'വര്‍ഷം 2004, കൂടെ പാടിയ ഈ കുട്ടി...'; വിനീത് ശ്രീനിവാസനൊപ്പമുള്ള ഓര്‍മചിത്രവുമായി റിമി ടോമി

#Movies Desk
വിനീത് ശ്രീനിവാസനും റിമി ടോമിയും- റിമി പങ്കുവെച്ച ഫയല്‍ ചിത്രം, റിമി ടോമി | Photo: Facebook/ Rimi Tomy
വിനീത് ശ്രീനിവാസനും റിമി ടോമിയും- റിമി പങ്കുവെച്ച ഫയല്‍ ചിത്രം, റിമി ടോമി | Photo: Facebook/ Rimi Tomy

നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനൊപ്പമുള്ള ഓര്‍മച്ചിത്രം പങ്കുവെച്ച് ഗായിക റിമി ടോമി. 2004-ലെ ചിത്രമാണ് റിമി തന്റെ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. സംഗീതസംവിധായകന്‍ ദീപക് ദേവിനെ ടാഗ് ചെയ്താണ് പോസ്റ്റ്.

'വര്‍ഷം 2004. കൂടെ പാടിയ ഈ കുട്ടി ഇത്രയും വളര്‍ന്നു, വലിയൊരു സംവിധായകനും തിരക്കഥാകൃത്തും ഗായകനും സ്റ്റേജ് പെര്‍ഫോമറുമാകുമെന്ന് അറിഞ്ഞില്ല', എന്ന് ചിത്രത്തിനൊപ്പം റിമി ക്യാപ്ഷനായി കുറിച്ചു. റിമിയും വിനീതും കൈയില്‍ മൈക്കുമായി നില്‍ക്കുന്ന ചിത്രമാണ് പങ്കുവെച്ചത്.

പോസ്റ്റില്‍ കമന്റുമായി വിനീത് ശ്രീനിവാസനുമെത്തി. 'ഒരുപാട് നല്ല ഓര്‍മകള്‍. എന്റെ തുടക്കകാലത്ത് സ്‌റ്റേജ് പെര്‍ഫോര്‍മര്‍ എന്ന നിലയിലും സഹഗായിക എന്ന നിലയിലും നിങ്ങള്‍ വലിയ പ്രചോദനമായിരുന്നു. നന്ദി'- എന്നായിരുന്നു വിനീതിന്റെ കമന്റ്.

മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായ ശ്രീനിവാസന്റെ മൂത്തമകനായ വിനീത് ശ്രീനിവാസന്‍, നടന്‍, സംവിധായകന്‍, നിര്‍മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, തിരക്കഥാകൃത്ത്, പിന്നണി ഗായകന്‍, ഗാനരചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. പിന്നണി ഗായകനായാണ് വിനീത് സിനിമയില്‍ അരങ്ങേറ്റംകുറിച്ചത്.

വിദ്യാസാഗര്‍ സംഗീതം നല്‍കിയ 'കിളിച്ചുണ്ടന്‍ മാമ്പഴം' എന്ന ചിത്രത്തിലെ കസവിന്റെ തട്ടമിട്ട് ആണ് വിനീതിന്റെ ആദ്യസിനിമാഗാനം. വിദ്യാസാഗറിന്റെ കൈപിടിച്ചാണ് റിമിയും സിനിമാപിന്നണിഗാനരംഗത്തെത്തിയത്. 'മീശമാധവനി'ലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന ഡാന്‍സ് നമ്പറിലാണ് റിമിയുടെ അരങ്ങേറ്റം. റിമി പിന്നീട് അഭിനേതാവായും സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Content Highlights: Singer Rimi Tomy posts a nostalgic throwback photo with actor-director Vineeth Sreenivasan from 2004, reminiscing about his growth into a multi-talented artist