ഇന്ദ്രൻസേട്ടൻ പച്ചയായ മനുഷ്യൻ, നല്ല മനുഷ്യരെ ജനത എന്നും സ്വീകരിക്കും- സംവിധായകൻ സന്തോഷ് പുതുക്കുന്ന്

#സായൂജ് സഞ്ജീവൻ
സംവിധായകൻ സന്തോഷ് പുതുക്കുന്ന് , ചിത്രത്തിൻ്റെ പോസ്റ്റർ
സംവിധായകൻ സന്തോഷ് പുതുക്കുന്ന് , ചിത്രത്തിൻ്റെ പോസ്റ്റർ

ഇക്കഴിഞ്ഞ കാലങ്ങളില്‍ കാസര്‍കോടന്‍ പശ്ചാത്തലത്തില്‍ കഥപറയുന്ന ഒരുപിടി നല്ല ചിത്രങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. തിയേറ്ററുകളില്‍ പ്രേഷകപ്രീതി നേടിയെടുത്ത അവ പുരസ്‌കാര നേട്ടങ്ങളിലും മുന്നിലെത്തിയിരുന്നു. തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനംതുടരുന്ന 'കുണ്ഡലപുരാണം' എന്ന ചിത്രമാണ് കാസര്‍കോട് പശ്ചാത്തലമായി അണിയിച്ചൊരുക്കി പ്രേഷകരിലേക്കെത്തിയ ഒടുവിലെത്തെ ചിത്രം. സന്തോഷ് പുതുക്കുന്നിന്റെ സംവിധാനത്തില്‍ ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ആസ്വാദകര്‍ സ്വീകരിച്ചുകഴിഞ്ഞു. കാഞ്ഞങ്ങാടിന്റെയും നീലേശ്വരത്തിന്റെയും ഗ്രാമീണഭംഗി ഒപ്പിയെടുത്ത ചിത്രം നിര്‍മിച്ചത് ടി.വി. അനിലാണ്. ചിത്രത്തിൻ്റെ വിശേഷങ്ങൾ സംവിധായകന്‍ സന്തോഷ് പുതുക്കുന്ന് മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുന്നു.

ഒരു കിണറിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് കുണ്ഡലപുരാണം. എന്താണ് സിനിമയുടെ വിശേഷങ്ങള്‍.

കിണറിന് ഏറെ പ്രസക്തിയുള്ള സിനിമ. കഥനടക്കുന്ന പ്രദേശത്ത് മാര്‍ച്ചില്‍ മിക്കവീടുകളിലെയും കിണര്‍ വറ്റി വരളും. ആ സമയം കഥാനായകന്‍ വേണുവിന്റെ (ഇന്ദ്രന്‍സ്) വീട്ടിലെ കിണറിനെ ആശ്രയിച്ചാണ് ആ നാട് വേനല്‍ക്കാലം മുന്നോട്ട് നീക്കുന്നത്. കഥാപാത്രങ്ങളിലൂടെ വെള്ളത്തിന്റെ ദാരിദ്യമൊക്കെ കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ട്രെയിലറില്‍ കിണറ്റില്‍ ആളുവീഴുന്നതും മറ്റും കാണിക്കുന്നുണ്ട്. സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തിലും ഉള്‍പ്പെടുത്താനാകുമോ ഈ ചിത്രത്തെ

ചിലപ്പോള്‍ സര്‍വൈവല്‍ ത്രില്ലര്‍ എന്ന അനുഭവവും സിനിമ തന്നേക്കാം. സസ്‌പെന്‍സ് ഘടകമായത് കൊണ്ട് കൂടുതല്‍ പറയാന്‍ പറ്റില്ല. ത്രില്ലര്‍ സ്വഭാവം സിനിമ കൈവരിക്കുന്നുണ്ടോ എന്നുള്ളതില്‍ അവസാനഉത്തരം പ്രേഷകനാണ് തരേണ്ടത്. സിനിമ ഉടനീളം വേണുവിന്റെ വീട്ടിലെ കിണര്‍ ചിലതൊക്കെ പ്രേഷകരോട് പറയാന്‍ ശ്രമിക്കുന്നുണ്ട്.

കാസര്‍കോടന്‍ പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന സിനിമകള്‍ ഈയിടെയായി മലയാളത്തില്‍ ശ്രദ്ധനേടുന്നുണ്ട്. ആ നിരയില്‍ ഒടുവിലായി എത്തുന്ന സിനിമയാണ് കുണ്ഡലപുരാണം. ഒരു കാസര്‍കോടുകാരന്‍ ആയതുകൊണ്ട് കൂടെയാണോ സിനിമയുടെ പശ്ചാത്തലം ഇവിടെത്തന്നെ സെറ്റ് ചെയ്തത്

അടുത്ത സിനിമ വന്നപ്പോള്‍ കാസര്‍കോടന്‍ ഭാഷാ ശൈലിയില്‍ തന്നെ ചെയ്യണം എന്ന നിര്‍ബന്ധമൊന്നും ആദ്യം ഉണ്ടായിരുന്നില്ല. എങ്കിലും ചെയ്താല്‍ നന്നായിരിക്കും എന്ന് തോന്നി. അങ്ങനെയാണ് കുണ്ഡലപുരാണവും കാസര്‍കോടന്‍ സിനിമകളുടെ പട്ടികയിലെത്തുന്നത്. ഏതൊരാള്‍ക്കും അവനവന്റെ നാട് സ്വര്‍ഗതുല്ല്യമാണ്. എന്റെ പേരുപോലും നാടിനോട് ചേര്‍ത്ത് നിര്‍ത്തിയാണ്. നേരത്തെ ചെയ്ത ചിത്രവും കാസര്‍കോടന്‍ പശ്ചാത്തലത്തില്‍ തന്നെയാണ് ചെയ്തത്. മനസിലാക്കിയെടുക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണെങ്കിലും കാസര്‍കോടന്‍ ശൈലിക്കും ഒരു നൈര്‍മല്ല്യമുണ്ട്. അതുകൊണ്ട് തന്നെ മറ്റ് കാസര്‍കോടന്‍ സിനിമകളെ പ്രേഷകര്‍ സ്വീകരിച്ചതുപോലെ കുണ്ഡലപുരാണത്തെയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് വിശ്വാസം.

2020 -ല്‍ പുറത്തിറങ്ങിയ മോപ്പാളയായിരുന്നു ആദ്യ സംവിധാനസംരംഭം. അതില്‍ നിന്ന് മാറി ഒരു വലിയ ക്യാന്‍വാസിലാണ് കുണ്ഡലപുരാണം ഒരുക്കിയിട്ടുള്ളത്. ഇന്ദ്രന്‍സ് അടക്കമുള്ള താരങ്ങള്‍ക്കൊപ്പമുള്ള അനുഭവം എങ്ങനെയായിരുന്നു

 വലിയ ക്യാന്‍വാസില്‍ തന്നെ പ്രഖ്യാപിച്ച റിപ്പര്‍ എന്ന സിനിമയായിരുന്നു ഞാന്‍ ആദ്യം ചെയ്യാനിരുന്നത്. പിന്നീടാണ് മോപ്പാളയിലേക്ക് എത്തുന്നത്. ഒരു പച്ചയായ മനുഷ്യനാണ് ഇന്ദ്രന്‍സേട്ടന്‍. നല്ല മനുഷ്യരെ ജനത എന്നും സ്വീകരിക്കും. എന്നും ലാളിത്യം സൂക്ഷിക്കുന്ന ആളാണ് ഇന്ദ്രന്‍സേട്ടന്‍. സിനിമയുടെ പ്രൊമോഷന്‍ പരിപാടിയൊക്കെ ജനങ്ങള്‍ സ്വീകരിച്ചത് അതുകൊണ്ടാണ്. 'കഠിനകഠോരമീ അണ്ഡകടാഹം' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് അദ്ദേഹത്തോട് കഥപറയുന്നത്. കഥകേട്ട് ആദ്യം അദ്ദേഹം ഒന്നും പറഞ്ഞില്ലെങ്കിലും എന്റെ മടക്കയാത്രയ്ക്കിടെ ഫോണിലൂടെയാണ് അദ്ദേഹം ഓകെ പറയുന്നത്. 

കഥയിലേക്ക് എത്തുന്നതെങ്ങനെ

മോപ്പാള എന്ന ആദ്യ സിനിമയ്ക്ക് ശേഷം ഏത് കഥ തിരഞ്ഞെടുക്കണമെന്ന് കുറെ ആലോചിച്ചു. എന്റെ തന്നെ കഥകളും പുറത്ത് നിന്നുള്ള കഥകളും ചര്‍ച്ചചെയ്തു. ആ ചര്‍ച്ചകള്‍ സുധീഷ് എന്ന എഴുത്തുകാരനിലേക്ക് എത്തിച്ചു. അദ്ദേഹം എന്നെക്കാണാന്‍ വരുന്നത് കഥയുടെ ത്രെഡുമായാണ്. പിന്നീട് മാസങ്ങളോളം ഞങ്ങള്‍ ഇരുവരും ഇരുന്ന് ചര്‍ച്ചചെയ്താണ് സിനിമ രൂപപ്പെടുന്നത്.  

സംവിധായകന്‍ സന്തോഷ് പുതുക്കുന്നും നടൻ ഇന്ദ്രന്‍സും കുണ്ഡലപുരാണത്തിന്റെ സെറ്റിൽ 

കമ്മലിനും വളരെ പ്രാധാന്യമുള്ള സിനിമയാണിത്. അങ്ങനെയാണ് കുണ്ഡലപുരാണം എന്ന പേരിലേക്ക് എത്തുന്നത്. 

വര്‍ഷങ്ങളായി മാധ്യമപ്രവര്‍ത്തന മേഖലയിലുള്ള ആളാണ്. എങ്ങനെയൊക്കെയാണ് ജോലി സിനിമയില്‍ സഹായകമാകുന്നത്.

പത്തുവര്‍ഷത്തിനടുത്തായി മാധ്യമമേഖലയില്‍. മാധ്യമപ്രവര്‍ത്തകനായത് കൊണ്ടുതന്നെയാണ് സിനിമാപ്രവര്‍ത്തകനായത്. കാസര്‍കോട് പ്രാദേശിക ചാനലിലാണ് പ്രവര്‍ത്തിക്കുന്നത്. അവിടുത്തെ പ്രവര്‍ത്തനങ്ങള്‍തന്നെയാണ് എഴുത്തിനും മറ്റും ഗുണമായത്.

Content Highlights: kundalapuranam movie director santhosh puthukkunnu interview