കാപ്പിയെച്ചൊല്ലി തർക്കം, പിന്നാലെ വിവാഹേതരബന്ധ ആരോപണം; ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതിയുമായി നടി

#Movies Desk
അദിതി ശർമ | Photo: Instagram/ Aditi Sharma
അദിതി ശർമ | Photo: Instagram/ Aditi Sharma

ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഗുരുതര ഗാർഹിക പീഡന ആരോപണവുമായി ടെലിവിഷൻ നടി അദിതി ശർമ. ശാരീരികവും മാനസികവുമായ പീഡനം, അധിക്ഷേപം, സ്വർണാഭരണങ്ങൾ തട്ടിയെടുക്കൽ എന്നീ ആരോപണങ്ങളുമായി നടി പോലീസിനെ സമീപിച്ചു. നടിയുടെ പരാതിയിൽ മുംബൈയിലെ ഗോരേഗാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജൂലൈ 31-നാണ് കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.

അദിതിയുടെ ഭർത്താവ് അഭിനീത് വിദ്യാനന്ദ് കൗശിക്, ഭർതൃമാതാവ് ഉർമിള കൗശിക് (65), ഭർതൃസഹോദരി കീർത്തി കൗശിക് (29) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 85, വഞ്ചനയ്ക്കുള്ള സെക്ഷൻ 316(2), മനഃപൂർവം അപമാനിക്കലിനുള്ള സെക്ഷൻ 352 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ.

തന്റെ വിവാഹാഭരണങ്ങളായ സ്വർണ്ണമാലകൾ, മോതിരങ്ങൾ, ഡയമണ്ട് മോതിരം, താലി, വളകൾ എന്നിവ ഭർതൃമാതാവ് കൈവശപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും അവ തിരികെ നൽകിയില്ലെന്നും അദിതി ആരോപിച്ചു.

2021 ജൂണിൽ ഒരു ഓൺലൈൻ ആക്ടിങ് കോഴ്‌സിനിടെയാണ് തങ്ങൾ പരിചയപ്പെട്ടതെന്ന് അദിതി പരാതിയിൽ പറയുന്നു. അഭിനീതുമായുള്ള സൗഹൃദം പിന്നീട് പ്രണയമായി. 2024 സെപ്റ്റംബറിൽ ഗോരേഗാവ് വെസ്റ്റിൽ വാടകവീട്ടിലേക്ക് മാറുകയും 2024 നവംബർ 12-ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വിവാഹിതരാവുകയും ചെയ്തു.

എന്നാൽ വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം ഭർത്താവിന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ പ്രകടമായതായി നടിയുടെ പരാതിയിൽ പറയുന്നു. വസ്ത്രധാരണത്തെച്ചൊല്ലിയും നിസ്സാര കാര്യങ്ങൾ പറഞ്ഞും തർക്കങ്ങൾ പതിവായി. വീട്ടുചെലവുകൾ പങ്കിടുമെന്നായിരുന്നു ധാരണ. എന്നാൽ, ഭർത്താവ് തന്റെ പക്കൽ നിന്ന് പണം ആവശ്യപ്പെട്ടിരുന്നുവെന്നും നടി ആരോപിച്ചു.

2025 ജനുവരി ഒന്നിന് കാപ്പിയെച്ചൊല്ലിയുണ്ടായ തർക്കം അക്രമത്തിൽ കലാശിച്ചതോടെ സ്ഥിതി വഷളായി. ഭർത്താവ് തന്റെ സ്വഭാവത്തെ സംശയിക്കാൻ തുടങ്ങുകയും, വിവാഹേതരബന്ധം ആരോപിക്കുകയും ചെയ്തു. ഫോൺ നിരന്തരം പരിശോധിച്ചു. താമസം മറ്റൊരു മുറിയിലേക്ക് മാറ്റിയതായും അദിതി ആരോപിക്കുന്നു.

പ്രശ്‌നങ്ങൾ രൂക്ഷമായപ്പോൾ ഭർത്താവ് അമ്മയെയും സഹോദരിയെയും വിളിച്ചുവരുത്തി. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു പകരം അവർ മാനസികമായി അധിക്ഷേപിച്ചുവെന്നും പരാതിയിൽ പറയുന്നു.

ഗോരേഗാവ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ അമിത മറാഠെയുടെ നേതൃത്വത്തിൽ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആരോപണങ്ങളിൽ അഭിനീതിന്റെ കുടുംബം പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ മാർച്ചിൽ അദിതിക്ക് സഹനടനായ സമർഥ് ഗുപ്തയുമായി ബന്ധമുണ്ടെന്ന് അഭിനീത് ആരോപിച്ചത് വിവാദമായിരുന്നു. അദിതി തന്നോട് 25 ലക്ഷം രൂപ വിവാഹമോചന നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതായും, തങ്ങളുടെ വിവാഹം ഒരു നാടകമായിരുന്നുവെന്ന് നടി അവകാശപ്പെട്ടതായും അഭിനീത് ആരോപിച്ചിരുന്നു.

Content Highlights: Television actress Aditi Sharma has filed a domestic violence complaint with Mumbai's Goregaon Police against her husband, Abhineet Vidyanand Kaushik, and his family. The complaint details allegations of physical and mental harassment, verbal abuse, financial pressure, and the withholding of her wedding jewelry. The conflict reportedly escalated from minor daily arguments, including a dispute over coffee, leading to allegations of extra-marital affairs and constant monitoring of her phone. Police have registered a case under relevant sections of the Bharatiya Nyaya Sanhita (BNS) covering domestic abuse, breach of trust, and intentional insult. While the police investigation is currently underway without any arrests, the husband's family has not yet officially responded to the accusations.