ആ വെള്ളപ്പൊക്കത്തിൽ അച്ചാച്ചന്റെ മൃതദേഹവുമായി ഞങ്ങൾ വെള്ളമിറങ്ങുന്നതും കാത്തിരുന്നു -ക്രിസ്റ്റോ ടോമി

#ആനന്ദ്
ക്രിസ്റ്റോ ടോമി, ഉള്ളൊഴുക്ക് പോസ്റ്റർ | photo: instagram/christo tomy
ക്രിസ്റ്റോ ടോമി, ഉള്ളൊഴുക്ക് പോസ്റ്റർ | photo: instagram/christo tomy

2018-ൽ ആമിർ ഖാൻ, രാജ് കുമാർ ഹിറാനി എന്നിവർ അടങ്ങുന്ന ജൂറിയുടെ നേതൃത്വത്തിൽ ദേശീയതലത്തിൽ നടന്ന 'സിനിസ്ഥാൻ ഇന്ത്യ' തിരക്കഥ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തിരക്കഥ. എഴുതിയത് ഒരു മലയാളി. ആറുവർഷങ്ങൾക്കുശേഷം ക്രിസ്റ്റോ ടോമി എന്ന ആ ചെറുപ്പക്കാരന്റെ തിരക്കഥ 'ഉള്ളൊഴുക്ക്' എന്ന പേരിൽ വെള്ളിത്തിരയിലെത്തുകയാണ്. ഉർവശി, പാർവതി എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിന് പ്രചോദനം സംവിധായകന്റെതന്നെ ഒരു ജീവിതാനുഭവമാണ്. ഉള്ളൊഴുക്കിനേക്കുറിച്ച് ക്രിസ്റ്റോ ടോമി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

പാർവതിയും ഉർവശിയും പോലെ രണ്ട് മികച്ച അഭിനേതാക്കളോടൊപ്പം സിനിമ ചെയ്യുക. ആ അനുഭവം എങ്ങനെയായിരുന്നു?

ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്. ഏതൊരു സംവിധായകനും പാർവതിയെയും ഉർവശി ചേച്ചിയും പോലുള്ള അഭിനേതാക്കളുടെ കൂടെ വർക്ക് ചെയ്യുന്നത്‍ ഒരു സ്വപ്നമാണ്. എനിക്കിത് വലിയ ലേണിങ് എക്സ്പീരിയൻസാണ്. കഥാപാത്രത്തെ മനസ്സിലാക്കാൻ രണ്ടുപേരും ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്.

ഉർവശി ചേച്ചിയെക്കുറിച്ച് പറയുകയാണെങ്കിൽ അവർ ഒരു ലെജൻഡറി ആക്ടറാണ്. 90-കൾ മുതൽ ഞാൻ കണ്ട് പരിചിതമായ ഒരു മുഖമാണ് ചേച്ചിയുടെ. ആ എക്സ്പീരിയൻസ് ഏതൊരാൾക്കും ക്യാമറയ്ക്കു മുന്നിൽ കാണാം. രണ്ടുമിനിറ്റോളം വരുന്ന ഒരു രംഗത്തിൽ ചേച്ചിയുടെ മാജിക്കൽ പെർഫോമൻസ് കണ്ട് കോരിത്തരിച്ച ഞങ്ങൾ നിന്നുപോയിട്ടുണ്ട്.

അതുപോലെ പാർവതിയും ഒരുപാട് നാളത്തെ ഇൻഡസ്ട്രി എക്സ്പീരിയൻസ് ഉള്ള ഒരു നടിയാണ്. ഒരുപാട് ഹോംവർക്ക് ചെയ്യുന്നയാളാണ്. താൻ ചെയ്യുന്ന കഥാപാത്രത്തിന്റെ കോസ്റ്റ്യൂം പോലും ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ രണ്ട് മാസം മുമ്പേ ചോദിച്ചു മനസ്സിലാക്കും. അതുപോലെ സിനിമയിൽ വള്ളം തുഴയുന്ന രംഗമുണ്ട്. അത് എങ്ങനെ ചെയ്യണം എന്നൊക്കെ കണ്ട് മനസ്സിലാക്കി പഠിച്ചു. ഒരുപാട് കാര്യങ്ങൾ പാർവതി സ്വയം മുന്നിട്ടിറങ്ങി ചെയ്യും. അതുകൊണ്ട് സംവിധായകൻ എന്ന നിലയ്ക്ക് എൻ്റെ ജോലി ഒരുപാട് എളുപ്പമായി മാറിയിട്ടുണ്ട്.

ചിത്രത്തിലെ ആലപ്പുഴയിലെ വെള്ളപ്പൊക്കം ഒരു പ്രധാന ഘടകമായി വരുന്നുണ്ട്. അതിന്റെ ചിത്രീകരണം എങ്ങനെയായിരുന്നു?

ചിത്രീകരണം വളരെ ബുദ്ധിമുട്ടായിരുന്നു. ചിത്രത്തിൽ വെള്ളപ്പൊക്കത്തിന്റെ ചില രംഗങ്ങളുണ്ട്. അതിൽ ഒറിജിനൽ വെള്ളപ്പൊക്കവും കൃത്രിമമായി സൃഷ്ടിച്ചതും ഉണ്ട്. വെള്ളത്തിൽ നിന്നുകൊണ്ടുള്ള രംഗങ്ങൾ ഷൂട്ട് ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ലൈറ്റ് ബോയ്സ് ഒക്കെ മുഴുവൻ നേരം വെള്ളത്തിൽ നിന്നിട്ട് കാലിനു മുറിവൊക്കെ ഉണ്ടായിട്ടുണ്ട്. ഉർവശി ചേച്ചിക്ക് പോലും ബുദ്ധിമുട്ട് ഉണ്ടായിരുന്നു.

പ്രധാനമായിട്ടും വെള്ളപ്പൊക്കം എങ്ങനെ സൃഷ്ടിക്കാൻ സാധിക്കും എന്നതായിരുന്നു ആദ്യ ചിന്ത. വെള്ളം പമ്പ് ചെയ്ത് കയറ്റിയാൽത്തന്നെ അത് അതേപടി നിലനിർത്താൻ പറ്റുമോ, പാടത്തൊക്കെ സെറ്റ് ഇട്ടാൽ മതിയോ എന്നൊക്കെ ആലോചിച്ചിരുന്നു. പിന്നീട് റിയൽ ആയിട്ടുള്ള ഒരു വീട് എടുത്ത് വെള്ളപ്പൊക്കം സൃഷ്ടിക്കാം എന്ന തീരുമാനത്തിൽ എത്തി. വെള്ളം പമ്പ് ചെയ്താൽതന്നെ വെള്ളം ഭൂമിയിലേക്ക്‌ വലിച്ചെടുക്കുമോ, അത് എത്ര നേരം അതേനിലയിൽ നിലനിൽക്കും എന്നൊക്കെ സംശയമായിരുന്നു. അതുകൊണ്ടാണ് മഴക്കാലത്ത് തന്നെ ആ രംഗങ്ങൾ ഷൂട്ട് ചെയ്യാൻ തീരുമാനിക്കുന്നത്. ഒന്നര ഏക്കറിൽ ബണ്ട് കെട്ടി നിർത്തിയിട്ടാണ് വെള്ളപ്പൊക്കത്തിൻ്റെ രംഗങ്ങളെല്ലാം ഷൂട്ട് ചെയ്തത്.

ചിത്രത്തിൽ നിന്ന്

അതേസമയം, സിങ്ക് സൗണ്ട് ചെയ്തത് കൊണ്ട് ഷോട്ടിനിടയിൽ വെള്ളം പമ്പ് ചെയ്യാനും മറ്റും പരിമിതികൾ ഉണ്ടായിരുന്നു. ഇത് ഒഴിവാക്കാനായി തലേ ദിവസം തന്നെ വെള്ളപ്പൊക്കത്തിനു വേണ്ട സാഹചര്യം ഉണ്ടാക്കേണ്ടതായി വന്നിട്ടുണ്ട്.

'ഉള്ളൊഴുക്ക്' എന്ന കഥ സ്വന്തം ജീവിതത്തിൽ നിന്നുള്ള ഒരു അനുഭവമാണ് എന്ന് കേട്ടല്ലോ. സത്യമാണോ?

എന്റെ അമ്മയുടെ വീട് കുട്ടനാടാണ്. അവിടെ എല്ലാ വർഷവും വെള്ളം പൊങ്ങും. 2005-ൽ വെള്ളപ്പൊക്ക സമയത്ത് ഞാൻ അവിടെ ഉണ്ട്. അന്നാണ് എൻ്റെ അച്ചാച്ചൻ മരിക്കുന്നത്. ഞങ്ങൾ എട്ട് ഒമ്പത് ദിവസം മൃതദേഹവുമായി വെള്ളം ഇറങ്ങുന്നതും കാത്തിരുന്നു. അതിൽ നിന്നാണ് ഈ സിനിമയുടെ ആ കഥ തന്നെ ജനിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങൾ തന്നെ ഞാൻ കണ്ടതും കേട്ടതുമായ പല കഥകളും മനുഷ്യരുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്നാൽ ഒരു വ്യക്തിയെ മാത്രം ആസ്‌പദമാക്കി എഴുതിയ കഥയല്ല.

'ഉള്ളൊഴുക്കിന്റെ' തിരക്കഥ 2018ൽ ദേശീയ തലത്തിൽ താങ്കൾക്ക് പുരസ്‌കാരം നേടിത്തന്നല്ലോ. എന്തുകൊണ്ടാണ് സിനിമയായി പുറത്തിറങ്ങാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നത്?

സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ( SRFTI ) നിന്നും പഠിച്ചിറങ്ങിയ കാലം മുതൽ സിനിമ ചെയ്യുക എന്നത് തന്നെയായിരുന്നു ആഗ്രഹം. ഈ കഥ സിനിമയായി കാണണം എന്നുതന്നെ ആഗ്രഹിച്ചിരുന്നു. 2016ലാണ് ഉള്ളൊഴുക്കിന്റെ കഥ എഴുതി തുടങ്ങുന്നത്. എന്നാൽ ആ തിരക്കഥ സിനിമയായി മാറാൻ ഇത്രയും വർഷം കാത്തിരിക്കേണ്ടി വരുമെന്നൊന്നും അന്ന് കരുതിയിരുന്നില്ല. അത് കഴിഞ്ഞ കോവിഡ് വന്നു. ആ സമയത്ത് പ്രൊജക്റ്റ് മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത സ്ഥിതി വന്നു. മറ്റുചില കാരണങ്ങൾ കൊണ്ടും നമ്മൾ വിചാരിച്ചതിനും കൂടുതൽ സമയം സിനിമ പൂർത്തീകരിക്കാനെടുത്തു എന്നതാണ് സത്യം.

ആദ്യം ഇതൊരു ചെറിയ സിനിമയായി ചെയ്യണം എന്നായിരുന്നു ആലോചിച്ചിരുന്നത്. അന്ന് ഇതൊരു വലിയ കാൻവാസിൽ ഉർവശി ചേച്ചിയും പാർവതിയും ഒക്കെയുള്ള സിനിമയായി മാറും എന്ന് ഒരിക്കലും കരുതിയിരുന്നില്ല.

ഒരുപാട് ഇമോഷണൽ രംഗങ്ങൾ ട്രൈലറിൽ കാണാം? ഉർവശി ചേച്ചിയുടെ വ്യത്യസ്തമായ ഒരു മുഖം പ്രതീക്ഷിക്കാമോ?

ഒരുപാട് നല്ല സീനുകളുണ്ട്. ഞാൻ എഴുതിയതിന്റെ അപ്പുറം പാർവതിയും ചേച്ചിയും ഡെലിവർ ചെയ്ത രംഗങ്ങൾ. സെക്കൻഡ് ഹാഫിലെ ഒരു സീനാണ് ഒരുപാട് കാരണങ്ങൾ കൊണ്ട് ഈ സിനിമയിലെ എന്റെ പ്രിയപ്പെട്ട രംഗം. ചേച്ചിയുടെ രണ്ട് മിനിറ്റോളം ഒരു കട്ട് പോലും ഇല്ലാതെ എടുത്ത മറ്റൊരു രംഗമുണ്ട്. രണ്ടു മൂന്ന് ഷോട്ടുകൾ ആ സീനിൽ ഉൾപ്പെടത്തണം എന്നൊക്കെ ആദ്യം പ്ലാൻ ചെയ്തിരുന്നതെങ്കിലും ചേച്ചി ഒറ്റ ടേക്കിൽ ആ സീൻ ഡെലിവർ ചെയ്‌തു. അതിനെ ഒരു മാജിക്കൽ പെർഫോമൻസ് എന്നൊക്കെ പറയാം. അതുപോലെ നമ്മളെ ചേച്ചി അദ്ഭുതപ്പെടുത്തിയ ഒരുപാട് രംഗങ്ങളുണ്ട്.

സുഷിൻ ശ്യാമിന്റെ മ്യൂസിക്?

സുഷിൻ വളരെ സ്ട്രൈറ്റ് ഫോർവേഡും ഓപ്പണുമായ ഒരാളാണ്. ഒരു സീൻ ഷൂട്ട് ചെയ്ത് അത് കാണുകയാണെങ്കിൽ സുഷിൻ ആ സീനിൽ ഏത് ഇമോഷനാണ് കിട്ടുന്നത്, അത് കിട്ടുന്നുണ്ടോ ഇല്ലയോ എന്നൊക്കെ പറയും. അത് പലപ്പോഴും വളരെ സഹായകരമാണ്. അങ്ങനെ സുഷിൻ ഒരുപാട് ഹെൽപ്പ് ചെയ്‌തിട്ടുണ്ട്‌. അതുപോലെ സുഷിന്റെ മ്യൂസിക് ഇല്ലാതെ ഈ സിനിമ എനിക്ക് ആലോചിക്കാനേ പറ്റില്ല.

ഒരുപാട് ശ്രദ്ധേയമായ മലയാള സിനിമകൾ ഇറങ്ങിയ വർഷമാണല്ലോ '2024'. പുതുമുഖ സംവിധായകർക്കും വ്യത്യസ്ത കഥകൾക്കും കടന്നുവരാനുള്ള ഒരു സാഹചര്യം കേരളത്തിൽ രൂപപ്പെട്ടിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ടോ?

ഇതൊരു നല്ല സമയമാണെന്ന് തോന്നിയിട്ടുണ്ട്. ഒരുപാട് സിനിമകൾ ഈ വർഷം ബോക്സ് ഓഫീസിൽ വലിയ വിജയം നേടുകയുണ്ടായി. പ്രധാനപ്പെട്ട കാര്യം എന്നത് പല വ്യത്യസ്ത ആശയങ്ങൾ പറയുന്ന ചിത്രങ്ങളായിരുന്നു അവ. ഭ്രമയുഗമാണെങ്കിലും പ്രേമലുവാണെങ്കിലും മഞ്ഞുമ്മൽ ബോയ്‌സ് ആണെങ്കിലും, അതുപോലെയുള്ള വ്യത്യസ്ത സിനിമ ചെയ്യാനുള്ള ഒരു അവസരം ഇവിടെ ഉണ്ട്. പരീക്ഷണ ചിത്രങ്ങളോട് നല്ല സമീപനമാണ് ഇപ്പോൾ പ്രേക്ഷകർ നൽകുന്നതും.

Content Highlights: ullozhukku movie director christo tomy interview