അജിത്ത് പൂർണ ആരോഗ്യവാൻ; 'വിടാമുയർച്ചി'ക്കായി ഉടൻ വിദേശത്തേയ്ക്ക് തിരിക്കും

ചെന്നൈ: ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയനായ തമിഴ് നടൻ അജിത്ത് വെെകാതെ പുതിയ ചിത്രത്തിൻ്റെ സെറ്റിൽ ജോയിൻ ചെയ്യുമെന്ന് റിപ്പോർട്ടുകൾ. മഗിഴ്‍ തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചി എന്ന ചിത്രത്തിനായി അസര്‍ബെയ്‍ജാനിലേക്ക് പോകാൻ ഒരുങ്ങുകയാണ് താരം. അജിത്ത് പൂർണ ആരോഗ്യവാനാണെന്നാണ് വിവരങ്ങൾ.
ലെെക്ക പ്രൊഡക്ഷൻസാണ് 'വിടാമുയർച്ചി' നിർമിക്കുന്നത്. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അജിത്തിന്റെ കരിയറിലെ 62-ാം ചിത്രമാണിത്. ചിത്രത്തിൻ്റെ കുറച്ച് ഭാഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്. തൃഷയാണ് ചിത്രത്തിലെ നായിക.
നടൻ അജിത്തിനെ ആരോഗ്യ പരിശോധനയ്ക്കായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത ആരാധകരെ ആശങ്കപ്പെടുത്തിയിരുന്നു. പരിഭ്രാന്തരായ നിരവധിപേർ ആശുപത്രിക്കുമുന്നിൽ തടിച്ചുകൂടുകയും ചെയ്തു. പിന്നാലെ അജിത്തിന്റെ പതിവ് ആരോഗ്യ പരിശോധനയാണ് നടന്നതെന്ന് നടന്റെ മാനേജർ സുരേഷ് ചന്ദ്ര അറിയിച്ചു.
'വ്യാഴാഴ്ച പതിവുപരിശോധനകൾക്കായാണ് അജിത്ത് സർ ആശുപത്രിയിലെത്തിയത്. ഞരമ്പിന് ചെറിയൊരു വീക്കമുണ്ടായിരുന്നു. ലളിതമായ മാർഗത്തിലൂടെ ഡോക്ടർമാർ അതിൽ നിന്ന് അദ്ദേഹത്തെ മുക്തനാക്കി. അദ്ദേഹം സുഖമായിരിക്കുന്നു.' സുരേഷ് ചന്ദ്ര അറിയിച്ചു.
അജിത്തും ഭാര്യ ശാലിനിയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെത്തുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിലെ ആരാധക ഗ്രൂപ്പുകളിലൂടെ പ്രചരിച്ചിരുന്നു. അജിത്ത് തലച്ചോറിലെ മുഴ നീക്കം ചെയ്യാനെത്തിയതാണെന്ന രീതിയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.
Content Highlights: actor ajith kumar movie vidamuyarchi update