റോഡിലിറങ്ങി ദശമൂലം ദാമുവും കിലേരി അച്ചുവും; പൂരപ്പറമ്പുകളിൽ പുതുമയായി ഹാസ്യകഥാപാത്രങ്ങൾ

കൊടകര സെയ്‌ന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ തിരുനാളിന് ടൗൺ അമ്പിന്റെ ഭാഗമായി സൗഹൃദ കലാവേദി വടക്കുംമുറിക്കുവേണ്ടി ഒരുക്കിയ ഹാസ്യ കഥാപാത്രങ്ങൾ. ഗുരുവായൂർ പേരകം സൗപർണിക കലാലയത്തിന്റേതാണ് കലാരൂപം
കൊടകര സെയ്‌ന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ തിരുനാളിന് ടൗൺ അമ്പിന്റെ ഭാഗമായി സൗഹൃദ കലാവേദി വടക്കുംമുറിക്കുവേണ്ടി ഒരുക്കിയ ഹാസ്യ കഥാപാത്രങ്ങൾ. ഗുരുവായൂർ പേരകം സൗപർണിക കലാലയത്തിന്റേതാണ് കലാരൂപം

ഗുരുവായൂർ: സിനിമകളിലൂടെ കുടുകുടാ ചിരിപ്പിച്ച ഹാസ്യകഥാപാത്രങ്ങൾ അതേ രൂപഭാവങ്ങളോടെ എത്തുകയാണ് പൂരപ്പറമ്പുകളിലേക്ക്‌. ‘പഞ്ചാബി ഹൗസി’ൽ ഹരിശ്രീ അശോകൻ അനശ്വരമാക്കിയ രമണൻ, ‘മണിച്ചിത്രത്താഴി’ലെ കുതിരവട്ടം പപ്പുവിന്റെ കാട്ടുപറമ്പൻ ചേട്ടൻ, ‘ചട്ടമ്പിനാടിൽ’ സുരാജ് വെഞ്ഞാറമ്മൂടിന്റെ ദശമൂലം ദാമു, ‘കൺകെട്ടി’ൽ മാമുക്കോയ വേഷമിട്ട കിലേരി അച്ചു, ‘ആട് ഒരു ഭീകര ജീവിയല്ല’യിലെ ജയസൂര്യയുടെ ഷാജി പാപ്പൻ എന്നീ കഥാപാത്രങ്ങളാണ് പുതിയ ട്രെൻഡായി മാറിയിരിക്കുന്നത്.

പത്തടി ഉയരമുള്ള കഥാപാത്രങ്ങൾ ഫൈബറിൽ നിർമിച്ച് ധരിക്കാവുന്നവിധമാണ്. ഗുരുവായൂരിനടുത്ത് പേരകം സൗപർണിക കലാലയമാണ് നിർമാതാക്കൾ. സൗപർണികയുടെ ഉടമ രാജേഷിനെ ഫോണിൽവിളിച്ച സുരാജ് വെഞ്ഞാറമ്മൂട്, ദശമൂലം ദാമുവിനെ വലിയരൂപത്തിൽ കണ്ടപ്പോൾ ചിരി സഹിക്കാനായില്ലെന്നാണ് പറഞ്ഞത്. മാർച്ച് ഒന്നിന് സുരാജിന്റെ നാട്ടിലെ പൂരത്തിന് അഞ്ച് കഥാപാത്രങ്ങളെ ഏൽപ്പിക്കുകയും ചെയ്തു.

ഉത്സവങ്ങളിൽ 25 വർഷത്തോളമായി തെയ്യക്കോലങ്ങൾ അവതരിപ്പിക്കുന്നവരാണിവർ. പ്രധാന ശില്പികളായ രാജേഷിന്റെയും കുരഞ്ഞിയൂർ വിനീത് കണ്ണന്റെയും നേതൃത്വത്തിൽ രണ്ടുമാസത്തിനുള്ളിലാണ് കഥാപാത്രങ്ങൾ തയ്യാറായത്.

ഗജരത്നം ഗുരുവായൂർ പദ്മനാഭന്റേതുൾപ്പെടെ പ്രശസ്തമായ ഒട്ടേറെ ശില്പങ്ങൾ നിർമിച്ചവരാണിവർ. രാജീവ് പേരകം (രമണൻ), ഭാസ്‌കരൻ ഞമനേങ്ങാട്(ദശമൂലം ദാമു), ബൈജു വെങ്കിടങ്ങ്(ഷാജി പാപ്പൻ), രഞ്ജിത്ത് പേരകം (കീലേരി അച്ചു), ചന്ദ്രൻ ആലുംപടി (കാട്ടുപറമ്പൻ) എന്നിവരാണ് ഓരോ വേഷവും കൈകാര്യംചെയ്യുന്നത്. കഥാപാത്രങ്ങൾക്കൊപ്പം സൂപ്പർഹിറ്റ് ഡയലോഗുകൾ റെക്കോഡ്‌ ചെയ്ത് അവതരിപ്പിക്കുന്നത് പൂരപ്പറമ്പുകളെ ആവേശമാക്കുന്നുണ്ട്.ഇന്നസെന്റ്‌, സലീംകുമാർ, ജഗതി എന്നിവരുടെ രൂപങ്ങളും ഉടൻവരും.

Content Highlights: actors viral troll memes