വിവാദങ്ങൾക്കൊടുവിൽ അയിഷ സുൽത്താന ഒരുക്കിയ 'ഫ്ലഷ്' തിയേറ്ററുകളിലേക്ക്;റിലീസ് പ്രഖ്യാപിച്ച് നിർമാതാവ്

അയിഷ സുൽത്താന സംവിധാനം ചെയ്ത 'ഫ്ലഷ്' ജൂൺ 16-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ചിത്രത്തിൻ്റെ നിർമ്മാതാവ് ബീനാ കാസിം കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏറെ വിവാദങ്ങൾക്കൊടുവിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കും എതിരെയുള്ള പരാമർശങ്ങൾ ഉള്ളത് കൊണ്ട് ബി.ജെ.പി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറിയുടെ ഭാര്യ കൂടിയായ നിർമ്മാതാവ് തന്റെ സിനിമ തടഞ്ഞു വെക്കുന്നുവെന്നാണ് സിനിമയുടെ സംവിധായിക അയിഷ സുൽത്താനാ ആരോപിച്ചിരുന്നത്. ഇതിന് മറുപടിയെന്നോണമാണ് നിർമാതാവ് ബീനാ കാസിം വാർത്താ സമ്മേളനം നടത്തിയത്.
'ഞാൻ ബി.ജെ.പി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറിയുടെ ഭാര്യ ആയിട്ട് കൂടി തന്നെയാണ് അയിഷ സുൽത്താന കൊണ്ടുവന്ന കഥയ്ക്ക് പണം മുടക്കാൻ തീരുമാനിച്ചത്'. അതിന് കാരണം ലക്ഷദ്വീപിൽ നിന്നുള്ള ഒരു പെൺകുട്ടി ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നു വരുന്നതിനെ പ്രോത്സാഹിപ്പിക്കാനും ഒരു സ്ത്രീ എന്നുള്ള നിലയ്ക്ക് സ്ത്രീകളെ കുറിച്ച്, സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പറയുന്ന ഒരു സിനിമ സമൂഹത്തിലേക്ക് എത്തിക്കാനും കൂടിയാണ്.
പിന്നീട് സിനിമ ചിത്രീകരണം കഴിഞ്ഞ് കൊച്ചിയിൽ വെച്ച് എഡിറ്റിങ് നടക്കുന്ന സമയത്ത് സിനിമയുടെ കുറച്ച് ഭാഗം കണ്ടിരുന്നു. അത് കഴിഞ്ഞ് കോഴിക്കോട് വെച്ച് നടന്ന വനിതാ ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് 'ഫ്ലഷ്' എന്ന എൻ്റെ സിനിമ ഞാൻ പൂർണ്ണമായിട്ട് കണ്ടത്. മുൻപ് എന്നോട് പറഞ്ഞ കഥയിൽ നിന്നും വളരെ വ്യത്യസ്തമായ പല കാര്യങ്ങളും അയിഷ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു എന്ന് അപ്പോഴാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. നല്ല ഉദ്ദേശത്തോടെ പണം മുടക്കിയ എൻ്റെ സിനിമയിൽ ആവശ്യമില്ലാത്ത രാഷ്ട്രീയ ശത്രുതക്കളെ എനിക്ക് ഉണ്ടാക്കി കൊണ്ട് എന്നെ മനപൂർവ്വം ഉപദ്രിവിക്കാൻ അയിഷ ശ്രമിച്ചിരിക്കുന്നു എന്ന് മനസിലായി. ഇതേ ചൊല്ലിയാണ് ഞാനും സംവിധായികയും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ തുടങ്ങിയത്. പിന്നീട് നിരന്തരം അയിഷ സുൽത്താന എന്നെയും എൻ്റെ ഭർത്താവിനെയും കുറിച്ച് സോഷ്യൽ മീഡിയിലും മാധ്യമങ്ങളിലും വന്ന് ഞങ്ങൾക്കെതിരെ അപവാദങ്ങൾ പറഞ്ഞുകൊണ്ടേ ഇരുന്നു. അപ്പോഴൊന്നും ഞങ്ങൾ തിരിച്ച് പ്രതികരിച്ചില്ല.
എൻ്റെ ഭർത്താവ് ബി.ജെ.പി ജനറൽ സെക്രട്ടറി ആയത് കൊണ്ട് ബി.ജെ.പി ക്ക് എതിരേ സംസാരിക്കുന്ന ഈ 'ഫ്ലഷ് 'എന്ന സിനിമ റിലീസ് ചെയ്യാൻ സമ്മതിക്കുന്നില്ലെന്നും, എൻ്റെ കഷ്ടപ്പാടിനെ അവഹേളിക്കുന്നു എന്നുമൊക്കെയുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഞങ്ങളുടെ മുകളിൽ ആരോപിച്ച് കൊണ്ട് ഇത്രയും പണം മുടക്കിയ ഞങ്ങളെ ആയിഷ സമൂഹത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കുന്നത് ഇനിയും കണ്ടിരിക്കാൻ കഴിയില്ല. അത് കൊണ്ടാണ് ഞാൻ മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ തീരുമാനിച്ചത്.
സത്യത്തിൽ ഈ സിനിമയുടെ റിലീസ് ഞങ്ങൾ പണ്ടേതന്നെ നിശ്ചയിച്ചിരുന്നതാണ്. ഇക്കാര്യം അയിഷ സുത്താനയ്ക്കും നന്നായിട്ട് അറിയാവുന്ന കാര്യമായിട്ടും വീണ്ടും ഞങ്ങളെ വിവാദങ്ങളിലേക്ക് എന്ത് കൊണ്ടാണ് വലിച്ച് ഇഴക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. എന്തായാലും ഈ മാസം 16-ന് തന്നെ സിനിമ തിയേറ്ററുകളിൽ എത്തിക്കാൻ തീരുമാനിച്ചു. അത് അയിഷ സുൽത്താനയ്ക്ക് മുന്നിൽ അടിയറവ് പറയുന്നതല്ല. അയിഷ ഇത്രയും വിവാദം ഉണ്ടാക്കിയ തരത്തിൽ എന്തെങ്കിലുമുണ്ടോ എന്ന് ഈ സിനിമ കണ്ട് ജനം തീരുമാനിക്കട്ടെ. സിനിമ ജനങ്ങൾക്ക് മുന്നിലേക്ക് വെക്കുന്നു', ബീനാ കാസിം പറഞ്ഞു. അഡ്വ: ആറ്റബി ടി.കെ യും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. പി.ആർ.ഒ - പി.ആർ സുമേരൻ.
Content Highlights: Aisha sultana Lakshadweep based movie flush movie controversy flush release date announced