തീയേറ്ററുകളില്‍ 75 ദിവസം പിന്നിട്ടു; ബിഗ്സ്ക്രീനിലും ഒടിടിയിലും തംരംഗമായി 'ലോക'

മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ച, ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാം ചിത്രമായ 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര' തീയേറ്ററുകളില്‍ 75 ദിവസങ്ങള്‍ പിന്നിട്ടു. വൈഡ് റിലീസിന്റെ കാലത്തും മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ഒരു ചിത്രം 75 ദിനങ്ങള്‍ തീയേറ്ററുകളില്‍ പിന്നിടുന്ന അപൂര്‍വ നേട്ടമാണ് 'ലോക'യെ തേടിയെത്തിയത്. ഗള്‍ഫിലും കേരളത്തിലെ പിവിആര്‍ മള്‍ട്ടിപ്ളെക്സ് സ്ക്രീനുകള്‍ ഉള്‍പ്പെടെയുള്ള തീയേറ്ററുകളിലുമാണ് ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്.
ഒക്ടോബര്‍ 31-ന് ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് ഒടിടിയിലും ഗംഭീര പ്രതികരണവും സ്വീകരണവുമാണ് പ്രേക്ഷകരില്‍നിന്ന് ലഭിക്കുന്നത്. തീയേറ്ററുകളില്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന വിജയം സ്വന്തമാക്കിയ 'ലോക' മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി 300 കോടി ക്ലബില്‍ ഇടം പിടിച്ച ചിത്രം കൂടിയാണ്. മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുണ്‍.
കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രത്തില്‍ കല്യാണി പ്രിയദര്ശന്, നസ്ലിന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒടിടിയില്‍ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ കൂടാതെ മറാഠി, ബംഗാളി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്. കേരളത്തില്‍നിന്ന് മാത്രം 121 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം, ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ കലക്ഷന്‍ വാരിയ മലയാള ചിത്രമായും മാറിയിരുന്നു.
അതിഗംഭീര പ്രൊഡക്ഷന്‍ നിലവാരവും അന്താരാഷ്ട്ര ചിത്രങ്ങളോട് കിടപിടിക്കുന്ന മേക്കിങ്ങുമുള്ള ചിത്രം, അഞ്ചുഭാഗങ്ങള്‍ ഉള്ള ഒരു മെഗാ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി ആണ് എത്തിയത്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന് എന്നിവരും നിര്‍ണായക വേഷങ്ങള്‍ അവതരിപ്പിച്ച ചിത്രത്തില്‍, ദുല്‍ഖര്‍ സല്മാന്, ടൊവിനോ തോമസ് എന്നിവര്‍ അതിഥിതാരങ്ങളായും തിളങ്ങി. 'ലോക' കേരളത്തില്‍ വമ്പന്‍ റിലീസായി എത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് തന്നെയാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏറ്റവുമധികം പ്രേക്ഷകര്‍ ആഗോള തലത്തില്‍ കണ്ട മലയാള ചിത്രമായി 'ലോക' മാറിയിരുന്നു. പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സൂപ്പര്‍ വിജയം നേടുകയും ഇന്ത്യന്‍ സിനിമയിലെ ട്രെന്‍ഡ് സെറ്ററായി മാറുകയും ചെയ്തു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ' ലോക ചാപ്റ്റര്‍ 2'യില്‍ ടൊവിനോ തോമസ് ആണ് നായകന്.
ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റര്‍: ചമന്‍ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ: ശാന്തി ബാലചന്ദ്രന്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ബംഗ്ലാന്‍, കലാസംവിധായകന്‍: ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്: റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, അമല്‍ കെ. സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍: യാനിക്ക് ബെന്‍, പ്രൊജക്ട് ഹെഡ്: സുജയ് ജെയിംസ്, ദേവദേവന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: റിനി ദിവാകര്‍, വിനോഷ് കൈമള്‍, മാര്‍ക്കറ്റിങ് ഹെഡ്: വിജിത് വിശ്വനാഥന്, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആര്‍ഒ: ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: അനൂപ് സുന്ദരന്‍.
Content Highlights: Explore the massive success of Malayalam film `Lokah: Chapter One - Chandra`. It`s a 75-day theatre run, a 300 crore club entry, and a pan-Indian OTT sensation.