‘തമ്മിൽ പിണങ്ങി പോവല്ലേ’; റീ-റെക്കോർഡിങ് വേളയിൽ പിറന്ന പാട്ട്, വീണ്ടുമൊരു ഹരിനാരായണൻ മാജിക്

#വിദ്യാപാര്‍വതി
വാഴ 2 എന്ന ചിത്രത്തിന്റെ പോസ്റ്റർ, ​ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ | ഫോട്ടോ: Facebook, ബി. മുരളികൃഷ്ണൻ\ മാതൃഭൂമി
വാഴ 2 എന്ന ചിത്രത്തിന്റെ പോസ്റ്റർ, ​ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ | ഫോട്ടോ: Facebook, ബി. മുരളികൃഷ്ണൻ\ മാതൃഭൂമി

മോഹൻലാൽ ചിത്രം 'തുടരു'മിലെ ഹിറ്റ് ഗാനങ്ങൾക്ക് ശേഷം, ബി.കെ. ഹരിനാരായണൻ രചിച്ച മറ്റൊരു ഗാനം ലക്ഷം ലൈക്കുകളുമായി കുതിക്കുന്നു. ബയോപിക് ഓഫ് ബില്യൺ ബ്രോസ് എന്ന ടാഗ് ലൈനോടെയെത്തിയ 'വാഴ2' വിലെ ക്ലൈമാക്‌സ് ഗാനമാണ് ആസ്വദക ഹൃദയത്തിൽ വന്നു തൊടുന്നത്.

ഹൃദയം മുറിയും

അഴലിൽ വെന്താലും...

മകനേ പുറവേ

കരിയില്ലേതാളും- എന്ന 'വാഴ' ആദ്യഭാഗത്തിലെ പാട്ടിനൊപ്പം ഒഴുകുന്ന വരികൾ തന്നെയാണ് രണ്ടാം ഭാഗത്തിനും കൂട്ടുവന്നത്.

തമ്മിൽ പിണങ്ങി പോവല്ലേ

കാണാതെ മായല്ലെ കണ്ണേ,

നമ്മൾക്ക് നാം തന്നെയല്ലേ

കൂടെപ്പിറന്നവരല്ലേ... -പാട്ടിന്റെ വരികൾ സോഷ്യൽ മീഡിയയിൽ തീർക്കുന്ന ആഘോഷം ചെറുതല്ല.

സ്‌കൂൾ കാലത്തെ നൊസ്റ്റാൾജിക്ക് കാഴ്ച്ചകളിൽ നിന്ന് തുടങ്ങുന്ന ചിത്രം, ചിരിക്കൊടുവിൽ കണ്ണുനിറക്കുന്ന കാഴ്ച്ചകളുമായാണ് അവസാനിക്കുന്നത്. ആൺകുട്ടികളും അച്ഛനുമായുള്ള അടുപ്പത്തിലൂന്നിയാണ് വാഴ ആദ്യം കഥപറഞ്ഞതെങ്കിൽ രണ്ടാം ഭാഗത്തിൽ സഹോദരീസഹോദരൻമാർക്കിടയിലെ വൈകാരികതയ്ക്കാണ് ഊന്നൽ നൽകുന്നത്. വരികളും ഈണവും കഥയുടെ ഒഴുക്കിനോട് ചേർന്നുനിൽക്കുന്നു എന്നതാണ് പാട്ടിന്റെ വിജയം.

“വല്ലാതെ വാടല്ലേ പൂവേ...

നീയെന്റെ കുഞ്ഞോമലല്ലേ,

എന്നാളും നാമിനിയൊന്നേ

നീയെന്റെ പൂന്തണലല്ലേ...”

വാഴ 2 വിലെ ഗാനങ്ങൾ ചേർത്തുവച്ചുള്ള റീൽസുകളും കട്ട് വീഡിയോസും സോഷ്യൽ മീഡിയയിൽ വ്യാപകമാകുകയാണ്. സിനിമ കണ്ട് കണ്ണുനിറഞ്ഞ പ്രേക്ഷകർ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകൾക്കും വീഡിയോ കോളുകൾക്കുമെല്ലാം അകമ്പടിയായി പാട്ട് കൂട്ടുണ്ട്.

“അറിയാതേ പറയാതേ..,

ഇരു കോണിൽ കഴിയല്ലേ

ഒരു നാളിൽ മറയുമ്പോൾ

അകമാകേ ഉരുകല്ലേ...”

വാഴ 2-ന്റെ ചിത്രീകരണത്തിന് ശേഷം, റീ റിക്കോഡിങ്ങ് വേളയിലാണ് ഹരിനാരായണൻ സിനിമക്കായി പാട്ടെഴുതിക്കൊടുത്തത്. വാഴ ആദ്യഭാഗത്തിലേ മകനേ... എന്ന ഗാനത്തോട് ചേർന്ന് നിൽക്കുന്ന പാട്ട് തന്നെ, പുതിയ ചിത്രത്തിന്റെ ക്ലൈമാക്‌സിനും വേണമെന്നാണ് സിനിമയുടെ രചയിതാവായ വിപിൻദാസ് ആവശ്യപ്പെട്ടത്. സംവിധായകൻ സവിൻ സയ്ക്കും സംഗീത സംവിധായകൻ പാർവതീഷിനുമൊപ്പം തൃശ്ശൂർ കൊടകരയിൽ വച്ചാണ് പാട്ട് എഴുതിയതെന്നും സന്ദർഭം മനസ്സിലാക്കിയശേഷം, തമ്മിൽ പിണങ്ങിപോകല്ലേ... വല്ലാതെ വാടല്ലേ പൂവേ... തുടങ്ങിയ വരികളാണ് ആദ്യം എഴുതിയതെന്നും ഹരിനാരായണൻ പറഞ്ഞു.

കഥാസന്ദർഭം ആവശ്യപ്പെടുന്ന വരികളാണ് എഴുതിയതെന്നും, പാർവതീഷ് പ്രദീപിന്റെ സംഗീതവും സൂരജ് സന്തോഷിന്റെ ആലാപനവും ചേർന്നപ്പോൾ വരികൾ മറ്റൊരു തലത്തിലേക്കുയരുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

350 സിനിമകളിലായി എഴുന്നൂറ്റി അമ്പതോളം പാട്ടുകളെഴുതിയ ഗാനരചയിതാവാണ് ബി.കെ.ഹരിനാരായണൻ

Content Highlights: The emotional climax song of Vaazha 2, penned by BK Harinarayanan and sung by Sooraj Santhosh, has gone viral on social media, shifting the focus from the father-son bond of the first part to a poignant portrayal of sibling love.