പ്രതാപ് പോത്തന്‍ അന്തരിച്ചു

Prathap Pothen

ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (69)അന്തരിച്ചു. ചെന്നൈയിലെ ഫ്ളാറ്റിൽ രാവിലെ വീട്ടുസഹായി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മുപ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

സിനിമയ്ക്ക് പുറമെ പരസ്യകാലരംഗത്തും സജീവമായിരുന്നു. ആരവമാണ് ആദ്യമായി അഭിനയിച്ച സിനിമ. അവസാനം പുറത്തുവന്ന സിനിമ സിബിഐ 5 ആണ്. കലണ്ടർ, അയാളും ഞാനും തമ്മിൽ, 3 ഡോട്സ്, ആറു സുന്ദരിമാരുടെ കഥ, അരികിൽ ഒരാൾ, ഇടുക്കി ഗോൾഡ്, ലണ്ടൻ ബ്രിഡ്ജ്, ബാംഗ്ലൂർ ഡെയ്സ്, മുന്നറിയിപ്പ്, വേഗം, മറിയം മുക്ക്, അപ്പവും വീഞ്ഞും, കനൽ, എസ്ര, ഉയരെ, പച്ചമാങ്ങ, ഫോറൻസിക് തുടങ്ങിയവയാണ് അഭിനയിച്ച മറ്റു മലയാളം സിനിമകൾ.

വ്യവസായി ആയിരുന്ന തിരുവല്ലയിലെ കുളത്തുങ്കൽ പോത്തന്റെയും പൊന്നമ്മ പോത്തന്റെയും മകനായി 1952 ഫെബ്രുവരി 15നാണ് പ്രതാപ് പോത്തൻ ജനിച്ചത്. ഊട്ടിയിലെ ലോറൻസ് സ്കൂൾ, മദ്രാസ് ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. കോളജ് പഠന കാലത്ത് നിരവധി നാടകങ്ങളിൽ അഭിനയിച്ചിരുന്നു. പഠന ശേഷം കുറച്ചുകാലം മുംബൈയിൽ ഒരു പരസ്യ ഏജൻസിയിൽ കോപ്പിറൈറ്ററായിരുന്നു പ്രതാപ് പോത്തൻ.

പിന്നീട് പല കമ്പനികളിലും ജോലി ചെയ്തു. അതിനു ശേഷമാണ് സിനിമയിലേക്കെത്തുന്നത്. മദ്രാസ് പ്ലയേഴ്സ് എന്ന തിയേറ്റർ ഗ്രൂപ്പിൽ അഭിനേതാവായിരുന്ന പ്രതാപ് പോത്തന്റെ അഭിനയ മികവ് കണ്ട് പ്രശസ്ത സംവിധായകൻ ഭരതൻ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകി. 1978ലായിരുന്നു ആരവം ഇറങ്ങിയത്. 1979ൽ ഭരതന്റെ തന്നെ തകര, 1980ൽ ചാമരം എന്നീ സിനിമകളിൽ നായകനായി. അദ്ദേഹത്തിന്റെ അഭിനയം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടി. തകരയിലെയും ചാമരത്തിലെയും അഭിനയത്തിന് 79-80 വർഷങ്ങളിൽ മികച്ച മലയാള നടനുള്ള ഫിലിം ഫെയർ പുരസ്ക്കാരം ലഭിച്ചു. 1980ൽ മാത്രം പത്തോളം സിനിമകളിൽ പ്രതാപ് പോത്തൻ അഭിനയിച്ചു.

നെഞ്ചത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, മൂഡുപനി, വരുമയിൻ നിറം സിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സംവിധാനം ചെയ്ത വരുമയിൻ നിറം സിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയിൽ അവിസ്മരണീയമായത്. തുടർന്ന് 1987 വരെ നിരവധി മലയാള ചിത്രങ്ങളിൽ നായകനായും ഉപനായകനായും സ്വഭാവ നടനായുമെല്ലാം അദ്ദേഹം അഭിനയിച്ചു. 1992 വരെ തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു. കുറച്ചുകാലം സിനിമയിൽ നിന്നും മാറി ബിസിനസ്സ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം, ഗ്രീൻ ആപ്പിൾ എന്ന സ്വന്തം പരസ്യ കമ്പനിയും നടത്തിയിരുന്നു.

പ്രതാപ് പോത്തൻ ആദ്യം സിനിമാ സംവിധായകനാകുന്നത് തമിഴിലിലാണ്. 1985ൽ വീണ്ടും ഒരു കാതൽ കഥൈ എന്ന സിനിമയാണ് ആദ്യ സംവിധാനസംരംഭം. 1987ൽ ഋതുഭേദം സിനിമയുമായി മലയാളത്തിലും സംവിധായകനായി. 1988ൽ സംവിധാനത്തിനൊപ്പം അദ്ദേഹം തന്നെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും ഒരുക്കിയ ഡെയ്സി മലയാളത്തിൽ സൂപ്പർഹിറ്റായി. 1997ൽ മോഹൻലാലിനെയും ശിവാജി ഗണേശനെയും നായകൻമാരാക്കി ചെയ്ത ഒരു യാത്രാമൊഴി ആണ് മറ്റൊരു മലയാളം ഹിറ്റ്. ഏഴ് തമിഴ് സിനിമകളും സംവിധാനം ചെയ്തു.

ഒരു ഇടവേളയ്ക്കുശേഷം പ്രതാപ് പോത്തൻ 1997ൽ തേടിനേൻ വന്തത് എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് 2005ൽ തന്മാത്രയിൽ അഭിനയിച്ചുകൊണ്ടാണ് മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. ശേഷം മലയാളത്തിലും തമിഴിലിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

2012ൽ മികച്ച വില്ലനുള്ള സൗത്ത്ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് 22 ഫീമെയിൽ കോട്ടയം സിനിമയിലെ അഭിനയത്തിന് ലഭിച്ചു.2014ൽ 'വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ' എന്ന സിനിമയിലെ അഭിനയത്തിന് കേരള സംസ്ഥാന അവാർഡ് ജൂറിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചിരുന്നു.

പ്രതാപ് പോത്തൻ ആദ്യം വിവാഹം കഴിച്ചത് പ്രശസ്ത ചലച്ചിത്ര താരം രാധികയെയായിരുന്നു. 1985ൽ നടന്ന അവരുടെ വിവാഹം താമസിയാതെ വേർപിരിഞ്ഞു. 1990ൽ അദ്ദേഹം അമല സത്യനാഥിനെ വിവാഹം ചെയ്തെങ്കിലും 2012ൽ വേർപിരിഞ്ഞു. കേയ പോത്തൻ മകളാണ്.സിനിമാ നിർമാതാവായിരുന്ന ഹരിപോത്തൻ സഹോദരനാണ്.


Related Stories

 

×