ബെല്ലി ഡാന്‍സില്‍ ഞെട്ടിച്ച് കല്യാണി; ആരാധകര്‍ ഏറ്റെടുത്ത് തമിഴ് ചിത്രത്തിലെ ഡാന്‍സ് നമ്പര്‍

രവി മോഹനൊപ്പം മലയാളത്തിന്റെ പ്രിയതാരം കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തുന്ന തമിഴ് ചിത്രം 'ജീനി'യിലെ ആദ്യവീഡിയോ സോങ് പുറത്തിറങ്ങി. എ.ആര്‍. റഹ്‌മാന്റെ സംഗീതത്തിലുള്ള 'അബ്ഡി അബ്ഡി' എന്ന് പേരിട്ടിരിക്കുന്ന പാട്ടാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയത്. രവി മോഹനൊപ്പം കല്യാണിയും കൃതി ഷെട്ടിയും ഒന്നിക്കുന്ന ഡാന്‍സ് നമ്പറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
അറബിക് സ്റ്റൈലിലുള്ള പാട്ട് എഴുതിയിരിക്കുന്നത് മഷൂക് റഹ്‌മാന്‍ ആണ്. മയ്‌സ കരായും ദീപ്തി സുരേഷും ചേര്‍ന്ന് പാടിയിരിക്കുന്നു. ഫ്രീക്ക് ആണ് റാപ്പ് ആലപിച്ചിരിക്കുന്നത്. കല്യാണിയുടേയും കൃതിയുടേയും ബെല്ലി ഡാന്‍സ് ആണ് പാട്ടിന്റെ പ്രത്യേകത. ആഗോളവിജയമായ 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'യ്ക്കുശേഷം കല്യാണിയുടേതായി പുറത്തിറങ്ങുന്ന ചിത്രമെന്ന നിലയില്‍ പാട്ടും വലിയ ചര്‍ച്ചയായി.
'അഭിനേതാവ് എന്ന നിലയില്‍ മുമ്പ് ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ ചെയ്ത് വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ഈ പാട്ട് അത്തരത്തില്‍ ഒന്നാണ്. സംവിധായകന്‍ ഭുവനേഷ് ഇതിനെക്കുറിച്ച് പറഞ്ഞപ്പോള്‍, ഇത്രയും കൊമേഷ്യല്‍ ആയ ഒരു ഗാനത്തെ അദ്ദേഹം എത്ര മനോഹരമായാണ് ചിത്രത്തിന്റെ കഥയുടെ ഭാഗമായി മാറ്റിയതെന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഒരുപാട് കഠിനാധ്വാനംചെയ്ത് പുതിയൊരു കാര്യം പരീക്ഷിച്ചു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് ഞാന്‍ ശരിക്കും പ്രതീക്ഷിക്കുന്നു', കല്യാണി കുറിച്ചു.
കല്യാണിയുടെ പാട്ടിലെ ലുക്കിനും പ്രകടനത്തിനും വലിയ കൈയടിയാണ് സാമൂഹികമാധ്യമങ്ങളില്‍ ലഭിക്കുന്നത്. കല്യാണി ഞെട്ടിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്.
ജയം രവിയെ നായകനാക്കി അര്‍ജുനന്‍ ജൂനിയര്‍ സംവിധാനംചെയ്യുന്ന 'ജീനി' നിര്‍മിക്കുന്നത് വെല്‍സ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഇഷാരി കെ. ഗണേഷ് ആണ്. കല്യാണിക്കും കൃതി ഷെട്ടിക്കും പുറമേ വാമിഖ ഗബ്ബി, ദേവയാനി തുടങ്ങിയവരും പ്രധാനവേഷത്തില്‍ എത്തുന്നു.
Content Highlights: Kalyani Priyadarshan wows with a captivating belly dance in the new Tamil song `Abdi Abdi` from the film `Genie`, featuring Ravi Mohan. The AR Rahman musical is creating buzz