'ഓത്തുപള്ളിയുടെ പാട്ടുകാരൻ'; വി.ടി. മുരളി എഴുപതിലേക്ക്

#Movie Desk
വി.ടി. മുരളി | ഫോട്ടോ: മാതൃഭൂമി
വി.ടി. മുരളി | ഫോട്ടോ: മാതൃഭൂമി

വടകര: കോന്തലക്കൽ പാട്ടുമധുരം നിറച്ചാണ് വി.ടി. മുരളി മലയാളികളുടെ ഹൃദയത്തിലേക്ക് കയറിയത്. പിന്നീട് അവരെ മാതളത്തേനൂട്ടി, പൊന്നരളിപ്പൂ ചൂടിച്ചു. പാടിയും പറഞ്ഞും പാട്ടിനെക്കുറിച്ച് എഴുതിയും ഓത്തുപള്ളിയുടെ പാട്ടുകാരൻ എഴുപതിലേക്ക്... ചൊവ്വാഴ്ചയാണ് വി.ടി. മുരളിയുടെ എഴുപതാം പിറന്നാൾ. പിറന്നാൾദിനത്തിൽ വടകരയിൽ പ്രിയ സൗഹൃദങ്ങളുമായി ചെറിയൊരു ഒത്തുചേരലുണ്ട്, അവിടെയും പാട്ടും പാട്ടുവർത്തമാനവും നിറയും.

എഴുപതുതികയുമ്പോൾ പാട്ടുപോലെത്തന്നെ ഹൃദയത്തോട് ചേർക്കുന്നുണ്ട് ഇദ്ദേഹം പാട്ടുസംബന്ധിയായ എഴുത്തിനെയും. ഇപ്പോൾ കുറച്ചുകൂടി സജീവം എഴുത്തും പഠനവുമാണ്. 15 പുസ്തകങ്ങളാണ് പാട്ടുമായി ബന്ധപ്പെട്ട് ഇതിനകം പുറത്തിറക്കിയത്. ഇത്രയും പുസ്തകമെഴുതിയ മറ്റൊരു പാട്ടുകാരനും മലയാളത്തിൽ ഉണ്ടാകില്ല. എഴുത്ത് ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു. എഴുപതാം പിറന്നാൾദിനത്തിലും പുതിയൊരു പുസ്തകം പ്രകാശനംചെയ്യുന്നുണ്ട്; പേര് കേൾവിയുടെ കാഴ്ചകൾ. പിതാവ് വി.ടി. കുമാരന്റെ ‘ദുശ്ശള’ എന്ന നാടകവും അദ്ദേഹം പല ഭാഷകളിൽനിന്നായി തർജ്ജമ ചെയ്ത കവിതകളും ചേർത്തുള്ള പുസ്തകവും ചൊവ്വാഴ്ച പുറത്തിറക്കും.

പാട്ടോ എഴുത്തോ എതാണ് പ്രിയമെന്ന് ചോദിച്ചാൽ രണ്ടും ഒരുപോലെയെന്നാണ് മുരളിയുടെ മറുപടി. കുറച്ചുകൂടി ഇഷ്ടം എഴുത്താണ്. ‘‘പാട്ടിന്റെ വൈവിധ്യങ്ങളിലേക്ക് ശ്രോതാക്കൾ പോകുന്നില്ല. ശ്രോതാക്കളുടെ ഇഷ്ടത്തിനനുസരിച്ചാണ് പലപ്പോഴും പാടേണ്ടിവരുന്നത്. എഴുത്തിൽ എനിക്ക് പുതിയ കാര്യങ്ങൾതേടാം. അനുവാചകരുമായി സംവദിക്കാൻ കൂടുതൽ സ്വാതന്ത്ര്യമുണ്ട്’’ -വി.ടി. മുരളി പറഞ്ഞു. ‘രാഗമലയാള’മാണ് ആദ്യപുസ്തകം. പാട്ടും പാട്ടുകാരുമായിരുന്നു വിഷയം.

തുറന്നിടുന്ന സംഗീതജാലകം, പാട്ടൊരുക്കം, സംഗീതത്തിന്റെ കേരളീയ പാഠങ്ങൾ, ഇടനെഞ്ചിൽ സംഗീതം മുറജപമായ്, നീലക്കുയിലേ നിന്റെ പാട്ട്... തുടങ്ങിയ പുസ്തകങ്ങളെഴുതി. പലപ്പോഴായി എഴുതിയ ലേഖനങ്ങൾ സമാഹരിച്ചാണ് പുസ്തകങ്ങളാക്കുന്നത്. എഴുത്തും വായനയും പാട്ടുപോലെ ഇപ്പോഴും ജീവിതത്തിന്റെ ഭാഗമാണ്. വായനയ്ക്കായി നല്ലൊരുസമയം മാറ്റിവെക്കുന്നുണ്ട്.

ഓത്തുപള്ളി തുറന്നിട്ട വഴി...

സംഗീതലോകത്ത് മുരളിയുടെ പേര് അടയാളപ്പെടുത്തിയത് ‘ഓത്തുപള്ളീലന്ന് നമ്മൾ പോയിരുന്ന കാലം’ എന്ന പാട്ടാണ്. പി.ടി. അബ്ദുറഹ്‌മാന്റെ രചനയിൽ കെ. രാഘവൻ മാഷ് സംഗീതം നിർവഹിച്ച നിത്യഹരിതഗാനം. വി.ടി. മുരളിയുടെ ജീവിതത്തിൽ ഏറ്റവുംകൂടുതൽ പാടിയ പാട്ട് ഏതെന്നുചോദിച്ചാൽ ഈ പാട്ടെന്നായിരിക്കും ഉത്തരം: ‘‘1978 മുതൽ ഇന്നലെവരെ ഞാൻ ഈ പാട്ട് പാടിയിട്ടുണ്ട്. ഇന്നലെ രാവിലെയും രാത്രിയിലും പാടി’’. ‘ഉയരും ഞാൻ നാടാകെ’യിലെ മാതളത്തേനുണ്ണാൻ..., ‘കത്തി’യിലെ ‘പൊന്നരളി പൂവൊന്ന്‌ മുടിയിൽ ചൂടി’ തുടങ്ങി പിന്നെയും ഹിറ്റ് ഗാനങ്ങൾ. ബാല്യകാലസഖി എന്ന ചിത്രത്തിലെ ‘കാലം പറക്കണ്...’ എന്ന പാട്ടും ഏറെ പ്രിയങ്കരം. ആദ്യത്തെ പാട്ട് സമ്മാനിച്ച കെ. രാഘവൻ മാഷായിരുന്നു ഈ പാട്ടിന്റെയും സംഗീതസംവിധാനം. പ്രശസ്തകവി വി.ടി. കുമാരന്റെയും അധ്യാപിക ശാന്തയുടെയും മകനായി 1955 നവംബർ 18-നാണ് മുരളിയുടെ ജനനം. അച്ഛന്റെ കവിതകളിലൂടെ സംഗീതവഴിയിലേക്ക് കാലെടുത്തുവെച്ച മുരളിക്ക് തുടക്കകാലത്ത് സംഗീതത്തിൽ ഗുരുവായത് വടകരയുടെ പാട്ടുകാരൻ വടകര കൃഷ്ണദാസാണ്.

‘ഭാസ്കരഗീത’ങ്ങൾക്ക് ഇന്ന് സമാപനം

പി. ഭാസ്കരന്റെ ജന്മശതാബ്ദിയുടെ ഭാഗമായി അദ്ദേഹത്തിന്റെ നൂറുപാട്ടുകൾ പാടുന്ന യജ്ഞം മുരളി തുടങ്ങിയിരുന്നു. ഫെയ്‌സ്ബുക്ക് പേജ് വഴിയായിരുന്നു പാട്ട്. 99 ഗാനങ്ങളും ഇതിനകം പാടി. നൂറാമത്തെ പാട്ട് ചൊവ്വാഴ്ച പിറന്നാൾവേദിയിൽ പാടും.

Content Highlights: VT Murali`s 70th birthday.