ആ ഫൈറ്റ് സീൻ കഴിഞ്ഞതും ഛർദിച്ച് തളർന്നു, കുഴഞ്ഞുവീണ് മരിക്കുമോ എന്നുവരെ പേടിച്ചിരുന്നു -ആസിഫ് അലി

ആസിഫ് അലി | ഫോട്ടോ: ശ്രീജിത് പി രാജ് \ മാതൃഭൂമി
ആസിഫ് അലി | ഫോട്ടോ: ശ്രീജിത് പി രാജ് \ മാതൃഭൂമി

സിഫ് അലി, സണ്ണി വെയ്ൻ വിനായകൻ എന്നിവരെ മുഖ്യവേഷങ്ങളിലെത്തിയ പുതിയ ചിത്രം കാസർ​ഗോൾഡ് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഈ ചിത്രത്തിനുവേണ്ടി ശാരീരികമായി ഒരുപാട് അധ്വാനിച്ചെന്ന് പറഞ്ഞിരിക്കുകയാണ് ആസിഫ് അലി. നടൻ വിനായകന്റെ പിന്തുണയേയും അദ്ദേഹം സ്മരിച്ചു. ക്ലബ് എഫ് എമ്മിന്റെ ക്ലബ് സ്റ്റുഡിയോയിൽ സംവിധായകൻ മൃദുൽ നായർക്കൊപ്പം അതിഥിയായെത്തിയതായിരുന്നു അദ്ദേഹം.

ക്ലൈമാക്സിനോടടുത്ത് വരുന്ന ഒരു സംഘട്ടനരം​ഗത്തേക്കുറിച്ച് പറഞ്ഞപ്പോഴാണ് കാസർ​ഗോൾഡ് എന്ന ചിത്രത്തിനുവേണ്ടി അനുഭവിച്ച കഷ്ടപ്പാടുകളേക്കുറിച്ച് ആസിഫ് അലി പറഞ്ഞത്. ആക്ഷൻ കോറിയോ​ഗ്രഫി ചെയ്തിട്ടുണ്ടായിരുന്നെങ്കിലും സന്ദർഭത്തിന് അനുയോജ്യമായ സംഘട്ടനമാണ് സിനിമ ആവശ്യപ്പെടുന്നതെന്ന് ആസിഫ് അലി പറഞ്ഞു. ഒരു സീനിൽ ചിട്ടപ്പെടുത്തിയ സംഘട്ടനം അത്ര ഉൾക്കൊള്ളാൻ പറ്റുന്നതായിരുന്നില്ല. അരദിവസം ഷൂട്ട് ചെയ്തപ്പോൾ ഫൈറ്റ് മാസ്റ്റർക്കും മനസിലായി അവിടെ അതല്ല വേണ്ടതെന്ന്. വിനായകൻ വന്ന് നമുക്ക് ഒന്ന് ശ്രമിച്ചാലോ എന്ന് ചോദിച്ചപ്പോൾ താൻ സമ്മതിച്ചു. 

രണ്ട് മിനിറ്റേയുള്ളു, കേൾക്കുമ്പോൾ ആ സമയദൈർഘ്യം കുറവാണ്. പക്ഷേ അത്രയും സമയം ‍വലിയ ദേഹോപദ്രമേറ്റില്ലെങ്കിലും ഞങ്ങൾ ശരിക്ക് ഫൈറ്റ് ചെയ്തു. അത് കഴിഞ്ഞതും ഞങ്ങൾ രണ്ടുപേരും തളർന്നു. ഞാൻ ഛർദിച്ച് തളർന്ന് കിടന്നുറങ്ങിപ്പോയി. വിനായകൻ എന്നയാളുടെ ഡെഡിക്കേഷനാണത്. കാരണം ആ സംഘട്ടനം നന്നായില്ലെങ്കിൽ അത് സിനിമയെ നന്നായി ബാധിക്കുമായിരുന്നു. ആസിഫ് അലി പറഞ്ഞു.

ജോസ്​ഗിരിയിലായിരുന്നു സിനിമയുടെ ഒരുഭാ​ഗം ചിത്രീകരിച്ചത്. ആ സമയത്ത് ചിത്രീകരണത്തിനിടെ അനുഭവപ്പെട്ട ബുദ്ധിമുട്ടുകളും ആസിഫ് അലി പങ്കുവെച്ചു. ജോസ് ​ഗിരിയിലെ ജീസസ് ക്രൈസ്റ്റ് പ്രതിമയുള്ള ആ ഭാ​ഗത്തേക്ക് എത്തിപ്പെടുന്നതായിരുന്നു വലിയ വെല്ലുവിളി. 20-25 ഓഫ് റോഡായി സഞ്ചരിച്ചുവേണം മുകളിലെത്താൻ. എല്ലാവർക്കുമൊന്നും കാറിലോ ജീപ്പിലോ എത്തിപ്പെടാനാവില്ല. ബാക്കിയുള്ളവർ സാധനസാമ​ഗ്രികൾ ചുമന്നുകൊണ്ടുവേണം പോകാൻ. മുകളിൽ പ്രാഥമികാവശ്യങ്ങൾക്കുപോലും ഇടമില്ല. പക്ഷേ ഏഴ് രാത്രി മഴ രം​ഗങ്ങളടക്കം അവിടെ ഷൂട്ട് ചെയ്തു. ഈ സിനിമയ്ക്കുവേണ്ടി ചെയ്ത ത്യാ​ഗമാണത്. കുഴഞ്ഞുവീണ് മരിക്കുമെന്ന് പലസമയത്തും പേടിച്ചിരുന്നതായും ആസിഫ് അലി കൂട്ടിച്ചേർത്തു.

മുഖരി എന്റർടൈന്മെന്റ്സും യൂഡ്ലി ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമിക്കുന്ന ചിത്രമാണ് 'കാസർഗോൾഡ്'. ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സംവിധായകൻ മൃദുൽ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ. 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'കാസർഗോൾഡ്.' തല്ലുമാലയിലൂടെ സെൻസേഷനായി മാറിയ സംഗീത സംവിധായകൻ വിഷ്ണു വിജയ് ആണ് കാസർഗോൾഡിന്റെ സംഗീതസംവിധാനം. 

Content Highlights: actor asif ali about kasargold movie shooting experience, mridul nair, sunny wayne and vinayakan