'സ്വര്‍ഗത്തിലെ മാലാഖക്കുഞ്ഞ്, വളരെ നേരത്തേ ഞങ്ങളെ വിട്ടുപോയി'; മകളുടെ പിറന്നാൾ ദിനത്തിൽ വൈകാരിക കുറിപ്പുമായി ചിത്ര

അകാലത്തില്‍ നഷ്ടമായ മകള്‍ നന്ദനയെ പിറന്നാള്‍ ദിനത്തില്‍ സ്മരിച്ച് ഗായിക കെ.എസ്. ചിത്ര. ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ച് ചിത്ര മകള്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു. സ്വര്‍ഗത്തിലെ കുഞ്ഞുമാലാഖയെന്നാണ് ചിത്ര മകളെ വിശേഷിപ്പിച്ചത്.
'ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുമകള്‍, സ്വര്‍ഗത്തിലെ ഞങ്ങളുടെ മാലാഖ- നീ ഞങ്ങളെ വിട്ടു വളരെ നേരത്തേ പോയി. നിനക്കായി ഞങ്ങള്‍ സ്വപ്‌നംകണ്ട ജീവിതം നയിക്കാന്‍ കൂടുതല്‍ സമയം കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോവുന്നു. എന്നാല്‍, ചിലപ്പോള്‍ മനോഹരമായ കുട്ടികളെ ചിലപ്പോള്‍ സ്വര്‍ഗത്തിലായിരിക്കും ആവശ്യം. അവരില്‍ ഒരാളാണ് നീ- ഞങ്ങളെന്നും സ്‌നേഹിക്കുന്ന കുഞ്ഞും മാലാഖയും. പ്രിയപ്പെട്ട നന്ദനയ്ക്ക് ജന്മദിനാശംസകള്‍', ചിത്ര സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.
നന്ദനയുടെ ചിത്രവും ഗായിക പങ്കുവെച്ചിട്ടുണ്ട്. മകളുടെ എല്ലാ പിറന്നാള്‍ ദിനത്തിനും ഹൃദ്യമായ കുറിപ്പ് ചിത്ര പങ്കുവെക്കാറുണ്ട്.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002-ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും കുഞ്ഞുണ്ടായത്. എന്നാല്‍, ഇരുവരുടേയും സന്തോഷവും ആഘോഷവും അധികനാള്‍ നീണ്ടുനിന്നില്ല. 2011-ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണ് എട്ടു വയസ്സുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു.
Content Highlights: Singer KS Chithra shares a heartfelt birthday message for her beloved daughter Nandana, lost too soon. Read her touching tribute