'ധര്‍മേന്ദ്രയെപ്പോലെ സുന്ദരനായ മറ്റൊരു നടനെ കണ്ടിട്ടില്ല, അക്ഷരാര്‍ഥത്തില്‍ ഒരു സ്വപ്‌നകാമുകന്‍'

ആരാധനയായിരുന്നു ധര്‍മേന്ദ്രയോട്. സമാനതകളില്ലാത്ത ആരാധന. മറ്റൊരു സിനിമാതാരത്തോടും അത്രയും തീവ്രമായ ഭ്രമം തോന്നിയിട്ടില്ലെന്ന് വിധുബാല.
ഈ ആരാധന അത്ഭുതത്തോടെ കണ്ടുനിന്നവരില്‍ ഒരാളായിരുന്നു വിധുബാലയുടെ അടുത്ത സുഹൃത്ത് കൂടിയായ ശ്രീവിദ്യ. 'എന്നെ ധര്‍മ്മാംബാള്‍ എന്നാണ് തമാശയായി വിദ്യ വിളിക്കുക', വിധുബാലയുടെ ഓര്‍മ്മ. 'എവിഎം സ്റ്റഡിയോയില്‍ 'കഹാനി കിസ്മത്ത് കി' എന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. ധര്‍മേന്ദ്രയാണ് നായകന്‍. രേഖ നായികയും. തൊട്ടപ്പുറത്ത് ഒരു മലയാളം പടത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഞങ്ങളുമുണ്ട്. ഷൂട്ടിങ്ങിനിടക്ക് വിദ്യ പറഞ്ഞു- വിധുവിന് ഇഷ്ടതാരത്തെ പരിചയപ്പെടണ്ടേ? നമുക്കൊന്ന് പോയി കണ്ടാലോ? രേഖയെ എനിക്ക് അടുത്ത് പരിചയമുണ്ട്. രേഖ വഴി ധരംജിയുമായി മുട്ടാം. നേരില്‍ സംസാരിക്കാം'.
എന്നാല്‍ മനഃപൂര്‍വം ഒഴിഞ്ഞുമാറുകയായിരുന്നു താനെന്ന് വിധുബാല. 'ഭയമായിരുന്നു. സ്വപ്‌നനായകന്‍ നമ്മുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോയാലോ? ആദരവ് തോന്നിയ പലരും നേരില്‍ പരിചയപ്പെട്ടപ്പോള്‍ വ്യക്തിപരമായി നിരാശപ്പെടുത്തിയ അനുഭവം ഉള്ളിലുള്ളത് കൊണ്ടാവാം അങ്ങനെ തോന്നിയത്'. ധര്‍മേന്ദ്രയോടുള്ള സ്‌നേഹത്തിനും ആരാധനയ്ക്കും പോറല്‍ പോലുമേല്‍ക്കരുതേ എന്നായിരുന്നു പ്രാര്‍ഥന.
'ധര്‍മേന്ദ്രയുടെ വിയോഗം അത്ര അപ്രതീക്ഷിതമല്ലായിരിക്കാം. എങ്കിലും ഞാന്‍ അങ്ങേയറ്റം ദുഖിതയാണ്', വിധുബാല പറഞ്ഞു. 'അത്രയും സുന്ദരനായ മറ്റൊരു നടനെ കണ്ടിട്ടില്ല എന്ന് പറയുമ്പോള്‍ അതില്‍ ലവലേശം അതിശയോക്തിയില്ല. ഹൃദയത്തില്‍ നിന്നാണ് പറയുന്നത്. കോളേജ് ജീവിതകാലത്ത് മുടങ്ങാതെ കാണുമായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. ശരിക്കും ഒരു ഗ്രീക്ക് യോദ്ധാവിന്റെ ശരീര ഘടന. ആകര്‍ഷകമായ പുഞ്ചിരി. അക്ഷരാര്‍ത്ഥത്തില്‍ ഒരു സ്വപ്‌നകാമുകന്‍. അദ്ദേഹത്തിന്റെ ഗാനരംഗങ്ങള്‍ എങ്ങനെ മറക്കും?', ഇനിയില്ല ധരംജി എന്നത് വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യം.
Content Highlights: Vidhubala shares her deep admiration for Dharmendra, the handsome actor and dream lover. Her heartfelt memories and why she avoided meeting him