വേറിട്ട ലുക്കിൽ കഥാപാത്രങ്ങൾ, ആട്-3 ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്; ചിത്രം മാർച്ച് 19-ന്

#Movies desk
ചിത്രത്തിൻെറ ക്യാരക്ടർ പോസ്റ്ററുകളിൽനിന്ന്.
ചിത്രത്തിൻെറ ക്യാരക്ടർ പോസ്റ്ററുകളിൽനിന്ന്.

മിഥുൻ മാനുവൽ തോമസ് എഴുതി സംവിധാനം ചെയ്യുന്ന ആട്-3 എന്ന ബിഗ് ബജറ്റ് എപിക് ഫാന്റസി ചിത്രത്തിൽ നിന്നുള്ള ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്.

'ഭൂതകാലം ഉണരുന്നു' എന്ന കുറിപ്പോടെയാണ് പോസ്റ്ററുകൾ പുറത്തുവിട്ടിരിക്കുന്നത്. നായകൻ ജയസൂര്യ ഉൾപ്പെടെ ചിത്രത്തിലെ പ്രധാന താരങ്ങളുടെയെല്ലാം പോസ്റ്ററുകൾ റിലീസ് ചെയ്തിട്ടുണ്ട്.

മാർച്ച് 19-ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ കോമഡി ഫാന്റസി ചിത്രം നിർമിക്കുന്നത്. 

പഴയ രാജഭരണ കാലത്തെ കഥാപാത്രങ്ങളുടെ വേഷത്തിലാണ് ഈ പോസ്റ്ററുകളിൽ ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത് എന്നത് ഒരേ സമയം പ്രേക്ഷകർക്ക് ആവേശവും ആകാംക്ഷയും സമ്മാനിക്കുന്നുണ്ട്.

വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ, ജയസൂര്യ എന്നിവരെ ഞായറാഴ്ച പുറത്തുവന്ന പോസ്റ്ററുകളിലൂടെ കഥാപാത്രങ്ങളുടെ ലുക്കിൽ കാണാം. ഒരു രാജാവിന്റെ വേഷത്തിലാണ് ജയസൂര്യയെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.

ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവയ്ക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതരായ, അവരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ മൂന്നാം ഭാഗത്തിലൂടെയും വെള്ളിത്തിരയിൽ എത്തുന്നുണ്ട്.

മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 2018, അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിർമിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി, ആട് ഫ്രാൻഞ്ചൈസിലേക്കു കടന്നുവന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വലുതാണ്. ഇതിനു മുൻപ് 22 ചിത്രങ്ങൾ നിർമിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23-ാമത്തെ ചിത്രമാണ് ആട് 3. ചിത്രീകരണം പൂർത്തിയായ ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനയ് ബാബു, ഛായാഗ്രഹണം- അഖിൽ ജോർജ്ജ്, സംഗീതം- ഷാൻ റഹ്‌മാൻ, എഡിറ്റർ- ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ- ഗോപകുമാർ ജി.കെ., പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ- അനീസ് നാടോടി, മേക്കപ്പ്- റോണെക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു ഭരതൻ, വിഎഫ്എക്‌സ് സൂപ്പർവൈസർ- ജിഷ്ണു ആർ. ദേവ്, സ്റ്റിൽ ഫോട്ടോഗ്രാഫി- വിഷ്ണു എസ്. രാജൻ, പോസ്റ്റർ ഡിസൈൻസ്- കോളിൻസ് ലിയോഫിൽ, വാർത്താ പ്രചാരണം- വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Aadu 3 character posters are out, featuring Jayasurya and other stars in regal looks. The epic fantasy film releases worldwide on March 19.