രണ്ടേ രണ്ടു വരികളിൽനിന്നാണ് ആ പാട്ടുണ്ടായത്, 'ഇനിയുണ്ടാകുമോ അതുപോലൊരു കവിത?'

ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണത്തിനിടെ 'കരയുന്നോ പുഴ ചിരിക്കുന്നോ' എന്ന പാട്ടിനെ കുറിച്ച് ചോദിച്ചപ്പോൾ ഒരു നിമിഷം മൗനിയായി ചിദംബരനാഥ്. പിന്നെ ആത്മഗതമെന്നോണം പറഞ്ഞു: 'ഇന്നലെ ഓർത്തതേയുള്ളൂ ആ പാട്ടിനെപ്പറ്റി'.
കോഴിക്കോട്ടുനിന്ന് ഒരു യാത്ര കഴിഞ്ഞെത്തിയതാണ് അദ്ദേഹം. 'ട്രെയിൻ പട്ടാമ്പി വഴി കടന്നുപോയപ്പോൾ ഭാരതപ്പുഴ കണ്ടു. സങ്കടം തോന്നി. ആകെ വരണ്ടുകിടക്കുന്നു. കുറച്ചു നീർച്ചാലുകൾ മാത്രം കാണാം. പെട്ടെന്ന് ഓർമവന്നത് ഭാസ്കരൻ മാഷും ഞാനും ചേർന്നുണ്ടാക്കിയ 'മുറപ്പെണ്ണി'ലെ പാട്ടാണ്- 'കരയുന്നോ പുഴ ചിരിക്കുന്നോ കണ്ണീരുമൊലിപ്പിച്ചു കൈവഴികൾ പിരിയുമ്പോൾ കരയുന്നോ പുഴ ചിരിക്കുന്നോ...'
പാട്ടിന്റെ ചരണത്തിലെ വരികൾ മൂളുന്നു ചിദംബരനാഥ്: 'തീരത്തിനറിയില്ല മാനത്തിനറിയില്ല തീരാത്ത നിങ്ങളുടെ വേദനകൾ... കാമുകിയെ കൈവിട്ട കാമുകന്റെ വരണ്ട മനസ്സ് മാത്രമല്ല, വരൾച്ച ബാധിച്ച പ്രകൃതിയുടെ കണ്ണീർ കൂടി ഭാസ്കരൻ മാഷ് അതിൽ ഒളിച്ചുവെച്ചിട്ടുള്ള പോലെ. പുഴയുടെ തീരത്ത് കുറച്ചു നേരം വണ്ടി നിർത്തിയിട്ടപ്പോൾ ഓർമവന്നത് 'മുറപ്പെണ്ണി'ലെ ബാലനെയാണ്. അവിടെയെങ്ങോ ഇരുന്ന് നസീർ സാർ യേശുവിന്റെ പാട്ടിനൊത്ത് ചുണ്ടനക്കും പോലെ.'
'ആയിരം ഗാനങ്ങൾ തൻ ആനന്ദ ലഹരി' എന്ന ദൂരദർശൻ പരമ്പര (സംവിധാനം: എം.എസ്. നസീം) ചിത്രീകരിക്കാൻ ചെന്നൈ സാലിഗ്രാമിലെ ചിദംബരനാഥിന്റെ വീട്ടിൽ എത്തിയതായിരുന്നു ഞങ്ങൾ; മൂന്ന് പതിറ്റാണ്ടോളം മുൻപ്. 'എപ്പോൾ ഫോൺ വിളിക്കുമ്പോഴും ആ പാട്ടിന്റെ വരികൾ മൂളിയാണ് ഭാസ്കരൻ മാഷ് സംസാരം തുടങ്ങുക: മറക്കുവാൻ പറയുവാൻ എന്തെളുപ്പം, മണ്ണിൽ പിറക്കാതിരിക്കലാണതിലെളുപ്പം... മാഷിനും എനിക്കും മാത്രമല്ല സംവിധായകൻ വിൻസന്റ് മാഷിനും നിർമാതാവ് ശോഭന പരമേശ്വരൻ നായർക്കും അഭിനയിച്ച പ്രേംനസീറിനുമൊക്കെ ഏറെ പ്രിയപ്പെട്ട വരികൾ.
'ഇനിയുണ്ടാകുമോ അതുപോലൊരു കവിത?', ദീർഘനിശ്വാസത്തോടെ സംഗീത സംവിധായകൻ സ്വയം ചോദിക്കുന്നു.
എം.ടിയുടെ തിരക്കഥയിൽനിന്ന് വിൻസന്റ് സംവിധാനം ചെയ്ത 'മുറപ്പെണ്ണി'ൽ (1965) പ്രേംനസീർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ആന്തരിക സംഘർഷങ്ങൾ മുഴുവൻ ചിമിഴിലെന്നോണം ഒതുക്കിവെച്ചിരിക്കുകയാണ് ഭാസ്കരൻ മാഷ് തന്റെ രചനയിൽ. മനുഷ്യബന്ധങ്ങളുടെ തകർച്ചയെ കുറിച്ച് ഇത്രയും ഭാവതീവ്രമായി എഴുതപ്പെട്ട വേറെ ഗാനങ്ങളുണ്ടോ എന്ന് സംശയം. പ്രകൃതിയും പ്രണയവും വിരഹവുമെല്ലാം കൈകോർത്തു നിൽക്കുന്ന പാട്ട്.
'മറക്കുവാൻ പറയുവാൻ എന്തെളുപ്പം മണ്ണിൽ പിറക്കാതിരിക്കലാണതിലെളുപ്പം, മറവി തൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും ഓർമകൾ ഓടിയെത്തി ഉണർത്തിടുന്നൂ', എന്ന രണ്ടേ രണ്ടു വരികളിൽനിന്നാണ് ആ പാട്ടുണ്ടായതെന്ന് ഒരിക്കൽ ഭാസ്കരൻ മാഷ് പറഞ്ഞുകേട്ടിട്ടുണ്ട്. മുൻപെപ്പോഴോ ഒരു യാത്രയ്ക്കിടയിൽ മനസ്സിൽ കുറിച്ചിട്ട വരികൾ. പിന്നീട് 'മുറപ്പെണ്ണി'ലെ കഥാസന്ദർഭത്തിന് ഇണങ്ങുംവിധം ആ വരികൾ കൂടി ചേർത്ത് പുതിയൊരു പാട്ട് എഴുതുകയായിരുന്നു മാസ്റ്റർ.
ചിദംബരനാഥിനും മറക്കാനാവില്ല ആ വരികൾ. 'ഇഷ്ടം തോന്നിയതുകൊണ്ട് ആദ്യം ചിട്ടപ്പെടുത്തിയത് ആ വരികളാണ്. ആ ഭാഗം എല്ലാവരും ഓക്കേ പറഞ്ഞ ശേഷമാണ് പല്ലവിയിലേക്ക് കടന്നത്'. പിന്നീട് യേശുദാസിന്റെ സ്വരത്തിൽ ആ പാട്ട് സ്പീക്കറുകളിലൂടെ ഒഴുകിവന്നപ്പോൾ രേവതി സ്റ്റുഡിയോയിൽ വിൻസന്റ് മാസ്റ്റർ ഉൾപ്പെടെ അത് കേട്ടിരുന്ന സകലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു എന്ന് ചിദംബരനാഥ്.
Content Highlights: Today marks the death anniversary of legendary Malayalam music composer BA Chidambaranath, known for creating timeless classics. In an emotional throw-back, Chidambaranath recalled how the drying Bharathapuzha river reminded him of the iconic song "Karayunno Puzha Chirikyunno" from the movie 'Murapennu'. He shared that lyricist P. Bhaskaran Master used to frequently hum the lines "Marakkuvan Parayan Entheluppam" whenever they spoke over the phone. The emotionally charged lines of the song were originally jotted down by P. Bhaskaran during a previous journey before adapting them into MT Vasudevan Nair's script. During the recording session at Revathy Studio, the deeply moving composition sung by K.J. Yesudas brought tears to director Vincent and everyone present in the room.