ക്യാമറയില്ല, ഗായകരില്ല, ഭൂരിഭാഗവും ചെയ്തത് AI; ശ്രദ്ധനേടി മലയാള സംഗീത ആൽബം

നിർമിതബുദ്ധിയുടെ സഹായത്തോടെ നിർമിച്ച മലയാള സംഗീത ആൽബമായ "ചുംബനങ്ങൾ ഏറ്റു നിൻ" ശ്രദ്ധ നേടുന്നു. ഗാനരചന, സംഗീതസങ്കൽപ്പം, ദൃശ്യാവിഷ്‌കാരം എന്നിവയിൽ മനുഷ്യന്റെ സർഗാത്മകതയും അത്യാധുനിക എ.ഐ. സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് ആൽബം ഒരുക്കിയിരിക്കുന്നത്.
സംവിധായകനും ഗാനരചയിതാവുമായ രഘുനാഥ് എൻ. ബിയുടെ നേതൃത്വത്തിൽ പുറത്തിറങ്ങിയ ആൽബം, മലയാള സംഗീതരംഗത്ത് എ.ഐ.യുടെ സാധ്യതകൾ അവതരിപ്പിക്കുന്ന പുതിയ പരീക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്. ഗാനത്തിന്റെ വരികളും അടിസ്ഥാന സംഗീത ആശയവും രഘുനാഥ് എൻ.ബി. തയ്യാറാക്കിയപ്പോൾ, സംഗീതത്തിന്റെ ഓർക്കസ്ട്രേഷൻ, ശബ്ദാവിഷ്‌കാരം, പശ്ചാത്തല സംഗീതം, ദൃശ്യരൂപകല്പന, വീഡിയോ നിർമാണം എന്നിവയുടെ ഭൂരിഭാഗവും എ.ഐ. സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പൂർത്തിയാക്കിയത്.
പരമ്പരാഗത ചിത്രീകരണ സംവിധാനങ്ങളില്ലാതെ, എ.ഐ. സൃഷ്ടിച്ച കഥാപാത്രങ്ങളും പശ്ചാത്തലങ്ങളും ഉപയോഗിച്ച് മുഴുവൻ ദൃശ്യങ്ങളും നിർമ്മിച്ചിരിക്കുന്നതും ആൽബത്തിന്റെ പ്രത്യേകതയാണ്. അന്താരാഷ്ട്ര തലത്തിൽ സിനിമ, സംഗീതം, ആനിമേഷൻ, ഡിജിറ്റൽ ആർട്ട് തുടങ്ങിയ മേഖലകളിൽ എ.ഐ. സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സാഹചര്യത്തിൽ, മലയാളത്തിലും ഇത്തരം പരീക്ഷണങ്ങൾ സാധ്യമാണെന്ന് തെളിയിക്കുകയാണ് ഈ സംരംഭമെന്ന് അണിയറപ്രവർത്തകർ പറയുന്നു.
"എ.ഐ. മനുഷ്യന്റെ സർഗാത്മകതയെ മാറ്റിസ്ഥാപിക്കാനുള്ള ഉപകരണമല്ല. മറിച്ച് കലാകാരന്റെ ആശയങ്ങൾക്ക് കൂടുതൽ വ്യാപ്തിയും ദൃശ്യസൗന്ദര്യവും നൽകാൻ സഹായിക്കുന്ന സാങ്കേതിക കൂട്ടാളിയാണ്. അതിന്റെ സാധ്യതകളെ പ്രായോഗികമായി പരീക്ഷിക്കാനുള്ള ശ്രമമാണ് ഈ ആൽബം," എന്ന് രഘുനാഥ് എൻ. ബി. പറഞ്ഞു.
വലിയ നിർമാണച്ചെലവുകളും സാങ്കേതിക പരിമിതികളും മൂലം സ്വതന്ത്ര കലാകാരന്മാർക്ക് സാധിക്കാതെ പോകുന്ന നിരവധി ആശയങ്ങൾ, എ.ഐ.യുടെ സഹായത്തോടെ കുറഞ്ഞ ചെലവിൽ യാഥാർഥ്യമാക്കാനാകുമെന്ന സന്ദേശവും ഈ ആൽബം മുന്നോട്ടുവയ്ക്കുന്നു. ഗാനം യുട്യൂബിൽ ലഭ്യമാണ്.
Content Highlights: No Camera, No Singers: Groundbreaking AI-Generated Malayalam Music Album Wins Hearts