തിരിച്ചുവരവിലെ ഭാവനയുടെ നിശ്ചയദാര്‍ഢ്യം സ്ത്രീപോരാട്ടങ്ങളിലെ മാതൃക -മന്ത്രി ആര്‍. ബിന്ദു

ഭാവന, ആര്‍. ബിന്ദു | Photo: facebook/r bindu, mathrubhumi
ഭാവന, ആര്‍. ബിന്ദു | Photo: facebook/r bindu, mathrubhumi

തിരിച്ചുവരവിലെ ഭാവനയുടെ നിശ്ചയദാര്‍ഢ്യം സ്ത്രീപോരാട്ടങ്ങളിലെ മാതൃകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. കേരളം താരത്തെ വരവേല്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന അഭിനയിക്കുന്ന മലയാള ചിത്രം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' കഴിഞ്ഞ ദിവസം റിലീസായിരുന്നു.  

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

തിരിച്ചുവരവിലെ ഭാവനയുടെ നിശ്ചയദാര്‍ഢ്യം സ്ത്രീപോരാട്ടങ്ങളിലെ വെള്ളിവെളിച്ച മാതൃകയാണ്. പ്രതിബന്ധങ്ങളെ മാത്രമോ! - തളര്‍ച്ചകളെ വരെ തന്റെ ഇടത്തിന്റെ പരിപാലനത്തില്‍ തടസ്സമാവാതെ നോക്കുന്ന പെണ്ണത്തമാണത്.

സ്വഭാവനയില്‍ കാണുന്ന സ്വജീവിതം കെട്ടിയുയര്‍ത്താന്‍ ഓരോരോ പെണ്‍കുട്ടിയും തൊട്ടുള്ള സ്ത്രീ ജനതയ്ക്ക് പ്രാപ്തിയായെന്ന് ഉദ്‌ഘോഷിക്കുന്ന റീ-എന്‍ട്രി. കേരളം നിങ്ങളെ വരവേല്‍ക്കുന്നു, പ്രിയങ്കരിയായ ഭാവനാ! അതിനു താങ്കളോട് ചേര്‍ന്നു നിന്ന, എന്റെ പ്രിയ സുഹൃത്തുകൂടിയായ നിര്‍മ്മാതാവ് രാജേഷ് കൃഷ്ണയടക്കം ഏവര്‍ക്കും അഭിവാദനവും നേരുന്നു.

ഭാവനയും ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തിയ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ഫെബ്രുവരി 24-നാണ് തിയേറ്ററുകളിലെത്തിയത്. മാജിക് ഫ്രെയിംസ് റിലീസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത്. 

ലണ്ടന്‍ ടാക്കീസും ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ ഖാദര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ്   ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം അരുണ്‍ റഷ്ദി. ബിജിബാലാണ് പശ്ചാത്തല സംഗീതം. അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ, മറിയം, അഫ്‌സാന ലക്ഷ്മി, മാസ്റ്റര്‍ ധ്രുവിന്‍ എന്നിവരും ചിത്രത്തിലുണ്ട്.
 

Content Highlights: minister r bindu facebook post about actor bhavana,Ntikkakkakkoru Premandaarnnu film