ഭൂപീന്ദറിന്റെ നാദം,ബപ്പിയുടെ ഈണം;അവിസ്മരണീയ പ്രണയഗാനം

.
.

കിസീ നസര്‍ കൊ തേരാ ഇന്തസാര്‍ ആജ് ഭീ ഹെ...എന്ന ഗാനം ഭൂപീന്ദര്‍ സിങ്ങിന് വേണ്ടിയാണ് ബാപ്പി ലാഹിരി ഈണമിട്ടതെന്ന് തോന്നാറുണ്ട്. ആശ ഭോസ്ലെയും ഒപ്പം പാടിയിട്ടുണ്ടെങ്കിലും ഭൂപീന്ദര്‍ സിങ് ആലപിക്കുന്ന ഭാഗം ശ്രോതാവിന് പകരുന്നത് അനിര്‍വാച്യമായ ഫീലാണ്. ഗസല്‍ഗാനത്തിന്റെ ഭാവമുള്ള മനോഹരമായ പ്രണയഗാനം 'ഐത്ബാര്‍' എന്ന സിനിമയിലേതാണ്. സിനിമയുടെ പേര് പോലെ തന്നെ ബപ്പിയുടെ വിശ്വാസം ഭൂപീന്ദര്‍ തകര്‍ത്തില്ല. ആ മനോഹര ഈണമൊരുക്കിയ ബപ്പി ദായും ഗാനത്തിന് നായകശബ്ദം പകര്‍ന്ന ഭൂപീന്ദറും മണ്‍മറഞ്ഞു. പക്ഷെ ആ മാസ്മരികഗാനം എക്കാലവും സംഗീതപ്രേമികളുടെ ഇഷ്ടഗാനങ്ങളിലൊന്നായി തുടരുമെന്നത് നിസ്സംശയം. 

പ്രണയവും വിരഹവും ഇടകലര്‍ന്നൊരു ഗാനമാണ് കിസീ നസര്‍ കൊ തേരാ...

ഭൂപീന്ദര്‍ സിങ് എന്ന ഗായകന്റെ ശബ്ദമാണ് അദ്ദേഹത്തെ മറ്റ് കലാകാരന്‍മാരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. മടുപ്പിക്കാത്ത, ആസ്വാദ്യകരമായ സ്വരത്തിനുടമയായതിനാല്‍ തന്നെ ഗസലുകളുടെ പ്രണയികള്‍ക്കൊപ്പം സിനിമാസംഗീതപ്രേമികളും ഭുപീന്ദര്‍ സിങ്ങിനെ സ്‌നേഹിച്ചു. എണ്ണമറ്റ ഗാനങ്ങള്‍ സിനിമാസംഗീതലോകത്ത് തന്റേതായി രേഖപ്പെടുത്തിയില്ലെങ്കിലും ആലപിച്ച ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയത്തില്‍ എക്കാലവും തന്റേതായ സ്ഥാനം നിലനിര്‍ത്താന്‍ ആ ഗായകന് തീര്‍ച്ചയായും സാധിക്കും. ഗിറ്റാറിസ്റ്റായി സംഗീതപ്രവര്‍ത്തനം ആരംഭിച്ച ഭൂപീന്ദര്‍ ഓള്‍ ഇന്ത്യ റേഡിയോയിലും ദൂരദര്‍ശനിലും ആര്‍ട്ടിസ്റ്റായി. ചേതന്‍ ആനന്ദിന്റെ ഹകീകത് എന്ന ബോളിവുഡ് സിനിമയിലൂടെ 1964 ല്‍ സിനിമാപിന്നണിഗാനരംഗത്ത് തുടക്കം കുറിച്ചു. മദന്‍ മോഹന്‍ എന്ന സംഗീതപ്രമുഖന്റെ സംഗീതസംവിധാനത്തില്‍ മുഹമ്മദ് റാഫി, തലത് മഹ്‌മൂദ്, മന്നാ ഡേ എന്നിവര്‍ക്കൊപ്പം ഹോ കെ മജ്ബൂര്‍ മുജെ ഉസ്‌നെ ഭബുലായാ ഹോഗാ എന്ന ഗാനമാലപിച്ചായിരുന്നു ഭൂപീന്ദറിന്റെ അരങ്ങേറ്റം.  

പിന്നെയും എത്രയോ പ്രിയഗാനങ്ങള്‍...ബംഗ്ലാദേശി ഗായിക മിതാലി മുഖര്‍ജിയുമായുള്ള വിവാഹത്തെ തുടര്‍ന്ന് ഇരുവരും ചേര്‍ന്നുള്ള പരിപാടികളുടെ തിരക്കിലായയോടെ ഭൂപീന്ദര്‍ സിനിമാലോകം ഏറെക്കുറെ ഉപേക്ഷിച്ചു. ഗസലുകളും സ്റ്റേജ് ഷോകളുമായി ഇരുവരും സംഗീതപ്രമികള്‍ക്കിടയില്‍ നിറഞ്ഞു നിന്നു. ഇരുവരും ചേര്‍ന്നുള്ള ആല്‍ബങ്ങള്‍ പുറത്തിറങ്ങി. ഹിറ്റുകള്‍ പിറന്നു. പ്രമുഖ ഗസല്‍ ഗായകരുടെ പട്ടികയില്‍ ഭൂപീന്ദറും ഇടം നേടി. മറക്കാനാവാത്ത സ്വരത്തില്‍ ഭൂപീന്ദര്‍ പാടിക്കൊണ്ടേയിരുന്നു. ഇനിയും വേറിട്ട ആ ശബ്ദം നാം കേട്ടുകൊണ്ടിരിക്കും...ആസ്വദിച്ചു കൊണ്ടിരിക്കും...ഒരിക്കലും മടുക്കാതെ!  

Content Highlights: Remembering, Bhupinder Singh, Bappi Lahiri, Kisi Nazar Ko Tera Intezar