ജോണി വാക്കറിലെ ഷെല്ലി; നടൻ റോബിൻ വർഗീസ് അന്തരിച്ചു

തിരുവല്ല: ജയരാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ജോണി വാക്കറിലൂടെ പ്രശസ്തനായ നടൻ റോബിൻ വർഗീസ് (56) കാലിഫോർണിയയിൽ അന്തരിച്ചു. ജോണി വാക്കറിലെ ഷെല്ലി എന്ന കഥാപാത്രത്തിലൂടെയാണ് റോബിൻ പ്രശസ്തനായത്. കവിയൂർ മുണ്ട്യേപ്പള്ളി തേരാട്ട് ടി.വി.വർഗീസിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്. നാലു വർഷമായി കുടുംബസമേതം കാലിഫോർണിയയിലാണ് താമസം.
കൊച്ചിൻ കോറസ് എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് റോബിൻ കലാരംഗത്ത് സജീവമാവുന്നത്. ഇതിനിടയിലാണ് ജോണി വാക്കറിൽ ഷെല്ലിയുടെ വേഷം ലഭിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരന്റെ കൂട്ടുകാരനാണ് ഷെല്ലി. ഇതിനുശേഷം സോളമന്റെ മണവാട്ടി എന്നൊരു ചിത്രത്തിൽ കൂടി റോബിൻ വേഷമിട്ടു. ഏതാനും കന്നഡ ചിത്രങ്ങളിലും ചില ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: ജോസി. മക്കൾ: എമി, എർലിൻ. സംസ്കാരം ന്യൂയോർക്കിൽ.