ആദ്യ ഷോട്ട് ബാലചന്ദ്ര മേനോനൊപ്പം; സിനിമയിൽ അഭിനയിക്കാൻ പറ്റണേ എന്ന് പ്രാർത്ഥിച്ചിട്ടുണ്ട്-നീതു കൃഷ്ണ

പ്രതിഛായ എന്ന ചിത്രത്തിലെ റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിൽ വരവറിയിച്ചിരിക്കുകയാണ് നീതു കൃഷ്ണ. സിനിമയിൽ അഭിനയിക്കാൻ പറ്റണേ എന്ന് പ്രാർത്ഥിച്ചിരുന്ന സ്കൂൾ വിദ്യാർത്ഥിയിൽനിന്ന് ബിഗ് സ്ക്രീൻ നായികയിലേക്കുള്ള തന്റെ യാത്രയെ ഓർത്തെടുക്കുകയാണ് നീതു. ബി. ഉണ്ണിക്കൃഷ്ണൻ എന്ന സംവിധായകൻ, നായകനായി നിവിൻ പോളി, ഒരുപാട് നായികമാരെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത ബാലചന്ദ്ര മേനോനൊപ്പം ആദ്യ ഷോട്ട്... ആദ്യചിത്രത്തേക്കുറിച്ചുള്ള ഓർമകൾ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുകയാണ് നീതു.
എങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തിയത്? ഓഡിഷൻ ഉണ്ടായിരുന്നോ?
ഓഡിഷൻ ഉണ്ടായിരുന്നു. ജൂലൈയിലാണെന്ന് തോന്നുന്നു, കാസ്റ്റിങ് ഡയറക്ടറാണ് വിളിച്ചത്. സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ സാറിന്റെ ഒരു സുഹൃത്ത് എന്റെ പ്രൊഫൈൽ അയച്ചുകൊടുക്കുകയായിരുന്നു. ഓഡിഷന് വരാൻ പറ്റുമോ എന്ന് ചോദിച്ചു. രണ്ട് ദിവസത്തിനുള്ളിൽതന്നെ ഓഡിഷൻ നടന്നു. ലുക്ക് ടെസ്റ്റും കൂടെ ഉണ്ടായിരുന്നു. കോസ്റ്റ്യൂമോടെ സിനിമയിലെ മൂന്ന് സീൻ ചെയ്യിച്ചു. രണ്ട് മൂന്ന് പേരെക്കൂടെ നോക്കിയിട്ടായിരിക്കും ഫൈനൽ സെലക്ഷനുണ്ടാകൂ എന്ന് ഉണ്ണി സാർ പറഞ്ഞിരുന്നു. ഒരാഴ്ചയ്ക്കകംതന്നെ എന്നെ സെലക്ട് ചെയ്തെന്ന് പറഞ്ഞ് സാർ വിളിച്ചു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഒരുമാസംകൊണ്ടുതന്നെ ചിത്രീകരണം തുടങ്ങി.
കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ തന്ന വിവരണം
ഞാൻ പുതിയ ആളായതുകൊണ്ട് ടീമിനെക്കുറിച്ചൊന്നും അറിയില്ലല്ലോ. അപ്പോൾ ഷൂട്ടിന് ഒരു പത്ത് ദിവസം മുൻപുതന്നെ എല്ലാവരുമായും പരിചയപ്പെടാനും ഇടപഴകാനുമായി എന്നെ ഓഫീസിലേക്ക് വരുത്തുമായിരുന്നു. അങ്ങനെ ഓഫീസിൽ പോയ ആദ്യത്തെ ദിവസംതന്നെ എനിക്ക് മുഴുവൻ കഥയും പറഞ്ഞുതന്നു. സ്ക്രിപ്റ്റും വായിക്കാൻ തന്നു. റോസ് വളരെ ബോൾഡാണെന്നാണ് ആദ്യം പറഞ്ഞത്. പക്ഷേ, സോഫ്റ്റ് ആവേണ്ട സ്പേസിൽ സോഫ്റ്റ് ആണ്. വളരെ രാഷ്ട്രീയജ്ഞാനമുള്ള, ക്ലാരിറ്റി ഉള്ള, ഒരു കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തിൽ ജനിച്ചു വളർന്നിട്ടുള്ള, അതിൽ മാറ്റങ്ങൾ വരുത്താത്തയാളാണ് റോസ്. അവർ വേറൊരു പശ്ചാത്തലത്തിലേക്കാണ് കല്യാണം കഴിഞ്ഞു പോകുന്നത്.
ഒപ്പം അഭിനയിച്ചിട്ടുള്ളവരിൽ പലരും വളരെ സീനിയർ താരങ്ങളാണല്ലോ?
ബാലചന്ദ്ര മേനോൻ സാർ, നിഷാന്ത് ചേട്ടൻ പോലുള്ളവരെല്ലാം ഉണ്ടായിരുന്നെങ്കിലും സീനിയർമാരാണ് എന്നുള്ള രീതിയിലല്ല പെരുമാറിയിരുന്നത്. തുടക്കം മുതലേ എന്നെ കംഫർട്ടാക്കിയാണ് എല്ലാവരും കൊണ്ടുപോയിരുന്നത്. എന്റെ കഥാപാത്രം ശരിയായി ചെയ്യുക എന്നത് മാത്രമായിരുന്നു മനസിൽ. സീനിൽ എതിരെ നിൽക്കുന്നത് ആരാണെങ്കിലും സംവിധായകന് വേണ്ട ഔട്ട്പുട്ട് കൊടുക്കാൻ പറ്റണേ എന്നുമാത്രമായിരുന്നു പ്രാർത്ഥന. ഒരുപാട് നായികമാരെ മലയാളസിനിമയ്ക്ക് നൽകിയ ആളാണ് ബാലചന്ദ്ര മേനോൻ സാർ. അദ്ദേഹത്തിനൊപ്പമായിരുന്നു എന്റെ ആദ്യ ഷോട്ട്. അതെനിക്ക് അനുഗ്രമായി തോന്നി. ഷൂട്ട് കഴിയുമ്പോഴേക്കും സബിതാ മാഡവുമായി വളരെ അടുത്തു.
ബാലചന്ദ്ര മേനോൻ തന്ന ഒരുപദേശം
ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും ഇവരൊക്കെ എത്ര ഡെഡിക്കേറ്റഡ് ആണെന്ന് തോന്നിയിട്ടുണ്ട്. ഷൂട്ടിങ് എത്ര വൈകിയാലും ഒരു പ്രശ്നവുമില്ല. സിനിമയാണ് അവർക്ക് ജീവിതം. ഇടയ്ക്ക് ഞാൻ എന്റെ ചില സംശയങ്ങളൊക്കെ ചോദിച്ചിരുന്നു. ഒരു അഭിനേതാവിന് ഏറ്റവും കൂടുതൽ വേണ്ടതെന്ന് ഞാൻ ഒരു ദിവസം ചോദിച്ചിരുന്നു. സാമാന്യബോധം ഉണ്ടായാൽ മതി, നിങ്ങൾക്ക് എന്തും നന്നായി ചെയ്യാമെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.
നിവിൻ പോളി തന്ന പിന്തുണ?
നമ്മളെ നന്നായി പിന്തുണയ്ക്കുന്ന, കംഫർട്ടാക്കുന്നയാളാണ് നിവിൻ ചേട്ടൻ. ഞാൻ നിവിൻ പോളിയാണ് എന്നുള്ള ഫീലൊന്നും തരില്ല. ചില സീനുകളിൽ കണ്ണിന്റെ പവർ ഒന്ന് കൂട്ടിക്കോളൂ എന്നെല്ലാം നിർദേശങ്ങൾ തരും. പൊതുവേ അദ്ദേഹം നന്നായി ചിരിക്കുന്നയാളാണ്. ഞാനാകട്ടെ ചിരി നിയന്ത്രിക്കാൻ അറിയാത്തയാളും. ഉണ്ണി സാർ ആക്ഷൻ എന്ന് പറയുമ്പോഴാകും ഞാൻ മാറുക. ടേക്ക് എത്ര വേണമെങ്കിലും പൊയ്ക്കോട്ടെ, ഞാൻ നിന്നാൽപ്പോരേ എന്നാണ് നിവിൻ ചേട്ടൻ പറയുക. പിന്നെപ്പിന്നെ ഞാൻ അദ്ദേഹത്തോട് പറയും ചിരിപ്പിക്കരുതെന്ന്. രസമായിരുന്നു അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ. താരജാഡയില്ലാത്തയാളാണ് നിവിൻ. നമുക്ക് വീണ്ടും ഒപ്പം പ്രവർത്തിക്കാൻ തോന്നും.
നിഷാന്ത് സാഗറിനൊപ്പവും രംഗങ്ങളുണ്ടായിരുന്നല്ലോ?
വളരെ കുറച്ചുമാത്രം സംസാരിക്കുന്നയാളാണ് നിഷാന്തേട്ടൻ. സെറ്റിലായാലും ആ കഥാപാത്രമായി അദ്ദേഹം ഇരിക്കുന്നത് കാണാം. അതിന്റെ ഇടയ്ക്ക് കട്ട് ചെയ്തു വന്ന് തമാശയോ അങ്ങനെ ഒരു സംസാരമോ അങ്ങനെ ഒന്നുമില്ല. ചേട്ടന്റെതായ ഒരു സൈഡിൽ പോയിരിക്കും. ആ ക്യാരക്ടറിന് എന്താ വേണ്ടത് അത് ചെയ്യും. ഫോണോ ഒന്നും അങ്ങനെ ഉപയോഗിക്കില്ല. അത്രയേറെ ആത്മാർത്ഥതയുള്ളയാണ്. പിന്നെ സീനുള്ളത് വിജിത (വിജിത വിജയകുമാർ) ചേച്ചിയുമായാണ്. ചേച്ചിയും വളരെയധികം പിന്തുണച്ചു. ഞാൻ ചെയ്തത് ശരിയായോ എന്നുള്ള ഡൗട്ട് വന്നാലും സംശയം വന്നാലും ടെൻഷൻ വന്നാലും ഒക്കെ ചേച്ചിയാണ് പറഞ്ഞു തന്നിരുന്നത്. പടത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ദുർഗയും നല്ല പിന്തുണയാണ് തന്നത്.
ബാലചന്ദ്ര മേനോനും നിഷാന്ത് സാഗറും കഴിഞ്ഞാൽ സായി കുമാറാണ് മറ്റൊരു മുതിർന്ന താരം
അദ്ദേഹത്തെ അങ്ങോട്ടുപോയി പരിചയപ്പെടാൻ നല്ല ടെൻഷനുണ്ടായിരുന്നു. പക്ഷേ, പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ അതെല്ലാം മാറി. രണ്ട് സീനുകൾ അദ്ദേഹത്തിനൊപ്പമായിരുന്നു. സാറിന്റെ മുന്നിൽ നിൽക്കുമ്പോൾ എങ്ങനെ ആയിരിക്കും എന്നൊക്കെ ഉള്ള പേടി എനിക്ക് ഉണ്ടായിരുന്നു. അദ്ദേഹം കഥാപാത്രത്തിനുവേണ്ടി പുരികം ഉപയോഗിക്കുന്നത് കണ്ട് അമ്പരന്നിട്ടുണ്ട്. എന്നോടും പുരികം ഉപയോഗിച്ചുനോക്കൂ എന്ന് പറഞ്ഞിരുന്നു. എനിക്ക് ഷൂട്ട് ഇല്ലാത്ത ദിവസം പോലും ഇവരൊക്കെ ക്യാമറയ്ക്ക് മുന്നിൽ എന്താണ് ചെയ്യുന്നതെന്ന് നേരിൽക്കാണാൻ ഞാൻ പോയിട്ടുണ്ട്.
ഫസ്റ്റ് ഡേ പടം കണ്ടിറങ്ങിയപ്പോൾ ആദ്യം മനസ്സിൽ തോന്നിയ കാര്യം എന്താണ്?
തിയേറ്ററിൽ നമ്മുടെ പിന്നിൽനിന്ന് ഒരു വെളിച്ചം സ്ക്രീനിൽ പതിഞ്ഞ്, അതാണല്ലോ നമ്മൾ സിനിമയായി കാണുന്നത്. കുട്ടിയായിരുന്നപ്പോഴേ ആ കൗതുകമുണ്ട്. ചിത്രീകരണം മുതലേ എന്റെ മനസ്സിൽ ഉണ്ടായിരുന്നത് അതാണ്. അങ്ങനെയൊരു സ്ക്രീനിൽ എന്റെ മുഖം വന്നല്ലോ എന്നുള്ളതായിരുന്നു സത്യം പറഞ്ഞാൽ എന്റെ മനസ്സിൽ ആദ്യം പോയത്. പിന്നെ ഇത്ര വലിയൊരു സ്കെയിലിലുള്ള സിനിമയിലൂടെ ബിഗ്സ്ക്രീനിൽ കാലെടുത്ത് വയ്ക്കാൻ പറ്റിയതിലും റോസിനെപ്പോലൊരു കഥാപാത്രം എനിക്ക് കിട്ടിയതിലും വലിയ അനുഗ്രഹമായി തോന്നുന്നു.
ഒരുപാട് ആഗ്രഹിച്ചിട്ട് അല്ലെങ്കിൽ കാത്തിരുന്നിട്ടാണോ സിനിമയിലേക്ക് വന്നത്?
എന്റെ ഓർമ്മ ശരിയാണെങ്കിൽ അഞ്ചിൽ, ആറിൽ ഒക്കെ പഠിക്കുമ്പോൾ തൊട്ടേ ആഗ്രഹം ഉണ്ട്. പക്ഷേ, എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലല്ലോ. ഈ ആഗ്രഹം അച്ഛനോടും അമ്മയോടുമെല്ലാം പറയാൻ പേടിയായിരുന്നു. സിനിമയിൽ അഭിനയിക്കാൻ പറ്റണേ എന്ന് അമ്പലത്തിൽ പോകുമ്പോൾ പ്രാർത്ഥിക്കും. പ്രതിഛായയിൽ അവസരം ലഭിച്ചപ്പോൾ ഇതേ അമ്പലത്തിൽ പോയപ്പോൾ ഇക്കാര്യം വീണ്ടും ഓർത്തു. പ്രാർത്ഥിച്ചത് നടക്കുകയാണല്ലോ എന്നോർത്തു. നമ്മളാണ് ഒരു റോൾ ചെയ്യേണ്ടത് എന്നുണ്ടെങ്കിൽ അത് എങ്ങനെയെങ്കിലും ഒക്കെ നമ്മുടെ അടുത്തേക്ക് വരുമെന്ന് തോന്നിയിട്ടുണ്ട്.
പ്രതിഛായ ഇറങ്ങിയശേഷം ലഭിച്ച ഏറ്റവും മൂല്യമേറിയ പ്രശംസ ആരിൽനിന്നാണ്?
അച്ഛനും അമ്മയും ചേട്ടനും തന്നെ. സിനിമയെ പറ്റി ഒരുപാട് ടെൻഷൻ അടിച്ചിരുന്ന ആളുകളാണ് ഇവർ. ഇപ്പോൾ അതൊക്കെ കുറഞ്ഞുതുടങ്ങി. അവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വലിയ എക്സൈറ്റ്മെന്റിലാണ് സംസാരിക്കുന്നത്. മാത്രമല്ല, എനിക്ക് പൂർണമായും പിന്തുണ ലഭിക്കുന്ന ഒരിടത്തിലേക്കാണ് ഞാനെത്തിയത് എന്നാണ് അമ്മ പറഞ്ഞത്. നമ്മൾ ചെയ്യുന്ന കാര്യത്തിൽ നമ്മുടെ ചുറ്റുമുള്ളവരും കൂടെ ഭയങ്കരമായി സന്തോഷിക്കുമ്പോഴാണല്ലോ നമുക്കത് മുഴുവൻ ആസ്വദിക്കാൻ പറ്റുക. അവരും ഞാനെത്തി നിൽക്കുന്ന ഇടത്തെ സ്വീകരിച്ചു എന്നതാണ് അഭിനന്ദനത്തെക്കാളും എനിക്കൊരു വലിയ നേട്ടമായി തോന്നിയത്.
സിനിമ തന്നെയാണോ ഇനി?
പ്രൊഫഷണലി ഞാൻ സൈക്കോളജിസ്റ്റാണ്. സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നാണ് കരുതുന്നത്. സിനിമ സംഭവിച്ചാലും ഇല്ലെങ്കിലും സിനിമയ്ക്ക് എന്നുപറഞ്ഞ് ഒരു വർഷം മാറ്റിവെച്ചിരിക്കുകയായിരുന്നു. ആ വർഷം തന്നെയാണ് പ്രതിഛായ എന്ന ചിത്രം സംഭവിച്ചത്. പുതിയ കഥകൾ തേടി വരുന്നുണ്ട്.
Content Highlights: Neethu Krishna's transition from psychology professional to cinema actress., The casting process for the film Prathichaya via auditions and look tests., Insights into the character 'Rose'—a bold, politically aware woman., Experiences working with senior actors like Balachandra Menon and Sai Kumar., Nivin Pauly's supportive mentorship on the film set.