ടില്ല.. ദിലീപ് വിഷയത്തിൽ അയാളിൽ ഒരു സത്യം ഉണ്ടെന്ന് കരുതി സമൂഹം അയാളെ ഇല്ലാതാക്കാൻ നോക്കുന്നു എന്ന് കണ്ടു മാത്രം പിന്തുണച്ചു..
ദിലീപിന് വേണ്ടി പല തവണ എന്നെ വിളിച്ചിട്ടുള്ള നാദിർഷ ദിലീപിന്റെ ജീവിതം തകർത്ത പി.ടി. തോമസിന്റെ ഭാര്യ മത്സരിക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വോട്ടർ ആയിട്ട് കൂടി എനിക്കൊരു ആശംസ പോലും നൽകിയില്ല എന്ന് മാത്രമല്ല പിഷാരടിക്ക് വേണ്ടി പ്രോഗ്രാം ചെയ്തു കൊടുക്കാൻ പോയി..
തോൽക്കാൻ പോകുന്നവന് എന്ത് ആശംസ
അതായിരുന്നു ചിന്ത..
രാമക്ഷേത്രത്തിൽ ക്ഷണിച്ചിട്ട് പോലും പോകാത്ത ഞാൻ വേടന്റെ രാമനെ കുറിച്ചുള്ള പ്രസ്താവനയിൽ എതിർത്തു.. അതോടെ ദളിത് സമൂഹം അനാവശ്യമായി എന്റെ ശത്രുവായി.. സത്യത്തിൽ വേടന് എന്നെയും എനിക്ക് വേടനെയും വലിയ ഇഷ്ടമാണ്.. ഞങ്ങൾ വിളിച്ചു സംസാരിക്കുന്നവരാണ്..
എന്റെ നാട്ടിൽ ഭൂരിപക്ഷം വരുന്ന എൻ.എസ്.എസിനെ എതിർത്തു കെ.പി.എം.എസിന് വേണ്ടി സംസാരിച്ചതായിരുന്നു കോൺഗ്രസിൽ ഉള്ള കാലം എനിക്ക് പുറത്തുപോകേണ്ടി വന്ന കാരണങ്ങളുടെ തുടക്കം..
80% നായർ അംഗങ്ങൾ ഉള്ള കോട്ടത്തലയിൽ എന്റെ സുഹൃത്തുക്കളുടെ ഉൾപ്പെടെ ശത്രുത എനിക്ക് കിട്ടിയപ്പോഴും ഞാൻ സത്യത്തിനൊപ്പം ആണെന്ന ചിന്ത മാത്രം ആയിരുന്നു എന്റെ ധൈര്യം..
പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ പല തീരുമാനങ്ങളും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന് കണ്ടപ്പോൾ മുഖ്യമന്ത്രിയെ ശക്തമായി എതിർത്തു..
അതിന്റെ പേരിൽ സർക്കാരിന്റെയും പാർട്ടിയുടെയും ശത്രു ആയി..
ഇന്ത്യ- പാകിസ്ഥാൻ സംഘർഷത്തിൽ അമേരിക്കൻ ഇടപെടലിൽ പിന്മാറിയ മോദിയുടെ രീതി ഭാരതീയന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒന്നയപ്പോൾ അതിനെ ശക്തമായി എതിർത്തു.. ഫലമോ ബി.എൻ.എസ്. പ്രകാരം കേരളത്തിലെ ആദ്യത്തെ രാജ്യദ്രോഹി..
അതെ ബിജെപി ക്കാർ ഇന്ന് ജാൻമണിയും മറ്റ് ചില യൂട്യൂബർമാരും തീവ്ര പ്രസ്താവനകൾ നടത്തിയപ്പോൾ കൊടുത്ത കേസുകൾ വെറും സ്റ്റേഷൻ ജാമ്യം കിട്ടുന്നവ.. അത്രയ്ക്ക് ദേഷ്യം ബിജെപിക്കാർക്ക് എന്നോടുണ്ട്..
എമ്പുരാൻ വിഷയത്തിൽ പൃഥ്വിരാജ് ചെയ്തത് ശരിയല്ല എന്ന് പറഞ്ഞത് കേരളത്തിൽ സമാധാനമായി ജീവിക്കുന്ന മനുഷ്യർ ഒരു സിനിമയുടെ പേരിൽ തമ്മിൽ അടിക്കരുത് എന്ന് ചിന്തിച്ചിട്ടാണ്..
ദിവസേന പല പ്രശ്നങ്ങൾ പറഞ്ഞു എന്നെ വിളിക്കുന്ന കൊട്ടാരക്കരയിലെ എന്റെ നാട്ടുകാർക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യണം എന്ന ചിന്ത മാത്രമാണ് അവിടെ മത്സരിക്കണം എന്ന് ചിന്തിപ്പിച്ചത്..
രണ്ടര വർഷങ്ങൾക്ക് മുൻപ് കൊച്ചിയിൽ ഫ്ലാറ്റ് വാങ്ങിയിട്ടും എന്റെ അഡ്രസ്സ് ഇന്നും കോട്ടത്തലയിലെ ആണ്.. എന്റെ വാഹനം രജിസ്റ്റർ ചെയ്യുന്നത് KL 24 ആണ്.. ആ നാട് എനിക്കൊന്നും തന്നിട്ടില്ലെങ്കിലും എന്റെ മഹാ ഗണപതിയുടെ മണ്ണിൽ എന്തെങ്കിലും ചെയ്യണം എന്ന ചിന്ത.. പക്ഷെ ഞാൻ അത് പൂർണമായും ഉപേക്ഷിക്കുകയാണ്..
അവനവനു വേണ്ടിയല്ലാതെ അപരന് വേണ്ടി സംസാരിച്ചു ശത്രുക്കളെ ഉണ്ടാക്കിയ എനിക്ക് നാളിതുവരെ എന്താ യാതൊരു പ്രശ്നങ്ങളും ഇല്ലാതെ സന്തോഷത്തോടെ മുന്നോട്ടുപോകാൻ കഴിയുന്നതെന്ന് ചോദിച്ചാൽ എന്റെ സത്യം തിരിച്ചറിയുന്ന ഒരു ശക്തി എന്റെ കൂടെയുണ്ട്..
വിരലിൽ എണ്ണാവുന്ന കൂട്ടുകാർ മാത്രമേ അന്നും ഇന്നും ഉള്ളൂ..
എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രമായി ഒതുക്കി സന്തോഷത്തോടെ ഞാൻ എന്റെ കുടുംബത്തിന് വേണ്ടി ജീവിക്കും..
Content Highlights: Bigg Boss title winner Akhil Marar announced through a detailed Facebook post that he is withdrawing from all social and political commentary to focus solely on his family. He expressed disappointment towards director Nadirsha for not offering him support during his election campaign despite Marar previously standing up for actor Dileep. Marar enumerated various controversies where his vocal stances—ranging from criticizing CM Pinarayi Vijayan and PM Narendra Modi to defending KPMS—earned him widespread political and social hostility. He officially declared his complete withdrawal from contesting elections or engaging in public welfare activities in his hometown of Kottarakkara. Concluding the emotional post, Marar stated that he will restrict his voice for his personal well-being and live happily with the few true friends and family who support him.