മിന്നൽ മുരളി തിയേറ്ററിൽ റിലീസ് ചെയ്യാനാകാത്തത് ട്രോമയിലേക്ക് നയിച്ചു, സിനിമ ഒഴിയാബാധ -ബേസിൽ

#മൂവി ഡെസ്ക്
ബേസിൽ ജോസഫ് | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ \ മാതൃഭൂമി
ബേസിൽ ജോസഫ് | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ \ മാതൃഭൂമി

ചെങ്ങന്നൂർ: സിനിമ ഒഴിയാബാധയായാൽ ഒരിക്കലും ബ്രേക്കെടുക്കാൻ കഴിയില്ലെന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. കരിയറിൽ താൻ ഇപ്പോൾ തന്നോടുതന്നെ മത്സരിക്കുകയാണെന്നും ബേസിൽ പറഞ്ഞു. ‘പംപാ’ സാഹിത്യോത്സവത്തിൽ മാധ്യമപ്രവർത്തകൻ മനീഷ് നാരായണനുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

‘പൊൻമാൻ’ സിനിമയാണ് അഭിനയിച്ചതിൽ ഏറെ ഇഷ്ടം. ചിത്രത്തിലെ പി.പി. അജേഷ് എന്ന കഥാപാത്രത്തെ ഉൾക്കൊണ്ടവതരിപ്പിക്കാൻ സഹായകമായത് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലാണ്. കൃതിയോടു നീതിപുലർത്താൻ പരമാവധി ശ്രമിച്ചു.
തിയേറ്ററിലുണ്ടാകുന്ന പ്രേക്ഷകസ്വീകാര്യത ഒരിക്കലും ഒ.ടി.ടി. പ്ലാറ്റ്‌ഫോമിൽ കിട്ടില്ല. മിന്നൽ മുരളി തിയേറ്ററിൽ റിലീസ് ചെയ്യാത്തതിൽ നല്ല വിഷമമുണ്ട്. അവസാനഘട്ടത്തിലാണ് തിയേറ്റർ റിലീസിനുള്ള സാഹചര്യമില്ലാതെ പോയത്. അക്കാലത്ത് വലിയ ട്രോമയിലേക്കു വഴുതിവീണെന്നും പിന്നെ യാഥാർഥ്യവുമായി പൊരുത്തപ്പെട്ടുവെന്നും ബേസിൽ പറഞ്ഞു.

തന്റെ ജീവിതവും താനനുഭവിച്ച സാഹചര്യങ്ങളുമാണ് എഴുത്തിലൂടെ ആവിഷ്കരിക്കുന്നതെന്ന് എഴുത്തുകാരനും തിരക്കഥാകൃത്തുമായ വിനോയ് തോമസ് അഭിപ്രായപ്പെട്ടു. കെ. രാജഗോപാൽ മോഡറേറ്ററായിരുന്നു.

Content Highlights: Speaking at the Pampa Literary Festival in Chengannur, actor-director Basil Joseph revealed that skipping a theatrical release for 'Minnal Murali' plunged him into trauma, while emphasizing that cinema is an obsession he can never step away from.