ടൊവിനോയുടെ ബ്രഹ്മാണ്ഡചിത്രം, ഇടിച്ചിടാൻ പെപ്പെ, രസിപ്പിക്കാൻ ആസിഫ്; ഓണം കളറാക്കാൻ വമ്പൻ റിലീസുകൾ

ഈ വർഷത്തെ ഓണക്കാലം ഗംഭീരമാക്കാൻ തിയേറ്ററുകളിലെത്തുന്നത് വമ്പൻ ചിത്രങ്ങൾ. മലയാളത്തിൽ നിന്നും തമിഴിൽ നിന്നും പ്രമുഖ താരങ്ങളുടെ ചിത്രം സെപ്റ്റംബറിൽ റിലീസിനെത്തുന്നുണ്ട്. ടൊവിനോ, ആസിഫ് അലി, പെപ്പെ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങൾ മലയാളത്തിൽ റിലീസാകുമ്പോൾ തമിഴിൽ നിന്ന് വിജയ് ചിത്രം ഒപ്പം മത്സരിക്കാൻ എത്തുന്നുണ്ട്.
ടൊവിനോ ട്രിപ്പിൾ റോളിൽ, വമ്പൻ ബജറ്റിൽ 'അജയന്റെ രണ്ടാം മോഷണം'
ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തുന്ന 'അജയന്റെ രണ്ടാം മോഷണം'(ARM) ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഓണം റീലീസായി പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ചിത്രം ജിതിൻ ലാൽ സംവിധാനം ചെയ്യുന്നു.
3 ഡി യിലും 2 ഡിയിലുമായി ARM പ്രദർശനത്തിനെത്തും. മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമയാണ് 'ARM'.
ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തമിഴിൽ ‘കനാ’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് -ഷമീർ മുഹമ്മദ്
ഇടിച്ചിടാൻ പെപ്പെയും രാജ് ബി ഷെട്ടിയും
ആന്റണി വർഗീസ് നായകനായി എത്തുന്ന 'കൊണ്ടൽ' എന്ന ചിത്രത്തിൽ പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയും എത്തുന്നുണ്ട്. മമ്മൂട്ടി നായകനായ വൈശാഖ് ചിത്രം ടർബോയിലൂടെ മുഖ്യധാരാ മലയാള ചിത്രത്തിൽ ഈ വർഷം അരങ്ങേറ്റം കുറിച്ച രാജ് ബി ഷെട്ടി, കൊണ്ടലിലും നിർണ്ണായക വേഷമാണ് ചെയ്യുന്നത്. ആർഡിഎക്സ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം സോഫിയ പോൾ നേതൃത്വം നൽകുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്. ഗരുഡ ഗമന വൃഷഭ വാഹന, കാന്താര, 777 ചാർലി എന്നീ കന്നഡ സിനിമകളിലൂടെയാണ് രാജ് ബി ഷെട്ടി മലയാളി സിനിമാ പ്രേമികൾക്കിടയിലും പ്രശസ്തനായത്. ഓണം റിലീസായി സെപ്റ്റംബറിൽ ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.
കടൽ സംഘർഷത്തിന്റെ കഥ പറയുന്ന കൊണ്ടലിൽ ഷബീർ കല്ലറയ്ക്കൽ, നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണൻ, പി എൻ സണ്ണി, സിറാജുദ്ദീൻ നാസർ, നെബിഷ് ബെൻസൺ, ആഷ്ലീ, രാഹുൽ രാജഗോപാൽ, അഫ്‌സൽ പി എച്ച്, റാം കുമാർ, സുനിൽ അഞ്ചുതെങ്ങ്, രാഹുൽ നായർ, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും വേഷമിട്ടിട്ടുണ്ട്.
റോയ്ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് ദീപക് ഡി മേനോൻ, സംഗീതം- സാം സി എസ്, എഡിറ്റർ- ശ്രീജിത്ത് സാരംഗ്, ആക്ഷൻ- വിക്രം മോർ, കലൈ കിങ്‌സൺ.
ഓണം കളറാക്കാൻ കുറുപ്പും സംഘവും
പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്' എന്ന ചിത്രവും ഓണത്തിന് എത്തുന്നുണ്ട്. സെപ്റ്റംബർ 13-ന് ചിത്രം തിയേറ്ററുകളിലെത്തും.
ബാലഗോപാലാണ് ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും. രജീഷ് രാമൻ ക്യാമറ കെെകാര്യം ചെയ്യുന്നു. ഷാജി കൈലാസ്- ആനി ദമ്പതികളുടെ ഇളയ മകൻ റുഷിൻ ഷാജി കൈലാസ് നായകനാകുന്ന ഈ സിനിമയിൽ അബുസലിം ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജോണി ആന്റണി ടിനി ടോം, എബിൻ ബിനോ, സൂര്യ ക്രിഷ്, ശ്രീജിത്ത് രവി, വൈഷ്ണവ് ബിജു, സിനോജ് വർഗീസ്, ദിനേശ് പണിക്കർ, ഇനിയ, സുജിത് ശങ്കർ,കൃഷ്ണേന്ദു സ്വരൂപ് വിനു, പാർവതി രാജൻ ശങ്കരാടി, പൂജ മോഹൻരാജ്, ഗായത്രി സതീഷ്, അജയ് നടരാജ്, ടോം സ്കോട്ട്, രജിത് കുമാർ, സോണിയ മൽഹാർ, സുന്ദർ പാണ്ട്യൻ, ലാൽ ബാബു, അനീഷ് ശബരി, മാത്യൂസ് എബ്രഹാം തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
തിയേറ്ററിൽ കൊടുങ്കാറ്റാകാൻ വിജയുടെ 'ഗോട്ട്'
മലയാള സിനിമകൾക്ക് ഈ ഓണക്കാലത്ത് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന ചിത്രം വിജയ് നായകനാകുന്ന 'ഗോട്ട്' ആണ്. ഓണത്തിന് മുൻപ് സെപ്തംബർ അഞ്ചിന് ചിത്രം റിലീസ് ചെയ്യും.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ടി’ൽ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. എജിസ് എന്റർടൈൻമെന്റാണ് 'ഗോട്ട്' റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്‌നേഹ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഓണത്തിന് ചിത്രങ്ങളുമായി ആസിഫ് അലിയും മാധവ് സുരേഷും
'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് 'കിഷ്കിന്ധാ കാണ്ഡം'. ഓണത്തോട് അനുബന്ധിച്ച് സെപ്റ്റംബർ 12 മുതൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ അപർണ്ണ ബാലമുരളി നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്ന ചിത്രം ഗുഡ്‌വിൽ എൻറർറ്റൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ്ജാണ് നിർമ്മിക്കുന്നത്. ജഗദീഷ്, വിജയരാഘവൻ, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാവുന്ന 'കുമ്മാട്ടിക്കളി'യും ഓണത്തിന് തിയേറ്ററുകളിലെത്തുന്നുണ്ട്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ആർ ബി ചൗധരി നിർമ്മിക്കുന്ന ചിത്രം ചിമ്പു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരുടെ ഹിറ്റ് ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്നു. വിൻസന്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണിത്.
സൂപ്പർ ഗുഡ് ഫിലിംസിന്റെ 98 -മത്തെ നിർമ്മാണ സംരംഭമാണിത്. ദിലീപ് നായകനായ 'തങ്കമണി' സൂപ്പർ ഗുഡ് ഫിലിംസാണ് നിർമ്മിച്ചത്. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് കുമ്മാട്ടിക്കളി. തമിഴ്, കന്നഡ സിനിമകളിലെ പ്രമുഖ നടീനടന്മാർക്കൊപ്പം ലെന, റാഷിക് അജ്മൽ, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ് തുടങ്ങിയവരും അഭിനയിക്കുന്നു.
സൂപ്പർതാര ചിത്രങ്ങൾ കാത്ത് ആരാധകർ
മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങൾ ഓണത്തിന് പ്രതീക്ഷിച്ചിരുന്നെങ്കിലും റിലീസ് തീയതി നീട്ടിയതായാണ് റിപ്പോർട്ടുകൾ. മോഹൻലാലിന്റെ 'ബറോസ്', മമ്മൂട്ടിയുടെ 'ബസൂക്ക' എന്നീ ചിത്രങ്ങളാണ് സൂപ്പർതാരങ്ങളുടേതായി പുറത്തിറങ്ങാനുള്ളത്.
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ ടീസർ ശ്രദ്ധ നേടിയിരുന്നു. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ്.
പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്നാണ് ഈ ചിത്രത്തിൽ ഗൗതം മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 90 ദിവസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ബസൂക്ക, കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ്. വൈശാഖ് ചിത്രം ടർബോയുടെ വൻ വിജയത്തിന് ശേഷം റിലീസ് ചെയ്യാനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്. ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ സംവിധാനം ചെയ്യുന്ന 'ബറോസ്' റിലീസിനൊരുങ്ങുകയാണ്. ഓണം റിലീസായിട്ട് ബറോസ് പ്രേക്ഷകരിലേക്കെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ റിലീസ് വെെകുമെന്നാണ് സൂചന. ചിത്രത്തിൻ്റെ ഓരോ അപ്ഡേറ്റിനായും കാത്തിരിക്കുകയാണ് ആരാധകർ.
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ 'ബറോസ്' എന്ന സിനിമയൊരുക്കുന്നത്. ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹൻലാൽ തന്നെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗുരുസോമസുന്ദരം, മോഹൻശർമ, തുഹിൻ മേനോൻ എന്നിവരാണ് എന്നിവർക്ക് പുറമേ മായാ, സീസർ ലോറന്റെ തുടങ്ങി. വിദേശതാരങ്ങളും വേഷമിടുന്നു.
അമേരിക്കൻ റിയാലിറ്റി ഷോ ആയ ദ വേൾഡ് ബെസ്റ്റിൽ പങ്കെടുത്ത് വിജയിച്ച ലിഡിയൻ നാദസ്വരമാണ് ചിത്രത്തിനായി സംഗീതസംവിധാനം നിർവഹിക്കുന്നത്. മാർക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിർവഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകൾ ഡിസൈൻ ചെയ്യുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമാണം.
ജോജു ജോർജ് ആദ്യമായി രചന - സംവിധാനം നിർവഹിക്കുന്ന 'പണി', സിജു വിൽസണെ നായകനാക്കി നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന 'പുഷ്പകവിമാനം', ഒമർ ലുലു സംവിധാനംചെയ്ത് റഹ്മാൻ പ്രധാനവേഷത്തിലെത്തുന്ന ‘ബാഡ് ബോയ്‌സ്’ എന്നീ ചിത്രങ്ങളും റിലീസിന് തയാറെടുക്കുന്നുണ്ട്.
Content Highlights: tovino vijay pepe movies september onam releases