ഉണ്ണിയുടേത് വെറുംവാക്കല്ലായിരുന്നു; 'ഷെഫീഖിന്റെ സന്തോഷം' അനീഷ് രവിയുടെ സന്തോഷമായ കഥ

അനീഷ് രവിയും ഉണ്ണി മുകുന്ദനും | ഫോട്ടോ: www.facebook.com/Aneeshravionline
അനീഷ് രവിയും ഉണ്ണി മുകുന്ദനും | ഫോട്ടോ: www.facebook.com/Aneeshravionline

മിനി സ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് അനീഷ് രവി. ഉണ്ണി മുകുന്ദൻ നായകനായി അഭിനയിക്കുന്ന ഷെഫീഖിന്റെ സന്തോഷത്തിലാണ് അനീഷ് ഇപ്പോൾ അഭിനയിക്കുന്നത്. ഈ സിനിമയിലേക്ക് താൻ എത്തിയതെങ്ങനെയെന്ന് പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധയാവുകയാണ്. തന്റെ അടുത്ത സിനിമയിൽ വേഷം തരുമെന്ന ഉണ്ണി മുകുന്ദന്റെ വാക്ക് വെറുംവാക്കല്ലായിരുന്നു എന്നാണ് താരം കുറിച്ചിരിക്കുന്നത്.

എത്രയോ പേർ വാഗ്ദാനങ്ങൾ തരാറുണ്ടായിരുന്നുവെങ്കിലും ഇക്കാര്യം പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണിലെ തിളക്കം തനിയ്ക്കു കാണാമായിരുന്നുവെന്നും അത്  സത്യത്തിന്റേതായിരുന്നുവെന്നും അനീഷ് രവി പറഞ്ഞു. സിനിമയിലേക്ക് സംവിധായകൻ അനൂപ് വിളിച്ചപ്പോൾ അറിയാതെ കണ്ണുനിറയുന്നതുപോലെ തോന്നി. ആദ്യമായിട്ട് എനിയ്ക്കു വേണ്ടി പറയാനൊരാൾ... ഉണ്ണിയും അനൂപും ഓർമ്മകളുടെ വസന്തത്തിൽ "സന്തോഷം " കണ്ടെത്തുന്നവരാണെന്നറിയുമ്പോൾ അടക്കാനാകാത്ത "സന്തോഷം". അനീഷ് രവി കുറിച്ചു.

ചിത്രത്തിന്റെ കഥയും സംവിധായകനായ അനൂപിന്റേതാണ്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദനും ബാദുഷ എൻഎമ്മും ചേർന്നാണ് നിർമാണം. ഷാൻ റഹ്മാനാണ് സം​ഗീത സംവിധാനം. എൽദോ ഐസക്ക് ആണ് ഛായാ​ഗ്രഹണം.
 

Content Highlights: actor Aneesh Ravi facebook post, Shefeekkinte Santhosham movie, Unni Mukundan