ഗോപി സുന്ദറും വിജയ് ദേവരകൊണ്ടയും സിദ് ശ്രീറാമും വീണ്ടും, ആസ്വാദകർ ഏറ്റെടുത്ത് 'നന്ദനന്ദനാ'

ദ ഫാമിലി സ്റ്റാർ എന്ന ചിത്രത്തിൽ വിജയ് ദേവരകൊണ്ടയും മൃണാൾ താക്കൂറും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
ദ ഫാമിലി സ്റ്റാർ എന്ന ചിത്രത്തിൽ വിജയ് ദേവരകൊണ്ടയും മൃണാൾ താക്കൂറും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

​ഗോപി സുന്ദർ, വിജയ് ദേവരകൊണ്ട, ​ഗായകൻ സിദ് ശ്രീറാം, സംവിധായകൻ പരശുറാം എന്നീ പേരുകൾ കേൾക്കുമ്പോൾ ഏതൊരു സം​ഗീതാസ്വാദകരുടേയും മനസിലേക്ക് വരുന്ന ചിത്രമാണ് ​ഗീതാ ​ഗോവിന്ദവും അതിലെ ഇങ്കേം ഇങ്കേം എന്ന ​ഗാനവും. ആറുവർഷത്തെ ഇടവേളയ്ക്കുശേഷം ഈ നാൽവർസംഘം വീണ്ടും ഒന്നിക്കുകയാണ്. ദ ഫാമിലി സ്റ്റാർ എന്ന ചിത്രത്തിലൂടെ. ചിത്രത്തിലെ പുതിയ ​ഗാനം ഇപ്പോൾ ശ്രദ്ധയാകർഷിക്കുകയാണ്.

ദ ഫാമിലി സ്റ്റാറിലെ നന്ദനന്ദനാ എന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. അനന്ത ശ്രീറാമാണ് ​ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. ​ഗോപി സുന്ദർ ഈണമിട്ട ​ഗാനം സി​ദ് ശ്രീറാം ആലപിച്ചിരിക്കുന്നു.  മികച്ച പ്രതികരണമാണ് ​ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ​ഗാനരം​ഗത്തിലെ വിജയ് ദേവരകൊണ്ടയുടെ നൃത്തച്ചുവടുകളും കയ്യടി നേടിക്കഴിഞ്ഞു. 

2022-ൽ പുറത്തിറങ്ങിയ സർക്കാരുവാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനംചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. ഇത് രണ്ടാംതവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. മൃണാൾ താക്കൂറാണ് ഫാമിലി സ്റ്റാറിലെ നായിക. ഏപ്രിൽ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

Content Highlights: the family star movie song released, gopi sundar and sid sriram