കൂട്ടുകാരുടെ ഫോട്ടോ പാട്ടിട്ട് വീഡിയോ ആക്കി തുടക്കം, വിനയൻ ഇന്ന് തിരക്കുള്ള സിനിമാ എഡിറ്റർ

വിനയൻ എം. ജെ | photo: instagram/vinayan mj
വിനയൻ എം. ജെ | photo: instagram/vinayan mj

കൂട്ടുകാരുടെ ഫോട്ടോകൾക്ക് പാട്ടുചേർത്ത് സ്വയം എഡിറ്റിങ്ങ് പഠിച്ചുതുടങ്ങിയ കാലം. തന്റെ മേഖല എഡിറ്റിങ്ങ് ആണെന്ന് തിരിച്ചറിഞ്ഞതോടെ നേരെ ഫിലിം സ്കൂളിലേയ്ക്ക്. വെെകാതെ ബേസിൽ ജോസഫ് ഒരുക്കിയ കുഞ്ഞിരാമായണത്തിലൂടെ സ്പോട്ട് എഡിറ്ററായി സിനിമയിലേയ്ക്ക്. മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലായി നാൽപ്പതോളം സിനിമകൾക്ക് വേണ്ടി സ്പോട്ട് എഡിറ്റിങ് നിർവഹിച്ചതിന് ശേഷം സ്വതന്ത്ര എഡിറ്ററുമായി. സ്വയം എഡിറ്റിങ്ങ് പഠിച്ച് തുടങ്ങിയ കാലത്തുനിന്നും തിരക്കുള്ള എ‍ഡിറ്ററെന്ന നിലയിലേയ്ക്കുള്ള യാത്രയിലാണ് വിനയൻ എം. ജെ എന്ന കൊട്ടാരക്കര സ്വദേശി. 

മാറുന്ന മലയാള സിനിമയിലെ പുതിയൊരു ദൃശ്യവിരുന്നൊരുക്കിയ ഹൊറർ ചിത്രം ​'ഗു'വിലാണ് വിനയൻ ഒടുവിലായി പ്രവർത്തിച്ചത്. ദേവനന്ദയെ കേന്ദ്രകഥാപാത്രമാക്കി മനു രാധാകൃഷ്ണൻ സംവിധാനം ചെയ്ത ​ചിത്രം നിർമിച്ചിരിക്കുന്നത് മണിയൻപിളള രാജു പ്രൊഡക്ഷൻസാണ്. തന്റെ സിനിമ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുകയാണ് വിനയൻ എം. ജെ.

തിയേറ്റർ എക്സ്പീരിയൻസ് മസ്റ്റാണ് 'ഗു'വിന്

'​ഗു'വിൻ്റെ സംവിധായകൻ മനുവിനെ എനിക്ക് നേരത്തെ അറിയാമായിരുന്നു. തിരക്കഥ കേട്ടപ്പോൾത്തന്നെ ഇഷ്ടമായി, പിന്നെ സൗഹൃദവും. പട്ടാമ്പിയിലായിരുന്നു ചിത്രത്തിൻ്റെ ഷൂട്ട്. 

മണിയൻ പിള്ള രാജുവിനും മനു രാധാകൃഷ്ണനുമൊപ്പം വിനയൻ

ഞാൻ തന്നെയാണ് '​ഗു'​വിൻ്റെ സ്പോട്ട് എഡിറ്റും ചെയ്തത്. ലൊക്കേഷനിൽ ഇരുന്ന് തന്നെ എഡിറ്റ് ചെയ്ത് പോകുമായിരുന്നു. ക്യാമറാമാനും സംവിധായകനും കൂടെ കാണുമല്ലോ. അതുകൊണ്ട് തന്നെ സ്റ്റുഡിയോയിലെത്തിയപ്പോൾ വലിയ എഡിറ്റിങ് വർക്കുകൾ ബാക്കിയുണ്ടായിരുന്നില്ല.  എനിക്ക് ഇത്തരം ചിത്രങ്ങളിൽ വർക്ക് ചെയ്യാൻ താത്പര്യമുണ്ട്. പ്രേക്ഷകരെ പെട്ടെന്ന് ഞെട്ടിക്കുന്നതുപോലെയുള്ള സീനുകൾ ചെയ്യാനിഷ്ടമാണ്. ആദ്യം നമ്മളുടേതായ രീതിയിൽ വിഷ്വലുകൾ എഡിറ്റ് ചെയ്യും. പിന്നീട് സംവിധായകൻ്റെ നിർദ്ദേശങ്ങൾ കൂടി കേട്ടതിനുശേഷം മാറ്റങ്ങൾ വരുത്തും. 

തിയേറ്റർ അനുഭവം ഡിമാന്റ് ചെയ്യുന്ന ചിത്രമാണ് ​'ഗു'. വെക്കേഷൻ സമയത്ത് നമ്മൾ കസിൻസുമായി ചേർന്നിരുന്ന് പേടിപ്പെടുത്തുന്ന കഥകളൊക്കെ  പറയാറില്ലേ നമ്മൾ. അത്തരത്തിലൊരു ചിത്രമാണിത്. ഗംഭീര പശ്ചാത്തല സം​ഗീതമാണ് ​'ഗു'വിന്റേത്. തിയേറ്ററിൽ തന്നെ കാണേണ്ട ചിത്രമാണിത്. ദേവനന്ദ ഉൾപ്പടെയുള്ള കുട്ടികളുടെ അഭിനയം മികച്ചതായിരുന്നു. 

ഗു പോസ്റ്റർ

കൂട്ടുകാരുടെ ഫോട്ടോയിൽ പാട്ടിട്ട് വീഡിയോയാക്കി, കുഞ്ഞിരാമായണത്തിലൂടെ സിനിമയിലേക്ക്

പണ്ട് പത്താം ക്ലാസ് കഴിഞ്ഞപ്പോൾ വീട്ടിൽ കമ്പ്യൂട്ടർ വാങ്ങി. അന്ന് നെറോ സോഫ്റ്റ് വെയറിൽ കൂട്ടുകാരുടെ ഒക്കെ ഫോട്ടോ പാട്ടും ഇട്ട് വീഡിയോയായി എഡിറ്റ് ചെയ്യുമായിരുന്നു. കൂട്ടുകാരൊക്കെ കൊള്ളാമെന്ന് പറയാറുണ്ടായിരുന്നു. വാട്ടർമാർക്ക് വരുന്നതായിരുന്നു പ്രശ്നം. പിന്നീട് പ്രീമിയറിനെക്കുറിച്ച് മനസിലാക്കിയെങ്കിലും എങ്ങനെ ചെയ്യണമെന്നൊന്നും അറിയില്ലല്ലോ. പ്ലസ് ടു കഴിഞ്ഞതോടെ നിയോ ഫിലിം സ്കൂളിൽ ചേരുന്നതിനായി കൊച്ചിയിലേക്കെത്തി. അവിടെ പഠിച്ചുകൊണ്ടിരിക്കുമ്പോൾ സീനിയേഴ്സിനൊപ്പം കുഞ്ഞ് വർക്കുകൾ ഒക്കെ ചെയ്യുമായിരുന്നു. അങ്ങനെയാണ് ആദ്യ ചിത്രമായ കുഞ്ഞിരാമായണത്തിൽ സ്പോട്ട് എഡിറ്ററായി എത്തുന്നത്. 

കുഞ്ഞിരാമായണം ലൊക്കേഷനിൽ നിന്നും

സ്പോട്ട് എഡിറ്റായി പ്രവർത്തിക്കുമ്പോൾ ചിത്രങ്ങൾ മുടക്കമില്ലാതെ വരാറുണ്ടായിരുന്നു. തിങ്കൾ മുതൽ വെളളി വരെ, അനാർക്കലി, ആടുപുലിയാട്ടം തുടങ്ങി 40 ഓളം ചിത്രങ്ങളിൽ സ്പോട്ട് എഡിറ്ററായി വർക്ക് ചെയ്തു. ലോക്ഡൗൺ സമയത്ത് പുറത്തിറങ്ങിയ 'ലാസ്റ്റ് ടു ഡേയ്സ്' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര്യ എഡിറ്ററാകുന്നത്. മൂന്നുനാല് മലയാള ചിത്രങ്ങൾ റിലീസാകാൻ ഇരിക്കുകയാണ്. ഒരു കന്നഡ ചിത്രവും വരാനുണ്ട്. 

ഞാൻ സ്വതന്ത്ര്യ എഡിറ്ററായി പ്രവർത്തിച്ച മൂന്നാമത്തെ ചിത്രമാണ് ​'ഗു'. നമുക്ക് ചെയ്യാൻ എന്തെങ്കിലുമുണ്ട് എന്ന് തോന്നുന്ന ചിത്രങ്ങളിൽ ഇപ്പോഴും സ്പോട്ട് എഡിറ്ററായി പോകാറുണ്ട്. എഡിറ്റ് ചെയ്യുന്ന ചിത്രങ്ങളിൽ സ്പോട്ട് എഡിറ്റ് ചെയ്യുന്നതും ഞാൻ തന്നെയാണ്. എഡിറ്റിങ്ങ് തന്നെയാണ് കൂടുതൽ ഇഷ്ടം. എഡിറ്റ് ചെയ്ത വർക്ക് കാണിച്ചുകൊടുക്കുമ്പോഴുള്ള ആളുകളുടെ റിയാക്ഷനുകൾ എനിക്ക് ഹരം നൽകാറുണ്ട്.

ആദ്യം പ്രയാസം തോന്നും, ഈഗോ ഗുണം ചെയ്യില്ല

തുടക്ക സമയത്തൊക്കെ വർക്ക് ശരിയായില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ വിഷമം തോന്നാറുണ്ടായിരുന്നു. പക്ഷേ തെറ്റുകളൊക്കെ തിരുത്തി നമ്മൾ മുന്നോട്ട് വരുമല്ലോ. വർക്കിന് പതിയെ വേ​ഗമൊക്കെ വന്നുചേരും. ആ ഘട്ടമെത്തിക്കഴിഞ്ഞാൽ നമുക്ക് അഭിപ്രായങ്ങളും എതിർപ്പുകളും അറിയിക്കാം. 

​ഗു ലൊക്കേഷനിൽ മണിയൻ പിള്ള രാജുവിനൊപ്പം വിനയൻ, വിനയൻ

ഓരോ ചിത്രവും പുതിയ അനുഭവമാണ്. നമ്മൾ പഠിച്ചുകഴിയുന്നില്ലല്ലോ. ആളുകളെല്ലാം വ്യത്യസ്തരാണെന്ന് മനസ്സിലാക്കി അവർക്ക് വേണ്ടത് കൊടുക്കണം. അല്ലാതെ ഈ​ഗോ അടിച്ചിരുന്നിട്ട് കാര്യമില്ല.

നല്ല എഡിറ്ററാവണം, ഭാവിയിൽ സംവിധായകനും

എഡിറ്ററെന്ന രീതിയിൽ നല്ല ചിത്രങ്ങളുടെ ഭാ​ഗമായതിനുശേഷം സംവിധാനത്തിലേയ്ക്ക് കടക്കണമെന്നതാണ് എന്റെ ലക്ഷ്യം. മാസ്, ചെയ്സ് ഒക്കെ വരുന്ന തരത്തിലുള്ള ചിത്രങ്ങൾ ചെയ്യാൻ എനിക്ക് ഏറെ ഇഷ്ടമാണ്. ഇത് മാത്രമല്ല, ഫീൽ​ഗുഡ് ചിത്രങ്ങൾ ചെയ്യാനും ആഗ്രഹമുണ്ട്. 

Content Highlights: gu movie editor vinayan mj interview