'സിനിമയിലെ പല ഹീറോകളും രാത്രി മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്'; തുറന്നുപറഞ്ഞ് നടി മല്ലിക ഷെരാവത്ത്

ബോളിവുഡിലെ പല ഹീറോകളും തന്നെ രാത്രി മുറിയിലേക്ക് വിളിച്ചിട്ടുണ്ടെന്ന് നടി മല്ലിക ഷെരാവത്ത്. സിനിമയില്‍ സാഹസികമായ പല റോളുകളും കൈകാര്യം ചെയ്തിട്ടുള്ളതിനാല്‍ ഓഫ് സ്‌ക്രീനിലും താന്‍ വിട്ടുവീഴ്ചകള്‍ ചെയ്യുന്ന അത്തരമൊരു ആളാണെന്ന് കരുതിയാണ് പല താരങ്ങളും ഇങ്ങനെ പെരുമാറിയതെന്നും നടി വെളിപ്പെടുത്തി.
നടി മല്ലിക ഷെരാവത്ത് ഇക്കാര്യങ്ങളെല്ലാം തുറന്നുപറയുന്ന ഒരു വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോയിലാണ് പല നായകന്മാരും രാത്രിതന്നെ നേരില്‍കാണാന്‍ ക്ഷണിക്കുന്നത് സംബന്ധിച്ചും നടി വെളിപ്പെടുത്തുന്നത്. എന്നാല്‍, നടന്മാരുടെ ഇത്തരം ആവശ്യങ്ങള്‍ക്ക് താന്‍ വിസമ്മതിച്ചെന്നും മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്ന ആളല്ലെന്ന് അവരോട് വ്യക്തമാക്കിയെന്നും നടി വീഡിയോയില്‍ പറയുന്നു. നടന്മാരുടെ ആവശ്യങ്ങളോട് മുഖംതിരിച്ചതിനാല്‍ സിനിമാമേഖലയില്‍ താന്‍ മാറ്റിനിര്‍ത്തിപ്പെട്ടെന്നും മല്ലിക ഷെരാവത്ത് ആരോപിച്ചു.
''ചില നായകന്മാര്‍ എന്നെ വിളിച്ചിട്ട് രാത്രി വന്ന് കാണാന്‍ പറയും. ഞാന്‍ എന്തിന് രാത്രി നിങ്ങളെവന്ന് കാണണമെന്നാണ് അവരോട് ചോദിക്കാറുള്ളത്. അപ്പോള്‍ സ്‌ക്രീനില്‍ ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്യുന്ന ആളല്ലേ പിന്നെ രാത്രി വന്ന് കാണാന്‍ എന്താണ് പ്രശ്‌നമെന്നാണ് അവര്‍ പറയുക. അവരെല്ലാം എന്റെകാര്യത്തില്‍ സ്വാതന്ത്ര്യം എടുക്കുകയായിരുന്നു. സ്‌ക്രീനില്‍ ബോള്‍ഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഞാന്‍ ഇത്തരം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുമെന്നായിരുന്നു അവരുടെ ധാരണ. എന്നാല്‍, ഞാന്‍ അങ്ങനെയല്ല'', മല്ലിക ഷെരാവത്ത് പറഞ്ഞു.
2003-ലെ 'ഖ്വായിഷ്' എന്ന ചിത്രത്തിലൂടെയാണ് മല്ലിക സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2004- ല്‍ ഇറങ്ങിയ 'മര്‍ഡര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സീ സിനി പുരസ്‌കാരം ലഭിച്ചു. ബോക്സ് ഓഫീസിലും വലിയ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു അത്.
ജാക്കിച്ചാന്‍ നായകനായ 'മിത്ത്' എന്ന ഹോളിവുഡ് ചിത്രത്തിലും മല്ലിക അഭിനയിച്ചു. 2006- ലെ 'പ്യാര്‍ കെ സൈഡ് ഇഫക്ട്സ്' എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. മല്ലികയെ ഏഷ്യയിലെ 100 സുന്ദരികളില്‍ ഒരാളായി ഹോങ്കോങ്ങിലെ ഒരു ഫാഷന്‍ മാഗസിന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. രജത് കപൂര്‍ നായകനായ 2022-ല്‍ പുറത്തിറങ്ങിയ ആര്‍കെ/ആര്‍കെ എന്ന ചിത്രത്തിലാണ് മല്ലിക ഒടുവില്‍ വേഷമിട്ടത്.
Content Highlights: actress mallika sherawat reveals some heroes call her to meet them at night