22-ാം വയസ്സില്‍ ബാങ്ക് ജോലി രാജിവെച്ച് സിനിമയ്ക്ക് വേണ്ടി ഇറങ്ങിയ അഭിജിത്ത് അശോകന്

കൊച്ചി: വെയിലിനും മഴയ്ക്കും മഞ്ഞിനും മാത്രമല്ല, എന്‍ 95 മാസ്കിനും നന്ദി പറഞ്ഞാണ് ചിത്രം തുടങ്ങുന്നത്. കോവിഡ് പ്രതിസന്ധിയിലും വിജയകരമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ 'ജനനം 1947, പ്രണയം തുടരുന്നു' എന്ന സിനിമ മറ്റാര്‍ക്കു നന്ദി പറയണം. 22-ാം വയസ്സില്‍ ബാങ്കിലെ ജോലി രാജിവെച്ച് സ്വപ്നമായ സിനിമയ്ക്കു പിറകെ തിരക്കഥക്കെട്ടുമായി ഇറങ്ങിയ അഭിജിത്ത് അശോകനെ തേടി സംസ്ഥാന സര്‍ക്കാരിന്റെ ഉള്‍പ്പെടെ അംഗീകാരങ്ങളെത്തി. സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ റിലീസാകും മുന്‍പേ പുരസ്കാരങ്ങള്‍. 42 ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച 'ജനനം 1947, പ്രണയം തുടരുന്നു' ഇപ്പോള്‍ തിയേറ്ററില്‍ റിലീസ് ചെയ്തു. സിനിമയോടുള്ള അടങ്ങാത്ത പ്രണയം അഭിജിത്ത് പങ്കുവെക്കുന്നു.
കോലുമിട്ടായി തന്ന പുരസ്കാര മധുരം
2016-ല്‍ സിനിമ ചെയ്യാനായി എഴുതിയ തിരക്കഥയും കഥകളുമായി ഒരുപാടുപേരെ കണ്ടു. തിരിച്ചടിയായിരുന്നു ഫലം. ഒരു ദിവസം പത്രത്തില്‍ സംസ്ഥാന അവാര്‍ഡിനെക്കുറിച്ചുള്ള വാര്‍ത്ത കണ്ടു. കുട്ടികളുടെ മികച്ച ചിത്രത്തിന് സംസ്ഥാന അവാര്‍ഡ് നാലുലക്ഷം രൂപ. അത്രയും പണം കിട്ടിയാല്‍ ഉപകാരമാകും. അങ്ങനെ ഒരു തിരക്കഥ സിനിമയാക്കാന്‍ ശ്രമം തുടങ്ങി. പലരില്‍നിന്നും കടംവാങ്ങിയും മറ്റും പണം സ്വരൂപിച്ചു. അരുണ്‍ വിശ്വം സംവിധാനം ചെയ്യാമെന്ന് ഉറപ്പുനല്‍കി. കോലുമിട്ടായി എന്ന സിനിമയുണ്ടായി. അതിലൂടെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം.
ശ്രമിച്ചു, പക്ഷേ...
കോലുമിട്ടായിക്കു ശേഷം പൃഥി എന്നുപേരിട്ട സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി മൂന്നുവര്‍ഷം അലഞ്ഞു. തിരക്കഥാ രചനയ്ക്കു മാത്രമായി രണ്ടു വര്‍ഷമെടുത്തു. ചിത്രത്തിലെ രണ്ടു ഗാനങ്ങളും റെക്കോഡ് ചെയ്തു. പക്ഷേ, സിനിമ പൂര്‍ത്തിയാക്കാനായില്ല. അതു നടത്തിയെടുക്കാന്‍ പറ്റാതായതോടെ സങ്കടമായി. എന്നാല്‍, പുതുമയുള്ളൊരു വിഷയം ലഭിച്ചതോടെ സഞ്ചാരം അതിനുപിന്നാലെയായി. ആ ചിത്രമാണ് ഇപ്പോള്‍ റിലീസ് ചെയ്ത 'ജനനം 1947 പ്രണയം തുടരുന്നു'.
ഓള്‍ഡ് ഏജ് റൊമാന്‍സ്
എഴുപതുകാരായ ഗൗരിയുടെയും ശിവന്റെയും പ്രണയവും ജീവിതവുമാണ് സിനിമയുടെ പ്രമേയം. പ്രായവും ജാതിയുമൊന്നും പ്രണയത്തിനു തടസ്സമല്ലെന്ന് ലളിതമായി പറയുന്നുണ്ട് ചിത്രം. തലയോലപ്പറമ്പ്, എഴുമാന്തുരുത്ത് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഗ്രാമക്കാഴ്ചകള്‍ അതിമനോഹരമായി സന്തോഷ് അണിമ പകര്‍ത്തി. സംഗീതസംവിധാനം ഗോവിന്ദ് വസന്തയാണ്. കോവിഡ് കാലത്ത് ചിത്രീകരണം പൂര്‍ത്തിയാക്കി രണ്ടുവര്‍ഷം പല ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചു. സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ ക്രയോണ്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം.
നായികയും നായകനും
വര്‍ഷങ്ങളായി സിനിമയിലുണ്ടായിരുന്നെങ്കിലും ജയരാജന് കോഴിക്കോട് എഴുപതാം വയസ്സില്‍ ഈ സിനിമയിലൂടെയാണ് നായകനാകുന്നത്. ജാഗരണ്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ലീല സാംസണ് ആണ് നായിക. ഓകെ കണ്മണി കണ്ട് മനസ്സില്‍ പതിഞ്ഞ മുഖമാണ്. വിളിച്ചു ചോദിച്ചപ്പോള്‍ ഇംഗ്ലീഷില്‍ തിരക്കഥ ഉണ്ടോയെന്നു ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. അവര്‍ മലയാളമറിയുന്ന സുഹൃത്തിന്റെ സഹായത്തോടെ തിരക്കഥ കേട്ടു. അന്നുരാത്രി തന്നെ എന്നെ വിളിച്ചുപറഞ്ഞു - ''ഞാന്‍ ഗൗരി ടീച്ചറുടെ വേഷം ചെയ്യാം''.
എന്റെ സിനിമയല്ല
ഈ ചിത്രം എന്റെ സിനിമയല്ല. അത് അനേകരുടെ പ്രയത്നഫലമായി സംഭവിച്ചതാണ്. ചിത്രം തിയേറ്ററിലിറങ്ങിയ ശേഷം ഒരുപാടുപേര് വിളിച്ച് നല്ലതുപറഞ്ഞു. ചിത്രം പ്രേക്ഷകര്‍ക്ക് കണക്ട് ആവുന്നതിലും വലിയ സന്തോഷമില്ല. നല്ല സിനിമകളുടെ ഭാഗമാകുകയാണ് ലക്ഷ്യം. ഇടുക്കി സംഭവം എന്ന സിനിമയാണ് പുതിയ പ്രോജക്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നു. എറണാകുളം കാഞ്ഞിരമറ്റം ഉഴുന്നുംകാലായില് അശോകന്-ഗിരിജ ദമ്പതിമാരുടെ മകനാണ്.
Content Highlights: abijith asokan director interview, jananam 1947 pranayama thudarunnu, old romance