കഴിവിൽ അദ്ദേഹത്തിനൊപ്പമെത്താൻ ആർക്കുമാവില്ല; തസ്ലിമ നസ്രീന് മറുപടിയുമായി അഭിഷേക് ബച്ചൻ

അഭിഷേക് ബച്ചൻ, തസ്ലിമ നസ്രീൻ | ഫോട്ടോ: എ.എഫ്.പി, പി.ടി.ഐ
അഭിഷേക് ബച്ചൻ, തസ്ലിമ നസ്രീൻ | ഫോട്ടോ: എ.എഫ്.പി, പി.ടി.ഐ

മിതാഭ് ബച്ചന്റെയും തന്റെയും കഴിവുകൾ താരതമ്യപ്പെടുത്തി സംസാരിച്ച എഴുത്തുകാരി തസ്ലിമ നസ്രീന് മറുപടിയുമായി അഭിഷേക് ബച്ചൻ. അമിതാഭ് ബച്ചന്റെ കഴിവിന് ഒപ്പമെത്താൻ ആർക്കുമാവില്ലെന്ന് അഭിഷേക് ബച്ചൻ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം എഴുത്തുകാരിയുടെ പരാമർശത്തോട് പ്രതികരിച്ചത്. 

കഴിഞ്ഞദിവസമാണ് തസ്ലിമ നസ്രീൻ അഭിഷേക് ബച്ചനേക്കുറിച്ചും അമിതാഭ് ബച്ചനേക്കുറിച്ചും ട്വീറ്റ് ചെയ്തത്. അമിതാഭ് ബച്ചൻ ‌മകനായ അഭിഷേക് ബച്ചനെ വളരെയധികം സ്നേഹിക്കുകയും തന്റെ എല്ലാ കഴിവും കിട്ടിയിട്ടുണ്ടെന്ന് കരുതുകയും അഭിഷേക് ആണ് ഏറ്റവും മികച്ചതെന്നും കരുതുന്നു. അഭിഷേക് കൊള്ളാം. പക്ഷേ അമിതാഭ് ബച്ചന്റെയത്ര കഴിവുണ്ടെന്ന് തനിക്ക് തോന്നുന്നില്ല എന്നായിരുന്നു തസ്ലിമയുടെ ട്വീറ്റ്.

പിന്നാലെ ട്വിറ്ററിൽത്തന്നെ ഇതിനുള്ള മറുപടിയുമായി അഭിഷേക് രം​ഗത്തെത്തി. ഇത് വളരെ ശരിയാണെന്നും അമിതാഭ് ബച്ചന്റെ കഴിവിനൊപ്പമെത്താൻ ആർക്കും ആവില്ലെന്നും അഭിഷേക് ബച്ചൻ മറുപടി നൽകി. അദ്ദേഹം ഏറ്റവും മികച്ചതായി തുടരും. താൻ അങ്ങേയറ്റം അഭിമാനിക്കുന്ന മകനാണെന്നും അഭിഷേക് ബച്ചൻ കുറിച്ചു. 

നടൻ സുനിൽ ഷെട്ടിയടക്കം നിരവധി പേരാണ് അഭിഷേകിനെ പിന്തുണച്ച് സോഷ്യൽമീഡിയയിലെത്തിയത്. അതേസമയം തന്റെ പോസ്റ്റ് തസ്ലീമ പിന്നീട് പിൻവലിച്ചു. ഈയിടെ പ്രഖ്യാപിക്കപ്പെട്ട ഫിലിം ഫെയർ ഓ.ടി.ടി പുരസ്കാരങ്ങളിൽ ദസ് വി എന്ന ചിത്രത്തിലെ പ്രകടനത്തിന് അഭിഷേക് ബച്ചനായിരുന്നു മികച്ച നടൻ. മികച്ച ചിത്രം, വെബ് ഒറിജിനൽ അവാർഡ് എന്നിവയും ഈ ചിത്രം സ്വന്തമാക്കി.

Content Highlights: abhishek bachchan's reply to writer taslima nasrin, amitabh bachchan