പട്ടുകൊണ്ട് നെയ്ത പാട്ട്

#സുഭാഷ് ചന്ദ്രൻ
Pankaj Udhas| PTI
Pankaj Udhas| PTI

1987-ൽ എസ്. എസ്.സി. എന്ന ഒരേയൊരു വർഷത്തേക്കുമാത്രമായി ‘എൽ’ ഊരിക്കളഞ്ഞ് ചരിത്രത്തിൽ പ്രത്യക്ഷമായ പത്താംക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കാലത്താണ് ടേപ് റെക്കോഡറുകൾ നന്നാക്കുന്ന ആലുവയിലെ ഒരു കടയിൽ നിന്ന് ‘ഛിട്ടി ആയി ഹേ...’ എന്നുതുടങ്ങുന്ന ഗാനം കേട്ടത്. വീട്ടിലെ ടേപ് റെക്കോഡറിനുള്ളിൽ കാസറ്റിന്റെ വള്ളികുടുങ്ങിയത് അഴിച്ചെടുക്കാൻ ചെന്നതായിരുന്നു ഞാൻ. ബോൾപെന്നിൽ ചുറ്റി ശ്രദ്ധയോടെ ആന്റിക്ലോക്കായി കറക്കി ടേപ്പിന്റെ നാടവിരയെ പുറത്തെടുക്കാൻ യത്നിക്കുന്നതിനിടയിൽ കടക്കാരൻ ഹരിച്ചേട്ടൻ പശ്ചാത്തലത്തിൽ മുഴങ്ങുന്ന പട്ടുപോലുള്ള ശബ്ദത്തിനു കാതോർത്ത എന്നോടു പറഞ്ഞു: ‘‘പങ്കജ് ഉധാസാണ്‌’’

ആദ്യമായി കേൾക്കുന്നതുകൊണ്ട് ആ വാക്ക് ഒരു ഗായകന്റെ പേരായല്ല, ഞങ്ങളുടെ ടേപ് റെക്കോഡറിനു സംഭവിച്ച എന്തോ കേടുപാടിന്റെ സാങ്കേതികനാമമായാണ് എനിക്കുതോന്നിയത്. പക്ഷേ, നാളുകൾക്കുള്ളിൽ ആ സ്വരത്തിന്റെ മാന്ത്രികത എന്റെ ഹൃദയത്തിലേക്ക് തിരിച്ച് ഊരിയെടുക്കാൻ കഴിയാത്ത ഒരു പട്ടുനാട പോലെ എക്കാലത്തേക്കുമായി കയറിച്ചുറ്റി.

നാം എന്ന സിനിമയായിരുന്നു അത്. ലക്ഷ്മീകാന്ത് പ്യാരേലാൽ ദ്വയവും ആനന്ദ് ബക്ഷിയും ചേർത്തൊരുക്കിയ ആ ഛിട്ടിപ്പാട്ടാണ് സിനിമാപ്പാട്ടുപ്രേമികൾക്കിടയിലേക്ക് പങ്കജിനെ ആനയിച്ചതെങ്കിലും എന്നെപ്പോലുള്ള പരകോടി ഗസൽപ്രേമികൾക്ക് അദ്ദേഹം ഹാർമ്മോണിയപ്പെട്ടി മീട്ടിപ്പാട്ടുന്ന രാജകുമാരനായിരുന്നു. അങ്ങ് പാകിസ്താനിൽ ഇരുന്ന് മെഹ്ദി ഹസൻ എന്ന ചക്രവർത്തി ഭരിച്ചിരുന്ന ഗസലിന്റെ ഭൂലോക സാമ്രാജ്യത്തിന്റെ ഇന്ത്യൻ സാമന്തന്മാരായിരുന്നു തലത്ത് അസീസും ജഗ്ജിത് സിങ്ങും പങ്കജ് ഉധാസും. സാഹിത്യത്തിൽ ദസ്തയേവ്‌സ്കി-ടോൾസ്റ്റോയി യുഗ്മം റഷ്യയിൽനിന്ന് (അല്പം വൈകിയാണെങ്കിലും) ഞങ്ങളുടെ തലമുറയെ കടന്നാക്രമിച്ച അതേ കാലത്താണ് ഗസൽ സംഗീതത്തിൽ മെഹ്ദി ഹസ്സനും ഗുലാം അലിയും പാകിസ്താനിലിരുന്നുകൊണ്ട് ഞങ്ങളുടെ വ്രണിതാത്മാക്കളിൽ സ്‌നിഗ്ധ തൈലം പുരട്ടിയത്. ഇന്ത്യയിലെ അവരുടെ കൗണ്ടർപാർട്ടായി ജഗജിത്തും പങ്കജും ഒപ്പമുണ്ടായിരുന്നു.

മുകേഷിന്റെ ശൈലിയും ശബ്ദവും അനുകരിച്ചിരുന്ന ജ്യേഷ്ഠൻ മൻഹർ ഉധാസാണ് ആദ്യകാലത്ത് കൂടുതൽ പ്രസിദ്ധിയിലേക്ക് ഉയർന്നതെങ്കിലും അതുവരെയും ഇന്ത്യൻകാതുകൾക്ക് അന്യമായിരുന്ന ഒരു പേലവഭംഗിയോടെ പങ്കജ് കൂടുതൽ ഹൃദയങ്ങളിൽ ഒരു നവവസന്തം തീർത്തു. (പാവം മൻഹാർ! ഇല്ലനുകർത്താവിനില്ല തൻ ജീവിതവല്ലരിയിൽ പൂവിരിഞ്ഞുകാണാൻ വിധി!). സിനിമാപ്പാട്ടുകളിലൂടെ ലഭിച്ച ജനസാമാന്യത്തിന്റെ ശ്രദ്ധ, തന്റെ അമ്പതിൽപ്പരം മികച്ച ഗസൽ ആൽബങ്ങളിലേക്ക് ആസ്വാദകരെ കൊളുത്താനുള്ള ചൂണ്ടയായി ഉപയോഗിക്കാൻ പങ്കജിനുകഴിഞ്ഞു. താരസ്ഥായിയിൽ പെൺതൊണ്ടകൾക്കുമാത്രം പാടിപ്പൊലിപ്പിക്കാൻ കഴിയുന്ന സുഗമസംഗീതത്തിന്റെ നക്ഷത്രസ്ഥലികളെ ഉധാസിന്റെ തൊണ്ട എളുപ്പത്തിൽ ശബ്ദഹസ്തം നീട്ടി ജ്വലിപ്പിച്ചു(മേം കഹാ ജാവൂം..., ഹോതാ നഹി ഫൈസലാ...). കീഴ്സ്ഥായിയിൽ ജഗജിത് സിങ്ങിനു ദൈവം തീറെഴുതിക്കൊടുത്തിരുന്ന മേച്ചിൽ പുറങ്ങളിലും ഉധാസ് ഒട്ടും ഉധാസീനനായില്ല (രാത് മേ ചുപ് ചുപ്..., രോഷ്നി മത്ഥം...). യേശുദാസിനുമാത്രം സാധിക്കുമെന്ന് നമ്മൾ പന്തയംവെച്ചിരുന്ന ചില ഗാനാശ്വമൈതാനങ്ങളിലും ഉധാസ് തന്റെ കുതിരയെ യഥേഷ്ടം മേയാൻ വിടുന്നതും നാം കണ്ടു. (ബാസീഗർ, സനം, ഗംഗ ജമുന സരസ്വതി, സാജൻ, വിഷകന്യ... തുടങ്ങിയ സിനിമകളിൽ).

ആലുവയിൽ വല്ലപ്പോഴും പോകുമ്പോൾ, കൗമാരകാലത്തെ കൂട്ടുകാരുമൊത്ത് നിലാവുള്ള രാത്രികളിൽ ഏതെങ്കിലും മട്ടുപ്പാവിലിരുന്ന് പൊയ്‌പ്പോയ സംഗീതസായാഹ്നങ്ങളെക്കുറിച്ച് ഓർത്ത് വിഷാദിക്കുമ്പോൾ, വട്ടമിട്ടിരിക്കുന്നവരിൽ നിന്ന് ആ ആവശ്യം ഇപ്പോഴും ഉയരും: ‘‘എടാ, നമ്മുടെ പങ്കജുദാസിന്റെ മറ്റേ പാട്ടൊന്നു പാടടാ! നീ നിന്റെ മനുഷ്യനൊരാമുഖത്തിൽ ചേർത്തത്...’’

പോയകാലത്തിലെ ഞങ്ങളുടെ തലമുറയുടെ വൈകാരികചരിത്രം എഴുതിപ്പിടിപ്പിച്ച ആ നോവലിൽ ജിതേന്ദ്രൻ ആൻ മേരിക്കെഴുതിയ കത്തുകളിലൊന്നിൽ ഞാൻ ചേർത്ത ഉധാസ് ഗസൽ ‘ദീവാരോം സെ മിൽകർ രോനാ അഛാ ലഗ്താ ഹേ...’ എന്നു തുടങ്ങുന്നതാണ്. അതടക്കം മനസ്സിൽ തെളിയുന്ന അദ്ദേഹത്തിന്റെ നൂറുകണക്കിനു നല്ല ഗസലുകളിൽനിന്ന് പക്ഷേ, ഞാൻ പാടുന്നത് തികച്ചും വ്യത്യസ്തമായ മറ്റൊന്നായിരിക്കും.

‘ചാന്ദീ ജൈസാ രംഗ് ഹെ തേരാ...’

‘സോനേ ജൈസേ ബാൽ...’

‘ഏക് തു ഹി ധൻവാൻ ഹെ ഗോരീ...’

‘ബാക്കി സബ് കങ്കാൾ...’

(വെള്ളിപോലെയാണു നിൻ നിറം,

സ്വർണംപോലെ തലമുടി,

നീ മാത്രമാണു ധനിക;

ബാക്കിയെല്ലാം വിലകെട്ടോർ!)

അതിന്റെ രചയിതാവായ മുംതാസ് റഷീദിന്റെ പ്രണയസംബന്ധിയായ വിവക്ഷകളെ മറന്ന് ഞാൻ അതിന് മറ്റൊരർഥം മനസ്സിൽ കൊടുക്കും. അക്ഷരദേവതയെ മറ്റു ദൈവങ്ങളുമായി തുലനം ചെയ്തുപാടുന്ന ഒരെഴുത്തുകാരന്റെ ഹൃദയം അപ്പോൾ ഉള്ളിലിരുന്ന് പങ്കജിന്റെ പട്ടുതൊണ്ടയിലൂടെ പാടാൻ തുടങ്ങും.

Content Highlights: pankaj udhas passed away, ghazal, playback singer, evergreen hit songs