വൈകീട്ട് നടതുറക്കുമ്പോള്‍ സന്നിധാനത്ത് ഒഴുകിയെത്തുന്ന ഗാനം; 'ശ്രീകോവില്‍ നട തുറന്നൂ' പാട്ടിന് അരനൂറ്റാണ്ട്

ശബരിമല: ശ്രീകോവിൽ നടതുറന്നൂ... പൊന്നമ്പലത്തിൽ ശ്രീകോവിൽ നടതുറന്നൂ...
സന്നിധാനത്ത് വൈകീട്ട് നടതുറക്കുമ്പോൾ മൈക്കിലൂടെ ഒഴുകിയെത്തുന്ന ജയവിജയന്മാരുടെ ഈ പാട്ട് പിറന്നിട്ട് അരനൂറ്റാണ്ടാകുന്നു. ശബരിമലയിലേക്ക് എത്തുന്ന ഭക്തർ അയ്യന്റെ ദർശനത്തിനായി കാത്തുനിൽക്കുമ്പോൾ കാതിന് കുളിർമയേകുന്നതാണ് ഗാനം. 1976-ൽ കൈപ്പള്ളി കൃഷ്ണപിള്ള രചിച്ച് ജയവിജയന്മാർ ചിട്ടപ്പെടുത്തിയതാണിത്.
അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന ജി.പി. മംഗലത്തുമഠത്തിന്റെ ആലോചനയിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനായി ‘ശബരിമല അയ്യപ്പൻ’ എന്ന ഭക്തിഗാന ആൽബം പുറത്തിറക്കിയത്. ആൽബം തയ്യാറാക്കാനായി കെ.പി. ഉദയഭാനുവിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
പ്രഗല്‌ഭരായ ഗായകരും സംഗീതസംവിധായകരും ഉൾപ്പെടുന്ന സംഘമാണ് ആൽബത്തിലേക്ക് ഗാനങ്ങൾ ഒരുക്കിയത്. എച്ച്എംവി കമ്പനിയാണ് ആൽബം പുറത്തിറക്കിയത്.
കെ.ജി. സേതുനാഥ്, ഒ.എൻ.വി. കുറുപ്പ്, ശ്രീകുമാരൻ തമ്പി, മങ്കൊമ്പ് ഗോപാലകൃഷ്ണൻ, മഹാകവി പി. കുഞ്ഞിരാമൻനായർ, കൈപ്പള്ളി കൃഷ്ണപിള്ള എന്നിവരാണ് പാട്ടുകളെഴുതിയത്. കെ.പി. ഉദയഭാനു, അർജുനൻ മാഷ്, എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ എന്നിവർ ചിട്ടപ്പെടുത്തി. പാടിയത് യേശുദാസ്, ജയചന്ദ്രൻ, ജാനകി, പി.സുശീല എന്നിവർ.
ആൽബത്തിൽ 12 പാട്ടുകൾ ഉണ്ട്. അതിൽ ഒന്നാണ് ശ്രീകോവിൽ നടതുറന്നൂ എന്നത്. പാട്ട് ജനപ്രിയമായതോടെ 1976 മുതൽ ശബരിമലയിൽ വൈകീട്ട് മൂന്നിന് നടതുറക്കുമ്പോൾ കേൾപ്പിക്കാനും തീരുമാനിക്കുകയായിരുന്നു.
Content Highlights: 50-year legacy of the beloved Sabarimala devotional song `Sreekovil Nada Thurannu`, a cherished melody for devotees