20 അടി ആഴം, കൊടും തണുപ്പ്, ഷർട്ടുപോലും ഇടാതെ മുങ്ങിക്കിടന്നത് 2 മണിക്കൂർ; ‘Mr.X’നായി ആര്യയുടെ സാഹസം

കഥാപാത്രത്തിന്റെ പൂർണതയ്ക്കായി പല നടന്മാരും നടത്തുന്ന കഠിനാധ്വാനത്തേക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. മിസ്റ്റർ എക്സ് എന്ന ചിത്രത്തിനുവേണ്ടി ആര്യ തന്റെ പരിമിതികളെല്ലാം മറന്നുകൊണ്ട് നടത്തിയ പരിശ്രമമമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ചിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒരു അണ്ടർവാട്ടർ രംഗത്തിനുവേണ്ടിയായിരുന്നു ആര്യയുടെ സാഹസികത. ഈ രംഗത്തിന്റെ അണിയറയിൽനിന്നുള്ള ദൃശ്യങ്ങൾ ആര്യതന്നെ പുറത്തുവിട്ടിട്ടുണ്ട്.
ചിത്രത്തിലെ സുപ്രധാനമായ ഒരു രംഗം ചിത്രീകരിച്ചത് മുംബൈയിലെ 20 അടി ആഴമുള്ള ഒരു ഡൈവിംഗ് പൂളിലായിരുന്നു. സാധാരണയായി ഇന്ത്യൻ സിനിമകളിൽ ഇത്തരം രംഗങ്ങൾ ആറടി ആഴമുള്ള ടാങ്കുകളിലാണ് ചിത്രീകരിക്കാറുള്ളത്. എന്നാൽ സമുദ്രത്തിന്റെ ആഴവും സ്വാഭാവികതയും ലഭിക്കുന്നതിനായി 20 അടി താഴ്ചയിൽ തന്നെ അഭിനയിക്കാൻ ആര്യ തീരുമാനിക്കുകയായിരുന്നു. തമിഴ് സിനിമയിൽ ഇതുവരെ പരീക്ഷിക്കാത്ത രീതിയിലുള്ള ഒന്നാണ് ഈ രംഗമെന്ന് സംവിധായകൻ മനു ആനന്ദ് അവകാശപ്പെട്ടു.
കൊടുംതണുപ്പുള്ള വെള്ളത്തിൽ ഷർട്ട് ധരിക്കാതെയാണ് ആര്യ ഈ രംഗങ്ങളിൽ അഭിനയിച്ചത്. ആഴത്തിലേക്ക് പോകുന്തോറും താപനില കുറയുകയും 15 മുതൽ 16 ഡിഗ്രി വരെ എത്തുകയും ചെയ്തിരുന്നു. അതിശൈത്യം കാരണം ശരീരം വിറയ്ക്കാൻ സാധ്യതയുണ്ടായിരുന്നിട്ടും, പൂർണ്ണമായ നിയന്ത്രണത്തോടെ 30 മുതൽ 40 സെക്കൻഡ് വരെ ശ്വാസം അടക്കിപ്പിടിച്ച് ആക്ഷൻ രംഗങ്ങൾ താരം പൂർത്തിയാക്കി. തന്റെ കരിയറിലെ ഏറ്റവും വലിയ ശാരീരിക വെല്ലുവിളിയായിരുന്നു ഇതെന്നാണ് ആര്യ ഈ അനുഭവത്തെക്കുറിച്ച് പറഞ്ഞത്. പ്രേക്ഷകർ ഈ ചിത്രം കാണുമ്പോൾ ഇത്തരം കഠിനമായ രംഗങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുമെന്നും അതിന്റെ അന്തിമഫലത്തിൽ താൻ അതീവ സന്തുഷ്ടനാണെന്നും ആര്യ വ്യക്തമാക്കി.
ചിത്രീകരണത്തിന്റെ കാര്യക്ഷമത നിലനിർത്തുന്നതിനായി ആര്യയും ക്യാമറ സംഘവും ഏകദേശം ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ തുടർച്ചയായി വെള്ളത്തിനടിയിൽ തന്നെ ചിലവഴിച്ചു. ഓരോ ടേക്കിനും ശേഷം പുറത്തുവരുന്നത് ഒഴിവാക്കാനായിരുന്നു ഇത്. അത്യാധുനികമായ സംവിധാനങ്ങൾ ഉപയോഗിച്ച് വെള്ളത്തിനടിയിലുള്ള സ്പീക്കറുകളിലൂടെയും മൈക്രോഫോണുകളിലൂടെയുമാണ് സംവിധായകൻ ആര്യക്ക് നിർദ്ദേശങ്ങൾ നൽകിയത്.
സൂപ്പർ ഹിറ്റായ FIR എന്ന ചിത്രത്തിനുശേഷം മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിസ്റ്റർ എക്സ്. 1965-നും 2023-നും ഇടയിൽ ഇന്ത്യയിൽ നടന്ന ഏഴ് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യർ, ഗൗതം കാർത്തിക്, ശരത്കുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
Content Highlights: Actor Arya pushed his physical limits by filming a crucial action sequence 20 feet underwater in 15-degree temperatures for two hours without a shirt for his upcoming action-thriller Mr. X.