'ഒറിജിനലിനോട് പരമാവധി നീതി പുലർത്തുന്ന' ലിപ്സിങ്ക് വീഡിയോയുമായി ഹരീഷും ആര്യയും

യുവഗായിക ആര്യ ദയാലിന്റെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്ത് വന്നത് ഈയിടെയാണ്. ഹാരിസ് ജയരാജ് സംഗീത സംവിധാനം നിര്‍വഹിച്ച വാരണം ആയിരത്തിലെ 'അടിയേ കൊല്ലുതേ' എന്ന ഗാനമാണ് ആര്യ തന്റേതായ ശൈലിയിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചത്.
എന്നാൽ പാട്ടിനെ നശിപ്പിച്ചുവെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയതോടെ സമൂഹമാധ്യമങ്ങളില്‍ ഇതെക്കുറിച്ച് ധാരാളം ട്രോളുകളം പ്രചരിക്കാന്‍ തുടങ്ങി. കൂടാതെ ലൈക്കിനേക്കാള്‍ ഏറെ ഡിസ്ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
ഈ വിമർശനങ്ങൾക്കിടെ ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച മറ്റൊരു വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനുമൊത്ത് ഒരു ലിപ്സിങ്ക് വീഡിയോ ആണ് ആര്യ പങ്കുവച്ചത്. ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തിൽ എം.ജി ശ്രീകുമാറും കെ.എസ് ചിത്രയും ചേർന്നു പാടി ഹിറ്റാക്കിയ "തങ്കത്തിങ്കൾ" എന്ന വിദ്യാസാഗർ ഗാനത്തിനാണ് ഇരുവരും ചേർന്ന് ചുണ്ടനക്കി പാടുന്നത്.
‘ഒറിജിനലിനോട് മാക്സിമം നീതി പുലർത്താൻ ശ്രമിച്ചിട്ടുണ്ട്’ എന്ന അടിക്കുറിപ്പോടെ ഹരീഷ് ആണ് ഈ വീഡിയോ ആദ്യം ചെയ്തത്. ഇതിന് പിന്നാലെ ഹരീഷിന്റെ വീഡിയോയ്ക്കൊപ്പം ചേർത്ത് തന്റെ ലിപ്സിങ്ക് വേർഷൻ ആര്യയും പങ്കുവച്ചു. പാട്ടുകൾക്ക് തന്റേതായ രീതിയിൽ കവർ വേർഷനുകൾ ഒരുക്കിയതിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ടിട്ടുള്ള ഗായകനാണ് ഹരീഷും.
നിരവധി പേർ ഹരീഷിനും ആര്യയ്ക്കും പിന്തുണയുമായെത്തുമ്പോൾ ഈ വീഡിയോയ്ക്കും വിമർശനങ്ങളുണ്ട്. പാട്ടുകൾ വലിച്ചു നീട്ടുന്നതിലും അനാവശ്യ സംഗതികൾ തിരുകിക്കയറ്റുന്നതിലും നല്ലത് ഇതാണെന്നാണ് പലരുടെയും കമന്റ്. തന്നെ വിമർശിച്ചവരെ പരിഹസിച്ച് ഹരീഷും മറുപടി നൽകുന്നുണ്ട്.
Content Highlights : Harish Shivaramakrishnan Arya Dayal lipsink video Thankathinkal Song
Content Highlights: