'നിങ്ങളുടെ ആ കഴിവ് ശരിക്കും അതിശയകരമാണ്'; ജോൺ സെനയേക്കുറിച്ച് കാർത്തി

പൊന്നിയിൻ സെൽവൻ-1, 2 ചിത്രങ്ങളുടെ വിജയത്തിന്റെ ആഹ്ലാദത്തിലാണ് നടൻ കാർത്തി. ചിത്രത്തിലെ വന്ദിയതേവൻ എന്ന കഥാപാത്രം ഏറെ ചർച്ചയായിരുന്നു. പുതിയ ചിത്രങ്ങളുടെ തിരക്കിനിടെ താൻ ഏറെ ആരാധിക്കുന്ന ഒരാളെ കാണാനായതിലുള്ള സന്തോഷം പങ്കുവെച്ചിരിക്കുകയാണ് കാർത്തി ഇപ്പോൾ.
ഡബ്ലിയു. ഡബ്ലിയു. ഇ താരം ജോൺ സെനയെയാണ് കാർത്തി കണ്ടുമുട്ടിയത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ജോൺ സെനയെ കാണാൻ കഴിഞ്ഞ വിവരം കാർത്തി പങ്കുവെച്ചത്. ഒരുമിച്ചുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. കണ്ടുമുട്ടിയതിൽ അതിയായ സന്തോഷമുണ്ടെന്നാണ് റെസ്ലിങ് താരത്തെ മെൻഷൻ ചെയ്തുകൊണ്ട് കാർത്തി കുറിച്ചത്.
വളരെയേറേ ദയയും ഊഷ്മളതയും കാണിച്ചതിന് നന്ദി. പരിചയപ്പെടുന്ന ഓരോരുത്തർക്കും കുറഞ്ഞസമയംകൊണ്ട് സ്പെഷ്യൽ എന്നുതോന്നിക്കാൻ നിങ്ങൾക്ക് കഴിയുന്നു എന്നത് അതിശയകരമാണ്. വിശ്വസ്തതയും ബഹുമാനവുമെല്ലാം ആ സമയത്തിനുള്ളിൽ അനുഭവപ്പെട്ടുവെന്നും കാർത്തി എഴുതി.
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലായിരുന്നു കാർത്തിയും ജോൺ സെനയും കണ്ടുമുട്ടിയത്. ഹൈദരാബാദിൽ നടക്കുന്ന ഡബ്ലിയു. ഡബ്ലിയു. ഇ സൂപ്പർസ്റ്റാർ സ്‌പെക്ടക്കിൾ 2023 മായി ബന്ധപ്പെട്ട വരാനിരിക്കുന്ന പ്രമോഷണൽ ഇവന്റിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച നടന്നതെന്നാണ് വിവരം.
സേത്ത് റോളിൻസ്, ജിന്ദർ മഹൽ, നതാലിയ, ഡ്രൂ മക്കിന്റൈർ, ഗുന്തർ എന്നിവരുൾപ്പെടെ പ്രശസ്തരായ റെസ്ലിംഗ് താരങ്ങളാണ് ഹൈദരാബാദിൽ നടക്കുന്ന സൂപ്പർസ്റ്റാർ സ്‌പെക്ടക്കിൾ 2023-ൽ പങ്കെടുക്കുന്നത്. ആവേശകരമായ മത്സരങ്ങളാണ് ഈ എന്ന ഗുസ്തി ആഘോഷത്തിന്റെ ഭാഗമായി നടക്കുക.
Content Highlights: actor karthi met wwe star john cena, wwe superstar spectacle 2023