സുശാന്തിന്റെ മരണശേഷമുണ്ടായ ട്രോമ ഇന്നും മാറിയിട്ടില്ല, അതൊന്നും അത്ര പെട്ടന്ന് മറക്കാനാകില്ല -റിയ

നടൻ സുശാന്ത് സിംഗ് രജ്പുത്ത് മരിച്ച് അഞ്ച് വർഷങ്ങൾക്ക് ശേഷം ജീവിതം പുനർനിർമ്മിക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും സുഖപ്പെടുത്തുന്നതിനെക്കുറിച്ചും സംസാരിച്ച് നടി റിയ ചക്രബർത്തി. ഒരു അഭിമുഖത്തിൽ സംസാരിക്കവെ, 33 കാരിയായ റിയ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) അനുഭവിച്ചാണ് ജീവിക്കുന്നതെന്ന് വെളിപ്പെടുത്തി. ദുരന്തത്തെത്തുടർന്ന് തൻ്റെ സഹോദരൻ ഷോവിക് ചക്രവർത്തിയും സമാനമായ മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നും അവർ പറഞ്ഞു.
2020-ൽ ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തെത്തുടർന്ന് റിയ ചക്രവർത്തിയുടെ ജീവിതം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) റിയയെ അറസ്റ്റ് ചെയ്യുകയും ജയിൽവാസം അനുഭവിക്കേണ്ടി വരികയും ചെയ്തു. സുശാന്തിന്റെ കുടുംബത്തിൽ നിന്നുള്ള ആരോപണങ്ങളും മാധ്യമങ്ങളുടെ നിരന്തരമായ വേട്ടയാടലും സാമൂഹികമായ ബഹിഷ്കരണവും റിയയുടെ ജീവിതത്തെ കീഴ്മേൽ മറിച്ചു. വർഷങ്ങൾക്ക് ശേഷം, ആ കയ്പ്പേറിയ അനുഭവങ്ങൾ തന്നെ എങ്ങനെ ബാധിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റിയ ഇപ്പോൾ.
നേഹ ധൂപിയയുടെ 'ഡബിൾ ഡേറ്റ്' എന്ന ചാറ്റ് ഷോയിൽ പങ്കെടുത്തപ്പോഴാണ് റിയ തന്റെ മാനസികാഘാതത്തെക്കുറിച്ച് മനസ്സ് തുറന്നത്. ആഘാതങ്ങൾ മനസ്സിനെ മാത്രമല്ല, ശരീരത്തെയും ബാധിക്കുമെന്ന് റിയ പറയുന്നു. "ഇതൊന്നും അത്ര പെട്ടെന്ന് മറക്കാൻ കഴിയുന്ന ഒന്നല്ല. ഇത് ഒരു ആഘാതമാണ്. അത് നിങ്ങളുടെ മനസ്സിലല്ലെങ്കിലും ശരീരത്തിൽ തങ്ങിനിൽക്കും. ഇതിനെ പി.ടി.എസ്.ഡി (PTSD) എന്ന് വിളിക്കുന്നു. നിങ്ങൾ ഇതിനായി തെറാപ്പി ചെയ്യുകയും അതിനെ നേരിടാൻ ശ്രമിക്കുകയും ചെയ്യുന്നു". രോഗശാന്തി എന്നത് പെട്ടെന്ന് എത്തുന്ന ഒരു ലക്ഷ്യസ്ഥാനമല്ലെന്നും അതൊരു തുടർച്ചയായ പ്രക്രിയയാണെന്നും അവർ കൂട്ടിച്ചേർത്തു.
റിയയുടെ സഹോദരൻ ഷോവിക് ചക്രവർത്തിയും ഈ പോരാട്ടത്തിൽ കൂടെയുണ്ടായിരുന്നു. മുൻപ് പഠനത്തിലും കരിയറിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഷോവിക്, ഐ.ഐ.എം (IIM), വാർട്ടൺ (Wharton) പോലുള്ള പ്രശസ്തമായ ബിസിനസ് സ്കൂളുകളിൽ പ്രവേശനം നേടാൻ ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നു. എന്നാൽ സുശാന്തിന്റെ മരണം അവരുടെ ജീവിതത്തിന്റെ ഗതി മാറ്റി. ഇന്നും താൻ പി.ടി.എസ്.ഡി അനുഭവിക്കുന്നുണ്ടെന്നും അപ്രതീക്ഷിതമായി വീടിന്റെ ബെൽ അടിക്കുമ്പോൾ പോലും പഴയ പേടിപ്പെടുത്തുന്ന അനുഭവങ്ങൾ ഓർമ്മവരുമെന്നും ഷോവിക് പറഞ്ഞു. ആ സമയത്തെ ബഹളങ്ങളും സമ്മർദ്ദങ്ങളും കാരണം ആരെങ്കിലും തങ്ങളെ പിടിക്കാൻ വരികയാണെന്ന തോന്നലാണ് ഓരോ ബെൽ ശബ്ദവും നൽകുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
പൊതുസമൂഹത്തിന്റെ കടുത്ത നിരീക്ഷണത്തിന് കീഴിൽ ഇത്തരം ഒരു പ്രതിസന്ധി നേരിടേണ്ടി വന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കിയെന്ന് റിയ വിശ്വസിക്കുന്നു. മറ്റുള്ളവരുടെ വ്യക്തിപരമായ പ്രയാസങ്ങൾ ലോകം അറിയാറില്ല, എന്നാൽ തങ്ങളുടെ കാര്യത്തിൽ അത് പരസ്യമായിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. "ഞങ്ങളുടേത് പരസ്യമായിരുന്നു, അതിനാൽ എല്ലാവർക്കും അതിനെക്കുറിച്ച് അറിയാം, എല്ലാവരും അതിനെക്കുറിച്ച് സംസാരിക്കുന്നു, അത് കുഴപ്പമില്ല" എന്നാണ് ഇതിനെക്കുറിച്ച് റിയ പ്രതികരിച്ചത്. നീണ്ട നാലഞ്ച് വർഷങ്ങൾ എടുത്താണ് ജീവിതത്തിൽ ചെറിയ തോതിലെങ്കിലും സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ ഇവർക്ക് സാധിച്ചത്.
നിലവിൽ നിയമപോരാട്ടങ്ങളിൽ നിന്ന് റിയയ്ക്ക് വലിയ ആശ്വാസം ലഭിച്ചിരിക്കുകയാണ്. സി.ബി.ഐ (CBI) സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിൽ റിയയെ എല്ലാ കുറ്റങ്ങളിൽ നിന്നും മുക്തയാക്കിയിട്ടുണ്ട്. ഇപ്പോൾ റിയ തന്റെ പോഡ്കാസ്റ്റിലൂടെയും പുതിയ ബിസിനസ്സ് സംരംഭങ്ങളിലൂടെയും പൊതുരംഗത്ത് സജീവമാകാൻ ശ്രമിക്കുകയാണ്. ട്രോമയിൽ നിന്ന് പൂർണ്ണമായി മുക്തി നേടിയിട്ടില്ലെങ്കിലും, അതിനെ അതിജീവിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് റിയ പങ്കുവെക്കുന്നത്. 'ചെഹ്രെ' (2021) എന്ന ചിത്രത്തിലാണ് റിയയെ അവസാനമായി വെള്ളിത്തിരയിൽ കണ്ടത്.
Content Highlights: Five years after the tragic demise of actor Sushant Singh Rajput, actress Rhea Chakraborty and her brother Shovik Chakraborty opened up about their ongoing battle with Post-Traumatic Stress Disorder (PTSD) and the intense public scrutiny that turned their lives upside down overnight.