കുറെ നാൾ തമാശയൊക്കെയായി നടന്നില്ലേ, ഇനി കുറച്ച് സീരിയസ് ആകാമെന്ന് തോന്നി - കോട്ടയം നസീർ

മിമിക്രി താരം, നടൻ, ചിത്രകാരൻ തുടങ്ങി വിവിധ മേഖലകളിൽ കഴിവുതെളിയിച്ചയാളാണ് കോട്ടയം നസീർ. ഈയടുത്ത് തിരഞ്ഞെടുക്കുന്ന റോളുകളിലും ഏറെ സൂക്ഷമത പുലർത്തുന്നുണ്ട് താരം. റോഷാക്ക്, തലവൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ ഗംഭീര റോളുകൾ തന്നെ അതിനുദാഹരണം.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ ഒരുകൂട്ടം പുത്തൻ താരോദയങ്ങൾക്കൊപ്പം 'വാഴ' എന്ന ചിത്രത്തിൻ്റെ ഭാഗമായിരിക്കുകയാണ് നടൻ. വിപിൻ ദാസിൻ്റെ തിരക്കഥയിൽ ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുന്നതിന്റെ ത്രില്ലിലാണ് താരം. സിനിമ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട്കോമിനോട് കോട്ടയം നസീർ പങ്കുവെക്കുന്ന
എങ്ങനെയാണ് 'വാഴ'യുടെ ഭാഗമാകുന്നത്
കഥ കേട്ടപ്പോൾ വളരെ രസകരമായിട്ട് തോന്നി. ഏത് കാലഘട്ടത്തിലെ അച്ഛന്മാർക്ക് ആണെങ്കിലും മക്കൾക്കാണെങ്കിലും കണക്ട് ചെയ്യാനാകുന്ന കഥയാണിതെന്ന് മനസ്സിലായി. എല്ലാ കാലഘട്ടത്തിലെ മക്കളും കേൾക്കുന്ന വാചകമാണ് വാഴ വെച്ചാൽ മതിയെന്നത്. രാധാകൃഷ്ണൻ എന്ന വളരെ സീരിയസായ കഥാപാത്രമാണ് എന്റേത്. ചിത്രത്തിലെ ഏറ്റവും സീരിയസ് കഥാപാത്രം എൻ്റേതാവും. കുറെ നാൾ തമാശയായിട്ട് നടന്നതല്ലേ. ഇനി കുറച്ച് സീരിയസ് ആകാമെന്ന് വെച്ചു. നല്ല രസമുള്ള കഥയാണ് ചിത്രത്തിൻ്റേത്. ജോമോനെയൊക്കെ രോമാഞ്ചം സിനിമയിൽ കണ്ട് ഒരുപാട് ഇഷ്ടപ്പെട്ടതാണ്. ഇവർക്കൊപ്പം പ്രവർത്തിക്കുന്നതിന്റെ ഒരു ഫ്രഷ്നെസ്സ് ഭയങ്കരമായിട്ടുണ്ടായിരുന്നു.
സോഷ്യൽ മീഡിയയിലെ ഈ താരങ്ങളെ നേരത്തെ പരിചയമുണ്ടായിരുന്നോ
സത്യം പറയാമല്ലോ, ഇല്ല. സോഷ്യൽ മീഡിയയിലൂടെ അങ്ങനെ ആരെയും പരിചയമില്ല. ജോമോനെയും സിജോയെയും സിനിമയിൽ കണ്ട പരിചയമുണ്ട്. ഞാൻ സോഷ്യൽ മീഡിയയിൽ അധികം സജീവമായിട്ടുള്ള ആളല്ല. പോസ്റ്റുകൾ പോലും അധികമൊന്നും ഇടാറില്ല. എൻ്റെ പെയിൻ്റിങ്ങിൻ്റേയും സിനിമയുടേയും ഒക്കെ പോസ്റ്റുകൾ മാത്രമേ ഇടാറുള്ളൂ. അതുകൊണ്ട് തന്നെ ഈ സിനിമയിലെ പലരേയും ഈ ലൊക്കേഷനിൽ വെച്ചാണ് കാണുന്നത് തന്നെ. ഞാൻ മാത്രമല്ല എന്നെപ്പോലെ ഒരുപാടുപേർ ഉണ്ടാവാം.
എനിക്കൊക്കെ അത്ഭുതമാണ്. നമുക്ക് സിനിമയിലോ സ്റ്റേജിലോ ഒക്കെയുള്ള സ്റ്റാർഡത്തെക്കാളും വലിയൊരു സ്റ്റാർഡം ഇപ്പോഴത്തെ തലമുറയ്ക്ക് സോഷ്യൽ മീഡിയയിൽ ഉണ്ട്. ചിലപ്പോൾ എന്നെപ്പോലുള്ളവരൊക്കെ അറിയാതെ പോകുന്നതാവാം. ഇവരൊക്കെ വലിയ താരങ്ങളാണെന്ന് അറിയുന്നതിൽ വളരെ സന്തോഷം.
സോഷ്യൽ മീഡിയയുടെ വരവ് സിനിമയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച്
മാറ്റം മൊത്തത്തിൽ ഉണ്ടല്ലോ. ലോകത്തിന് മുഴുവൻ എല്ലാരീതിയിലും മാറ്റമുണ്ട്. ആ മാറ്റം നമ്മുടെ പ്രൊഫഷനേയും ബാധിച്ചിട്ടുണ്ട്. വിഷ്വൽ മീഡിയ കുറച്ചുകൂടി സജീവമായതോടെ പ്രോഗ്രാമുകളൊക്കെ കുറഞ്ഞു. അനുകരണങ്ങൾ പഴകിത്തുടങ്ങി. സിനിമയിൽ ഞാൻ ഓടിനടന്ന് അഭിനയിക്കുന്ന ആളല്ല. എന്നിലേയ്ക്ക് വരുന്നത് നല്ല വേഷങ്ങളാണ്. അതിൽ സന്തോഷമുണ്ട്.
പണ്ട് നമ്മൾ അഭിനയിക്കുമ്പോൾ കൃത്യമായ അളവിൽ ഡയലോഗ് പറഞ്ഞ്, അതിനൊക്കെ ഒരു മീറ്ററും കാര്യങ്ങളൊക്കെ വെച്ചിട്ടുള്ള അഭിനയം ഉണ്ടായിരുന്നു എല്ലാവർക്കും. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. കുറച്ചുകൂടി ബിഹേവ് ചെയ്യുകയാണ്. ഡയലോഗ് പറയുകയാണെന്ന് തോന്നാത്ത രീതിയിൽ സംസാരിക്കുകയാണ്. വളരെ കാഷ്വലായി സംസാരിക്കണമെന്ന തോന്നൽ പുതിയ തലമുറയ്ക്കുണ്ട്. അത് എന്നെ സംബന്ധിച്ചിടത്തോളം പുതിയ സ്കൂളാണ്. കാരണം അടുക്കും ചിട്ടയോടെ ഡയലോഗ് പറയണം എന്നൊക്കെ പഠിച്ചിട്ടാണ് ഞാൻ വന്നത്. അതുവെച്ച് നോക്കുമ്പോൾ ഇവരോടൊക്കെ അഭിനയിക്കുമ്പോൾ നമ്മൾ ഒന്നുകൂടി കൂൾ ആകും. സ്വയം പോളിഷ് ചെയ്യും. നല്ലൊരു അനുഭവമായിരുന്നു.
എഴുത്ത് എങ്ങനെ പോകുന്നു. സംവിധാനം ചെയ്യുന്ന ചിത്രം ഉടനെ പ്രതീക്ഷിക്കാമോ
ഇപ്പോൾ എഴുത്തൊന്നും ഇല്ല. വരുന്ന നല്ല വേഷങ്ങൾ ചെയ്യണം എന്നേയുള്ളൂ. ഒരു സിനിമ ഇപ്പോൾ സംവിധാനം ചെയ്യാൻ വേണ്ടി ഇറങ്ങിയാൽ നല്ലൊരു സമയം അതിനായി മാറ്റിവെക്കണം. നല്ല ആർട്ടിസ്റ്റുകൾ വേണം, കഥ നന്നാകണം. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. ഈ സമയത്ത് അതിന് ഇറങ്ങുന്നത് ശുഭകരമല്ലെന്നാണ് കരുതുന്നത്.
'വാഴ'യിൽ സ്മിനു സിജോയും ഒത്തുള്ള കോംബോ
നല്ല ജോഡിയായിരുന്നു ഞാനും സ്മിനു സിജോയും. അമിത് എൻ്റെ മകനായിട്ട് ചേർച്ചയുണ്ടോയെന്ന് എനിക്കാദ്യം തോന്നിയിരുന്നു. നോബിയും ജോമോനും കൂടി നിൽക്കുമ്പോൾ കറക്ടാണ്. അസീസും സിജുവും ഓക്കെയാണ്. ഡബ്ബിങ്ങിന് ഒക്കെപ്പോയി സിനിമ കണ്ടുകഴിഞ്ഞപ്പോൾ അമൃത്തും ഞാനുമായി ചേർച്ചയുണ്ടെന്ന് മനസ്സിലായി. അമൃത് നന്നായി ചെയ്തിട്ടുണ്ട്.
ഈ സിനിമയുടെ കാസ്റ്റിങ് എനിക്ക് ഭയങ്കര ഇഷ്ടമായി. ഇവരുടെ ഒക്കെ പല പ്രായം കാണിക്കുന്നുണ്ട്. ഇതൊക്കെ എങ്ങനെ കൃത്യമായി കാണിക്കുന്നു എന്ന് തോന്നും. ഇവരൊക്കെ ഒരുപാട് കഷ്ടപ്പെട്ട് തടിയൊക്കെ കുറച്ചു.
ചിത്രകല, മിമിക്രി, അഭിനയം. ഏതാണ് ഏറ്റവും സംതൃപ്തി നൽകുന്നത്
ഓരോന്ന് ചെയ്യുമ്പോഴും ആ സമയത്ത് കിട്ടുന്ന സംതൃപ്തിയാണ്. പെയിൻ്റിങ്ങിനിരിക്കുമ്പോൾ അതിനൊരു സംതൃപ്തിയുണ്ട്. ഓരോന്നും ഓരോ എക്ട്രീമിലാണ്. പെയിൻ്റിങ്ങിനിരിക്കുമ്പോൾ വളരെ സെെലന്റാണ്. ഞാൻ മാത്രമേ ഉണ്ടാവുകയുള്ളൂ. അതിന് അതിന്റേതായ സുഖമുണ്ട്. സിനിമയോ സ്റ്റേജ് ഷോ ഒക്കെയാണെങ്കിൽ ആകെ ബഹളമാണ്. ഇപ്പോൾ ഓട്ടപ്പാച്ചിൽ ഒന്നുമില്ല.
പണ്ടത്തെപ്പോലയല്ലല്ലോ ഇന്നത്തെ സിനിമകളിലെ കോമഡികൾ. ആ മാറ്റത്തെ എങ്ങനെ ഉൾക്കൊള്ളുന്നു
പണ്ടത്തെ തമാശകളൊക്കെ ഹെവി ഡോസുകളായിരുന്നു. ഇപ്പോൾ അത്രയും വേണ്ട. ചില നോട്ടങ്ങളിലും റിയാക്ഷനിലും ഒക്കെ ചിരിയുണ്ടാകും. അതുകൊണ്ടാണെന്ന് തോന്നുന്നു പഴയ തലമുറയിലെ ആളുകൾക്ക് ഇപ്പോഴത്തെ സിനിമകളിലെ തമാശ കാണുമ്പോൾ എന്താ ഇത്ര ചിരിക്കാൻ എന്ന് തോന്നുന്നത്. നമ്മൾ പ്രിയൻ സാർ, സിദ്ദിഖ്-ലാൽ എന്നിവരുടെ ഒക്കെ സിനിമകളിലെ ഹെവി തമാശകൾ കണ്ടുവന്നവരാണ്. അങ്ങനെ ചിരിച്ചുമറിഞ്ഞ് വന്നവരാണ്. പുതിയ തമാശകൾ പുതിയ കാലഘട്ടത്തിലെ കുട്ടികൾക്ക് കുറച്ചുകൂടി റിലേറ്റ് ചെയ്യാനാകുമെന്ന് തോന്നുന്നു. പണ്ടൊക്കെ പരസ്പരം കൗണ്ടർ പറഞ്ഞാണ് തമാശകൾ. ഇന്ന് കുറച്ചുകൂടി സിറ്റുവേഷണലാണ്. നിശബ്ദതയ്ക്കും പ്രാധാന്യമുണ്ട്.
'വാഴ'യെക്കുറിച്ച് എന്താണ് പ്രേക്ഷകരോട് പറയാനുള്ളത്
ഇതൊരു നല്ല സിനിമയാണ്. അഞ്ച് അച്ഛന്മാരുടേയും മക്കളുടേയും കഥയാണ്. അവർക്ക് അത് റിലേറ്റ് ചെയ്യാൻ പറ്റുന്നൊരു സിനിമയാണ്. എല്ലാം കൊണ്ടൊരു കംപ്ലീറ്റ് പാക്കേജാണ് ചിത്രം. പ്രേക്ഷകരുടെ പിന്തുണയാണ് വേണ്ടത്.
Content Highlights: actor kottayam nazeer vazha movie interview