'അന്നൊക്കെ വയറു നിറയുമ്പോള്‍ പല്ലില്ലാത്ത തൊണ്ണുകാട്ടി ഒരു ചിരിയുണ്ട്',മകന്റെ ജന്മദിനത്തില്‍ ജ്യോത്സ്‌നയുടെ കുറിപ്പ്

-
-

മകന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഗായിക ജ്യോത്സ്ന പങ്കുവെച്ച മനോഹരമായ കുറിപ്പ് വൈറലാകുന്നു. ശിവം എന്നാണ് ഗായികയുടെ മകന്റെ പേര്. ആശുപത്രിയിൽ വച്ച് അഞ്ചു വർഷം മുമ്പ് മകനെ തന്റെ കൈകളിൽ ലഭിക്കുന്നതു മുതലുള്ള യാത്രയാണ് ജ്യോത്സ്ന ഓർത്തെടുക്കുന്നത്.

ജ്യോത്സ്നയുടെ കുറിപ്പ്

'അഞ്ച് വർഷം മുമ്പ് തൂവാലയിൽ പൊതിഞ്ഞ് ഈ കുരുന്ന് ആശുപത്രിയിൽ വച്ച് എന്റെ കൈകളിലെത്തിയപ്പോൾ അത് മനോഹരമായൊരു യാത്രയുടെ തുടക്കമായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല. വയറു നിറയുമ്പോൾ പല്ലില്ലാത്ത തൊണ്ണുകാട്ടി ഒരു ചിരിയുണ്ട്... അവിടെ തുടങ്ങി.. അമ്മയ്ക്ക് എന്റെയൊപ്പം സ്കൂളിൽ വരാനാകില്ലല്ലോ എന്ന വേവലാതിയോടെയുള്ള നോട്ടവും..വാത്സല്യപൂർണമായ തലോടലുകളും കടന്ന്.. എന്തെങ്കിലും തിരക്കിട്ട് ചെയ്യുമ്പോഴായിരിക്കും കുഞ്ഞുമനസ്സിൽ തോന്നിയ പുതിയ സംശയം ചോദ്യമായി അമ്മാ അമ്മാ എന്നു വിളിക്കുന്നത്... അങ്ങനെ പോകുന്നു അനുഭവങ്ങൾ.. ഒരുപാട് യുഗങ്ങൾ കഴിഞ്ഞ പോലെ തോന്നുന്നു.

ഉപാധികളൊന്നുമില്ലാത്ത സ്നേഹം. അങ്ങനെ ഒന്നുണ്ട്. ഇക്കാലം കൊണ്ട് ഞാൻ തിരിച്ചറിഞ്ഞതാണത്. നമ്മുടെ കുഞ്ഞിൽ നിന്നും നമുക്ക് ലഭിക്കുന്നത്. (കൗമാരപ്രായത്തിൽ മകന് അമ്മ പഴഞ്ചനാകും വരെ) ഹ ഹ..

നിന്റെ ജന്മദിനത്തിൽ എനിക്ക് നിന്നോടു പറയാനുള്ളത് ഇത്രയേയുള്ളൂ.. നീ വളരണം..വളർന്ന് സ്നേഹവും സഹാനുഭൂതിയും നിറഞ്ഞ ഒരു വ്യക്തിയാകണം.. അതാണ് ഈ ലോകത്തിന് വേണ്ടത്.. അച്ഛനും അമ്മയും നിന്റെ കൂടെത്തന്നെയുണ്ട്...'

2010 ഡിസംബർ 26നായിരുന്നു ജ്യോത്സ്നയുടെയും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ശ്രീകാന്ത്‌ സുരേന്ദ്രനും തമ്മിലുള്ള വിവാഹം. 2015 ജൂലൈ 9നാണ് ശിവം ജനിക്കുന്നത്.

Content Highlights : jyotsna radhakrishnan fb post on son's birthday pics

 

Content Highlights: