പോലീസ് ജീവിതത്തിലെ ഭയപ്പെടുത്തുന്ന ഓർമകൾ തലച്ചോറിനെ ശല്യം ചെയ്യാറുണ്ട്-ഷാഹി കബീർ | INTERVIEW

‘ഷാഹി കബീറിന്റെ U 14 പ്ലസ് സർട്ടിഫിക്കറ്റ് കിട്ടിയ ആദ്യ സിനിമയാണ് ഉന്മാദം. സ്ഥിരം ഷാഹി കബീർ സിനിമകളിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾക്കും ഈ ചിത്രം കാണാം...’ പറയുകയാണ് മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ. ഷാഹി കബീറിന്റെ തിരക്കഥയിൽ നവാഗതനായ കിരൺ ദാസ് സംവിധാനം ചെയ്യുന്ന ഉന്മാദത്തിന്റെ വിശേഷങ്ങൾ കുഞ്ചാക്കോ ബോബൻ, ഷാഹി കബീർ, കിരൺ ദാസ് ലിജോ മോൾ എന്നിവർ പങ്കുവയ്ക്കുന്നു.
വീണ്ടും ഒരു ഷാഹി കബീർ - കുഞ്ചാക്കോ ബോബൻ ചിത്രം
കുഞ്ചാക്കോ ബോബൻ : ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ശേഷം ഞാനും ഷാഹിയും ഒന്നിക്കുന്ന സിനിമയാണ് ഉന്മാദം. ഷാഹി കബീറിന്റെ മുൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായി 'ഉന്മാദത്തിന്' യു/എ (U/A) സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ ഷാഹിയുടെ ആദ്യ 13 പ്ലസ് ചിത്രമാണ് ഉന്മാദം. അപ്പോൾ അതിന്റെ ഒരു മേന്മ എന്തായാലും മെച്ചം അല്ലെങ്കിൽ ഒരു മാറ്റം ഉന്മാദത്തിന് ഉണ്ടാകും എന്നുള്ളത് ഉറപ്പിച്ചു പറയാം. സെൻസർ ബോർഡ്കാർ തന്നെ ഞെട്ടിപ്പോയി, ഇത് ഷാഹി തന്നെയല്ലേ എന്ന്. ആൾക്കാർക്ക് എപ്പോഴും ഒരു പ്രതീക്ഷ ഉണ്ട് ഇത് ഷാഹി കബീർ ഫിലിം എന്ന് പറയുമ്പോൾ ഇങ്ങനെ ഒരു സംഭവം ആയിരിക്കും എന്ന് കരുതുന്നവരാണ്. അതിൽ നിന്ന് മാറിയിട്ടുള്ള ഒരു യാത്ര ആയിരിക്കും ഉന്മാദവും അതിലെ ഷെല്ലി എന്ന ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രവും ബാക്കി കഥാപാത്രങ്ങളും. ഷാഹിയുടെ തന്നെ ജീവിതത്തിൽ നിന്ന് പ്രചോദനമായിട്ടുള്ള കഥാപാത്രങ്ങളും പശ്ചാത്തലവുമാണ്. അത് കുറച്ചുകൂടെ സിനിമാറ്റിക് ആയിട്ട് വേറൊരു രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്.
ഷാഹി കബീർ: ഇതിനെ ട്രാക്ക് മാറ്റമായി കാണുകയൊന്നും വേണ്ട കേട്ടോ. ഈ സിനിമ ഇങ്ങനെയാണ് പറയേണ്ടത്. സാധാരണ എന്റെ സിനിമകൾ 'ഡാർക്ക്' ആയിരിക്കും എന്നൊരു മുൻവിധി ആളുകൾക്കുണ്ട്, എന്നാൽ ആ പതിവ് രീതികളിൽ നിന്നുള്ള ഒരു മാറ്റമായിരിക്കും ഉന്മാദം.
ഒരു സംസ്ഥാന പുരസ്കാര ജേതാവായ എഡിറ്ററിൽ നിന്നാണ് സംവിധായകനിലേക്ക് മാറ്റം വന്നിരിക്കുന്നത്. ഇത് സമ്മർദമായിരുന്നോ കിരണിന്?
കിരൺ ദാസ് : തീർച്ചയായും, സംവിധാനം എപ്പോഴും സമ്മർദം ഉള്ള ജോലിയാണ്. സ്റ്റേറ്റ് അവാർഡ് ഒക്കെ കിട്ടിയ എഡിറ്റർ എന്ന നിലയിൽ ആളുകൾക്ക് വലിയ പ്രതീക്ഷ ഉണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു. എങ്കിലും കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഞാൻ ഈ പ്രോസസ് എൻജോയ് ചെയ്യാൻ തുടങ്ങി. പിന്നെ ഒരു എഡിറ്ററെന്ന നിലയിൽ സംവിധാനം ചെയ്യുമ്പോഴേ എഡിറ്റ് വേണ്ടാത്ത ഭാഗങ്ങൾ എടുക്കാൻ സാധിക്കുമായിരുന്നു. ഞാൻ എഡിറ്റ് പ്ലാൻ ചെയ്ത് തന്നെയാണ് ഷൂട്ട് ചെയ്തത്. അതുകൊണ്ട് തന്നെ എക്സ്ട്രാ ഓപ്ഷനുകൾ അധികം ഷൂട്ട് ചെയ്തില്ല. കൃത്യമായി പ്ലാൻ ചെയ്ത് ഷൂട്ട് ചെയ്യുന്നത് എഡിറ്റിംഗ് എളുപ്പമാക്കും
എഴുതിയിട്ടുള്ള പോലീസ് കഥാപാത്രങ്ങളിൽ ഏതിലെങ്കിലും ഷാഹി കബീറിന്റെ ഷെയ്ഡ് ഉണ്ടോ ?
ഷാഹി : റോന്തിലെ റോഷന്റെ കഥാപാത്രം ഏകദേശം ഞാനുമായിട്ട് സിമിലർ ആയിരുന്നു. പിന്നെ എന്റെ എല്ലാ കഥാപാത്രങ്ങളിലും എന്റെ എന്തൊക്കെയോ ഫ്ലേവറുകൾ ഉണ്ട്. ഷെല്ലിയിൽ അത് കുറച്ചധികം ഉണ്ട്.
കുഞ്ചാക്കോ : ഷെല്ലി എന്ന് പറയുന്നത് ഷാഹി തന്നെയാണ്. സിനിമ ഇറങ്ങിക്കഴിഞ്ഞാൽ ഷാഹിയെ അടുത്തറിയാവുന്നവർക്ക് ഇത് ഇയാൾ തന്നെയല്ലേ എന്ന് തോന്നിപ്പോകും. പലരും എന്നോട് ചോദിക്കാറുണ്ട് ഈ പോലീസ് കഥാപാത്രം ആവാൻ വേണ്ടി തയ്യാറെടുപ്പുകൾ എന്തൊക്കെയാണ് ചെയ്തിട്ടുള്ളതെന്ന്. ഇതിൽ ശരിക്കും പറഞ്ഞാൽ അങ്ങനത്തെ തയ്യാറെടുപ്പുകൾ എടുക്കേണ്ടി വന്നിട്ടില്ല. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ നേരെ ഷാഹിയെ ഇങ്ങനെ നോക്കിയാൽ മതി. അപ്പോൾ തന്നെ കറക്ട് മീറ്റർ കിട്ടും. ഷാഹി ഷൂട്ടിംഗ് സമയത്ത് മുഴുവൻ കൂടെയുണ്ടായിരുന്നത് വലിയ സഹായമായി
ലിജോ കുഞ്ചാക്കോ ബോബനൊപ്പം ആദ്യമായാണ് ?
ലിജോമോൾ ജോസ്: കുട്ടിക്കാലം മുതൽ കണ്ടു വളർന്ന നായകനാണ് ചാക്കോച്ചൻ. നിറം ഇറങ്ങുമ്പോൾ ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുകയാണ്. അന്ന് എന്റെ അനിയത്തിക്ക് ചാക്കോച്ചനോട് വലിയ ക്രഷ് ഉണ്ടായിരുന്നു. അവളെ ഈ സിനിമയുടെ സെറ്റിൽ വച്ച് ചാക്കോച്ചന് പരിചയപ്പെടുത്തി കൊടുത്തു.. അനിയത്തി വന്ന് ചാക്കോച്ചനെ കാണുകയും ഫോട്ടോ എടുക്കുകയും ചെയ്തു. പിന്നെ ഞാനൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന നായകനാണ്. കൂടെ അഭിനയിക്കുമ്പോഴും അത്രയധികം കംഫർട്ട് ഉണ്ടായിരുന്നു.
പോലീസ് ജീവിതത്തിൽ കണ്ടിട്ടുള്ള കാര്യങ്ങൾ ഷാഹിയെ എപ്പോഴെങ്കിലും ഭയപ്പെടുത്തിയിട്ടുണ്ടോ ?
ഷാഹി കബീർ: സത്യം പറഞ്ഞാൽ എനിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാണ്. പോലീസ് ജീവിതത്തിനിടയിൽ തൂങ്ങിമരണങ്ങളും മറ്റും ഒരുപാട് കണ്ടിട്ടുണ്ട്. രാത്രി ഒറ്റയ്ക്ക് മുറിയിൽ ഇരിക്കുമ്പോൾ ഫാനിൽ ആരെങ്കിലും തൂങ്ങി മരിച്ചിട്ടുണ്ടോ എന്നൊക്കെ ഞാൻ ചിന്തിക്കാറുണ്ട്. ഇത്തരം ചിന്തകൾ എന്റെ തലച്ചോറിനെ ശല്യം ചെയ്യാറുണ്ട്.
https://youtu.be/u0RpVnR0vws?si=iLI7fCY1Pab4-gM5
തുടർച്ചയായി വന്ന പോലീസ് വേഷങ്ങൾ ?
കുഞ്ചാക്കോ ബോബൻ: ഞാൻ തുടർച്ചയായി പോലീസ് വേഷങ്ങൾ അങ്ങനെ ചെയ്തിട്ടില്ല. ഇടയ്ക്ക് മറ്റ് സിനിമകളും ചെയ്യുന്നുണ്ട്. എന്നാൽ ഞാൻ ചെയ്ത പോലീസ് വേഷങ്ങൾ പ്രേക്ഷകർക്ക് വലിയ ഇമ്പാക്ട് ഉണ്ടാക്കിയത് കൊണ്ടാകാം അങ്ങനെ തോന്നുന്നത്. ഉന്മാദത്തിലെ പോലീസ് വേഷം മുൻപ് ചെയ്തവയിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.
'സൗമ്യ' എന്ന കഥാപാത്രത്തെക്കുറിച്ച് ലിജോയ്ക്ക് എന്താണ് പറയാനുള്ളത്?
ലിജോമോൾ ജോസ്: പേര് പോലെ അത്ര സൗമ്യയല്ല ഈ കഥാപാത്രം. സാഹചര്യങ്ങൾ കൊണ്ട് ദേഷ്യപ്പെടേണ്ടി വരുന്ന ഒരാളാണ് സൗമ്യ. ഒരു ഫാമിലി റിലേഷൻഷിപ്പിൽ അല്പം ഡോമിനേറ്റ് ചെയ്ത് നിൽക്കുന്ന വേഷമാണിത്.
ഉന്മാദം ഏത് ജോണറിൽ പെട്ട സിനിമയാണ്?
കിരൺ ദാസ് : ഇതൊരു മൾട്ടി-ജോണർ സിനിമയാണ്. ഫാമിലി, ഹൊറർ, ഡ്രാമ, ത്രില്ലർ, ആക്ഷൻ, ഇൻവെസ്റ്റിഗേഷൻ എന്നിവയെല്ലാം ഉന്മാദത്തിലുണ്ട്. കോമഡി ആയിട്ട് ഒന്നും ചെയ്തിട്ടില്ലെങ്കിലും സിറ്റുവേഷണൽ ആയിട്ടുള്ള ഹ്യൂമർ സിനിമയിലുണ്ട്. സിനിമ തിയേറ്ററിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് പൂർണ്ണ സംതൃപ്തിയോടെ ഇറങ്ങിപ്പോരാൻ സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു
Content Highlights: Screenwriter Shahi Kabir and actor Kunchacko Boban, along with director Kiran Das and Lijomol Jose, opened up about their upcoming multi-genre film Unmadham, highlighting how it breaks away from Kabir's usual dark themes into a UA-rated theatrical experience.