ആ കഥാപാത്രത്തെ ഞാൻ അവതരിപ്പിച്ചാൽ മാത്രമേ നന്നാകൂ എന്നില്ല,എന്റെ ഭാഗ്യത്തിന് എനിക്കുകിട്ടി-മമ്മൂട്ടി

മമ്മൂട്ടിയും ജ്യോതികയും | ഫോട്ടോ: സിദ്ദിഖുൽ അക്ബർ / മാതൃഭൂമി
മമ്മൂട്ടിയും ജ്യോതികയും | ഫോട്ടോ: സിദ്ദിഖുൽ അക്ബർ / മാതൃഭൂമി

‘‘ദേ, ഇതാണ് കാതലിന്റെ ഏറ്റവും വലിയ ആകർഷണം...’’ ക്രൗൺ പ്ലാസ ഹോട്ടലിലെ സ്യൂട്ട് റൂമിലെ സോഫയിലേക്ക് വന്നിരിക്കുമ്പോൾ ജ്യോതികയെ ചൂണ്ടിക്കാട്ടി മമ്മൂട്ടിയുടെ ഡയലോഗ്. മലയാളത്തിന്റെ മഹാനടന്റെ വാക്കുകൾക്ക് കൂപ്പിയകൈകളും നിറഞ്ഞപുഞ്ചിരിയുമായിരുന്നു ജ്യോതികയുടെ മറുപടി. പുതിയ സിനിമയായ ടർബോയുടെ വ്യത്യസ്തമായ ഹെയർ സ്റ്റൈലിൽ പ്രത്യക്ഷപ്പെടുമ്പോൾ മമ്മൂട്ടിയുടെ വേഷം മുണ്ടും പ്രിന്റഡ് ഷർട്ടും. മുണ്ടുടുക്കാനും ആണുങ്ങളെപ്പോലെ അത് മടക്കിക്കുത്താനുമറിയുന്ന ദി കിങ്ങിലെ ജോസഫ് അലക്സിനെ ഓർമിപ്പിച്ചതുപോലെ മമ്മൂട്ടി വരുമ്പോൾ കസവുകരയുള്ള സാരിയുടെ മനോഹാരിതയിലായിരുന്നു ജ്യോതിക. വേഷത്തിൽ വ്യത്യസ്തരായിരുന്നെങ്കിലും പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കിട്ട് ഇരുവരും സംസാരം തുടങ്ങിയപ്പോൾ അതിന്റെ കാതൽ ഏറക്കുറെ ഒരുപോലെയായിരുന്നു. ഇരുവരെയും ഒന്നിപ്പിച്ച് ജിയോ ബേബി സംവിധാനംചെയ്യുന്ന കാതൽ എന്ന സിനിമയുടെ വിശേഷങ്ങൾ.

കാതൽ എന്ന പേരുകേൾക്കുമ്പോൾ അത് പ്രണയമാണെന്ന് ചിലരെങ്കിലും ധരിക്കുന്നുണ്ടാകും. കാതൽ എന്ന പുതിയ സിനിമ പ്രണയമാണോ വിഷയമാക്കുന്നത്.

മമ്മൂട്ടി: കാതൽ എന്ന വാക്കുകേൾക്കുമ്പോൾ മനസ്സിൽ പ്രണയം എന്നർഥംവരുന്നത് സ്വാഭാവികമാണ്. അത് തമിഴ് സിനിമകൾ ഒരുപാട് കണ്ടുശീലിച്ചതുകൊണ്ട് സംഭവിക്കുന്നതാണ്. എന്നാൽ, ഞങ്ങളുടെ സിനിമ പറയുന്നത് ആ കാതൽ അല്ല. ‘ദി കോർ’ എന്ന അടിക്കുറിപ്പിൽ ഈ കാതൽ എന്താണെന്ന് അടയാളപ്പെടുത്തുന്നുണ്ട്. മലയാളത്തിൽ കാതൽ എന്നത് ഒരുപാട് പ്രയോഗിക്കുന്ന വാക്കുതന്നെയാണ്. ഭാര്യാഭർത്തൃ ബന്ധത്തിന്റെ ആഴങ്ങൾ ഈ സിനിമയുടെ കാതലാണ്. അതുപോലെ അച്ഛനും മകളും തമ്മിലുള്ള ബന്ധവും ഭാര്യക്ക് അവരുടെ അച്ഛനുമമ്മയുമായുള്ള ബന്ധവും അടക്കം ഒട്ടേറെ ബന്ധങ്ങളുടെ കാതൽ ചേർത്താണ് ഈ സിനിമ രൂപപ്പെടുന്നത്.

വലിയൊരു ഇടവേളയ്ക്കുശേഷം ജ്യോതിക മലയാളത്തിൽ തിരിച്ചെത്തുന്നത് മമ്മൂട്ടിക്കൊപ്പം. എന്താണ് ഈ നിമിഷത്തെ വികാരം

ജ്യോതിക: സന്തോഷവും അഭിമാനവും ത്രില്ലുമെല്ലാം ഒരുപോലെയുണ്ട്. മമ്മൂട്ടി എന്ന മഹാനടന്റെ ഒരുപാട് സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. ഹീറോ എന്നതിനപ്പുറം ഓരോ കഥാപാത്രത്തിലേക്കും അദ്ദേഹം നടത്തുന്ന പരകായപ്രവേശം വിസ്മയാവഹമാണ്. മമ്മൂട്ടി കമ്പനി നിർമിച്ച ഓരോ സിനിമകളും പ്രേക്ഷകർക്ക് സമ്മാനിച്ച വിസ്മയാനുഭവങ്ങളും എനിക്കറിയാം. ഈ സിനിമയിലേക്ക് എത്താൻകഴിഞ്ഞത് എന്റെ ഭാഗ്യമായിട്ടാണ് കരുതുന്നത്. ജിയോ ബേബി എന്ന സംവിധായകൻ അത്രമേൽ തീവ്രവും വികാരപരവുമായാണ് ഈ സിനിമയിലെ ഓരോ രംഗങ്ങളും ഒരുക്കിയിരിക്കുന്നത്. ജിയോയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ അദ്‌ഭുതത്തോടെയാണ് ഞാൻ കണ്ടിരുന്നത്.

മമ്മൂട്ടി കമ്പനിയുടെ ഓരോ സിനിമയും ഓരോ പരീക്ഷണമാണ്. എങ്ങനെയാണ് ഒരു നിർമാതാവ് എന്നനിലയിൽ വ്യത്യസ്ത സിനിമകളിലേക്കെത്തുന്നത്

മമ്മൂട്ടി: മമ്മൂട്ടി കമ്പനിയുടെ മാത്രമല്ല, ഇവിടെ ഇറങ്ങുന്ന എല്ലാ സിനിമയും ഓരോ പരീക്ഷണമാണ്. പുതിയ താരങ്ങൾ, പുതിയ വിഷയങ്ങൾ, പുതിയ സിനിമകൾ എന്നിങ്ങനെ പ്രേക്ഷകരുടെ താത്പര്യങ്ങൾ തന്നെയാണ് പുതിയ പരീക്ഷണങ്ങൾ തേടിപ്പോകാൻ മലയാളസിനിമയെ പ്രേരിപ്പിക്കുന്നത്. പ്രേക്ഷകനാണ് സത്യത്തിൽ ഓരോ ദിവസവും വളരുന്നത്. അതനുസരിച്ചാണ് സിനിമയും വളരുന്നതെന്നാണ് എന്റെ വിശ്വാസം. ഇന്ത്യൻ സിനിമാരംഗം മലയാളസിനിമയെ ഉറ്റുനോക്കാനുള്ള പ്രധാനകാരണവും ഇതുതന്നെയാണെന്നു കരുതുന്നു. മമ്മൂട്ടി കമ്പനിയുടെ സിനിമകളും ഈ യാത്രയുടെ ഭാഗമാകണമെന്നാണ് സ്വാഭാവികമായി ഞാനും ആഗ്രഹിക്കുന്നത്.

കാതൽ എന്ന സിനിമയിലെ പ്രധാനകഥാപാത്രങ്ങളെ നിങ്ങൾ എങ്ങനെ അവതരിപ്പിച്ചുവെന്ന് വിലയിരുത്തുന്നു

മമ്മൂട്ടി: ഓരോ സിനിമയെയും കഥാപാത്രത്തെയും വിലയിരുത്തേണ്ടത് പ്രേക്ഷകനാണ്. ഈ സിനിമയിലെ മാത്യു ദേവസി എന്ന കഥാപാത്രത്തെ ഞാൻ അവതരിപ്പിച്ചാൽമാത്രമേ നന്നാകൂ എന്നൊന്നുമില്ല. എന്റെ ഭാഗ്യത്തിന് ആ കഥാപാത്രം എനിക്കുകിട്ടി. കിട്ടിയ കഥാപാത്രം എഴുത്തുകാരനും സംവിധായകനും കല്പിച്ച തീവ്രതയും ഭാവവും പരമാവധി ഉൾക്കൊണ്ട് ചെയ്യാൻ ശ്രമിച്ചെന്നുമാത്രം. ജ്യോതികയുടെ ഓമന എന്ന കഥാപാത്രം ടീനേജറായ കുട്ടിയുടെ അമ്മയുടെ വേഷമാണ്. അത്തരമൊരു വേഷംചെയ്യാൻ പലരെയും ഞങ്ങൾ ആലോചിച്ചിരുന്നു. അത്തരം ആലോചനയിൽനിന്നാണ് ജ്യോതികയുടെ രൂപം തെളിഞ്ഞത്. അവരെ സമീപിച്ച് കഥപറഞ്ഞപ്പോൾ സന്തോഷത്തോടെ ആ വേഷം സ്വീകരിച്ചു. അവർ ഈ സിനിമയുടെ ഭാഗമായതോടെ അവരെ പരമാവധി കംഫർട്ടാക്കുക എന്നതായിരുന്നു നിർമാതാവ് എന്നനിലയിലും സഹതാരമെന്നനിലയിലും എന്റെ ഉത്തരവാദിത്വം.

കാതലിൽ ജ്യോതികയും മമ്മൂട്ടിയും

മമ്മൂട്ടി കമ്പനിയുടെ സിനിമകൾ ഏതെങ്കിലും കണ്ടിരുന്നോ. എങ്ങനെയുണ്ട് ആ സിനിമകളൊക്കെ

ജ്യോതിക: കണ്ണൂർ സ്‌ക്വാഡ് എന്ന സിനിമ കഴിഞ്ഞദിവസമാണ് കണ്ടത്. സാധാരണഗതിയിൽ ഞാൻ ആക്‌ഷൻ ചിത്രങ്ങളുടെ അത്രവലിയ ആരാധികയൊന്നുമല്ല. എന്നാൽ, ഈ ചിത്രം എന്നെ വല്ലാതെ വിസ്മയിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയും ചെയ്തു. കഥപറയുന്ന രീതിയും മമ്മൂട്ടിസാറിന്റെ അഭിനയവും ത്രില്ലോടെയല്ലാതെ ആർക്കും കണ്ടിരിക്കാനാകില്ല. മലയാളസിനിമകൾ പലതും ഞാൻ കാണാറുണ്ട്. പ്രിയദർശൻ എന്ന അതുല്യസംവിധായകനൊപ്പമാണ് ഞാൻ സിനിമയിലേക്കുവരുന്നത്. മലയാളത്തിലെ താരങ്ങളും അണിയറപ്രവർത്തകരും പ്രതിഭയുടെ അപാരസ്പർശംകൊണ്ട് എപ്പോഴും എന്നെ അദ്‌ഭുതപ്പെടുത്തിയിട്ടുണ്ട്. അതേ ആവേശത്തിൽ തന്നെയാണ് കാതൽ എന്ന സിനിമയിലേക്ക് ക്ഷണംകിട്ടിയപ്പോൾ ഞാൻ ഇരുകൈയുംനീട്ടി സ്വീകരിച്ചത്.

മമ്മൂട്ടി കമ്പനിയുടെ ഓരോ സിനിമയും ഓരോ സംവിധായകരാണ് ഒരുക്കുന്നത്. അതെല്ലാം വലിയ വിജയമാകുമ്പോൾ എന്തുതോന്നുന്നു

മമ്മൂട്ടി: സത്യംപറഞ്ഞാൽ പേടിതോന്നുന്നു. കാരണം, ഇപ്പോൾ ചെയ്തതിനേക്കാൾ മികച്ചതാകണം അടുത്തത് എന്ന് ഓർമിപ്പിക്കുന്നതാണ് ഓരോ ചിത്രത്തിന്റെയും വിജയം. പ്രേക്ഷകരാണ് ഓരോ സിനിമയെയും വിലയിരുത്തി സ്വീകരണവും നിരാകരണവും നടത്തുന്നത്. എഴുത്താണ് സിനിമയുടെ വിജയത്തിന്റെ അടിസ്ഥാനമെന്നാണ് ഞാൻ എന്നും വിശ്വസിക്കുന്നത്. നല്ല എഴുത്തുകാർ വരുമ്പോൾ നല്ല സിനിമയും സ്വാഭാവികമായുണ്ടാകും. അത്തരം സിനിമകൾ ചെയ്യാനാണ് എന്നിലെ നടൻ എന്നും ശ്രമിക്കുന്നത്. പ്രൊഡ്യൂസർ എന്നരീതിയിലും നല്ലസിനിമകൾ ഉണ്ടാക്കാനല്ലേ സ്വാഭാവികമായും ഞാൻ ആഗ്രഹിക്കുകയുള്ളൂ.

മലയാളത്തിലേക്ക് വലിയൊരിടവേളയ്ക്കുശേഷമാണ് വരുന്നത്. ജ്യോതികയെ ഇനിയും മലയാളത്തിൽ പ്രതീക്ഷിക്കാമോ

ജ്യോതിക: സീതാ കല്യാണം എന്ന സിനിമ ഞാൻ ചെയ്തത് 14 വർഷംമുമ്പാണ്. അതിനുശേഷം ഇപ്പോഴാണ് എനിക്ക് മലയാളത്തിൽ ഒരു വേഷം ചെയ്യാനാകുന്നത്. പക്ഷേ, മലയാളവും അതിലെ കലാകാരന്മാരും അതിനും എത്രയോമുമ്പ് എനിക്കറിയാവുന്നതാണ്. 25 വർഷംമുമ്പ് പ്രിയദർശൻസാർ അനിയത്തിപ്രാവ് എന്ന മലയാള സിനിമയുടെ ഹിന്ദി പതിപ്പായ ദോലി സജാ കി രഖ്നാ എടുക്കുമ്പോൾ ഞാനായിരുന്നു അതിലെ നായിക. പത്തുപതിനഞ്ചു വർഷംമുമ്പ് ഞാൻ അഭിനയിച്ച രാക്കിളിപ്പാട്ട് എന്ന സിനിമയും മലയാളത്തിൽ വന്നിരുന്നു. ഇപ്പോൾ കാതലിലെ ഓമന എന്ന വേഷം പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്നുതന്നെയാണ് വിശ്വാസം. മലയാള സിനിമയുടെ നിലവാരത്തെക്കുറിച്ച് കൃത്യമായ ബോധ്യമുള്ള ഒരാളെന്നനിലയിൽ ഇനിയും പുതിയ കഥാപാത്രങ്ങളുമായി ഇവിടേക്കുവരണമെന്ന് ആഗ്രഹമുണ്ട്. നല്ല കഥാപാത്രങ്ങൾക്കും മലയാളത്തിൽനിന്നുള്ള വിളിക്കുമായി കാത്തിരിക്കുകയാണ് ഞാൻ.

Content Highlights: kathal movie mammootty jyothika interview