25 ലക്ഷം സജിത്തിന് കൈമാറി, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; കുടിശ്ശിക നേരിട്ട് കൈമാറും- ആഷിഖ് അബു

സിനിമാ സെറ്റിലേക്ക് സാധനങ്ങൾ വാങ്ങിയ കടയുടമകൾക്ക് പണം നൽകിയില്ലെന്ന ആരോപണത്തിൽ വിശദീകരണവുമായി ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള ഒപിഎം സിനിമാസ്. 'അജഃസുന്ദരി' സിനിമാ ചിത്രീകരണവേളയിൽ യൂണിറ്റിന്റെ ഭക്ഷണച്ചുമതലയുണ്ടായിരുന്ന വ്യക്തിയാണ് പണം നൽകുന്നതിൽ വീഴ്ചവരുത്തിയതെന്നാണ് നിർമാണക്കമ്പനിയുടെ വിശദീകരണം. സാധനങ്ങൾ വാങ്ങുന്നതും പ്രാദേശിക വ്യാപാരികളുടെ കുടിശ്ശിക തീർക്കുന്നതും വടകര സ്വദേശിയായ സജിത്ത് എൻ. എന്നയാളുടെ ഉത്തരവാദിത്തമായിരുന്നു. 25 ലക്ഷം രൂപ ഇയാൾക്ക് കൈമാറിയിട്ടുണ്ട്. ആരോപണം ശ്രദ്ധയിൽപ്പെട്ടയുടനെ സജിത്തിനെതിരേ നിയമനടപടി സ്വീകരിച്ചു. വിലങ്ങാട്ടെ വ്യാപാരികൾക്ക് പണം ലഭിക്കുന്നെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കമ്പനി ഏറ്റെടുക്കുന്നതായും വിശദീകരണക്കുറിപ്പിൽ അറിയിച്ചു. എല്ലാ കുടിശ്ശികയും നേരിട്ട് തീർപ്പാക്കുമെന്നും ഒപിഎം സിനിമാസിന് വേണ്ടി ആഷിഖ് അബു പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.
ആഷിഖ് അബുവിന്റെ നിർമാണത്തിൽ ജോജു ജോർജ് നായകനായ മനു ആന്റണി ചിത്രം 'അജഃസുന്ദരി' സിനിമാ ചിത്രീകരണസംഘം കോഴിക്കോട് വിലങ്ങാട്ടെ നാല് കടയുടമകൾക്ക് ലക്ഷങ്ങളുടെ ബാധ്യതയുണ്ടാക്കിയെന്നാണ് ആരോപണം. കടകളിൽനിന്ന് സെറ്റിലേക്ക് വാങ്ങിയ സാധനങ്ങളുടെ പണം നൽകിയില്ല. പറ്റിക്കപ്പെട്ടവരിൽ കാൻസർ രോഗിയും കിഡ്‌നി മാറ്റിവെച്ചവരും ഉൾപ്പെടെയുള്ള കടക്കാരുണ്ട്.
ഒപിഎം സിനിമാസിന്റെ ഔദ്യോഗിക വിശദീകരണം:
2026 മേയ് 30
വിലങ്ങാടുള്ള പ്രാദേശിക വ്യാപാരികൾക്ക് ഒപിഎം സിനിമാസ് പണം നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഒരു വിശദീകരണം നൽകാൻ ആഗ്രഹിക്കുന്നു.
വിലങ്ങാട് നടന്ന അജഃസുന്ദരി എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ (2025 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെ), യൂണിറ്റിന്റെ ഭക്ഷണച്ചുമതലകൾക്കായി വടകര സ്വദേശിയായ സജിത് എന്നിനെയാണ് ഒപിഎം സിനിമാസ് ചുമതലപ്പെടുത്തിയിരുന്നത്. സാധനങ്ങൾ വാങ്ങുന്നതും പ്രാദേശിക വ്യാപാരികളുടെ കുടിശ്ശിക തീർക്കുന്നതും ഇദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു. 15 ബാങ്ക് ഇടപാടുകളിലായി 25,00,000 രൂപ (ഇരുപത്തിയഞ്ച് ലക്ഷം രൂപ) ഞങ്ങൾ സജിത്തിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ കൃത്യമായ രേഖകൾ ഞങ്ങളുടെ പക്കലുണ്ട്.
സജിത്തിന് മുഴുവൻ തുകയും ലഭിച്ചിട്ടും അദ്ദേഹം വ്യാപാരികൾക്ക് നൽകിയില്ല. വ്യാപാരികളുടെ പരാതി ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സജിത്തിന് നൽകാനുള്ള അവസാന ഗഡു ഞങ്ങൾ തടഞ്ഞുവെക്കുകയും, ഫെഫ്ക, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവിടങ്ങളിൽ ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു. സാമ്പത്തിക ക്രമക്കേടിന് സജിത്തിനെതിരെ ഇന്നലെ കോഴിക്കോട് വളയം പോലീസ് സ്റ്റേഷനിൽ ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്.
നിയമപരമായ തെറ്റ് ആരുടെ ഭാഗത്തായാലും- വിലങ്ങാടുള്ള ഓരോ വ്യാപാരിക്കും പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒപിഎം സിനിമാസ് പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ബാധിക്കപ്പെട്ട വ്യാപാരികളിൽനിന്ന് ബില്ലുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിക്കാൻ ഞങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എല്ലാ കുടിശ്ശികകളും ഞങ്ങൾ നേരിട്ട് തീർപ്പാക്കുന്നതാണ്.
വിലങ്ങാടിലെ ജനങ്ങൾ ചിത്രീകരണ വേളയിൽ ഞങ്ങൾക്ക് നൽകിയ വിശ്വാസവും സ്‌നേഹവും പിന്തുണയും വലുതാണ്. അവരെ ഞങ്ങൾ ഒരിക്കലും കൈവിടില്ല.
ഒപിഎം സിനിമാസിന് വേണ്ടി,
ആഷിഖ് അബു
Content Highlights: OPM Cinemas addresses payment defaults to Vilangad traders during the Aja Sundari film shoot. 25 lakhs was transferred to an intermediary, Sajith N, who failed to pay the local shopkeepers. OPM Cinemas has filed a police complaint against the intermediary for financial irregularities. The production house takes full responsibility to settle all outstanding dues directly with the traders