ഇലക്ട്രിക്, പ്ലംബിങ് ജോലിയില്‍ നിന്ന് അഭിനയത്തിലേക്ക്; 'കുവൈറ്റ് വിജയന്‍' സംസാരിക്കുന്നു

കാഞ്ഞങ്ങാട്ടെ ഒരു പഴയ പ്രവാസി, സാമ്പത്തിക പ്രാരാബ്ധങ്ങളുടെ നടുവിലും മകളുടെ കല്ല്യാണനിശ്ചയം നന്നായി നടത്താന്‍ നെട്ടോട്ടമോടുന്ന അച്ഛന്‍.. ഭാര്യയേയും മക്കളേയും ഭരിച്ച് ജീവിക്കുന്ന പല മലയാളി കുടുംബനാഥന്മാരുടേയും നേര്‍ക്കുവെച്ച കണ്ണാടി..തിങ്കളാഴ്ച നിശ്ചയത്തിലെ കുവൈത്ത് വിജയന്‍ നമുക്കറിയാത്ത ആളല്ല. . തിങ്കളാഴ്ച നിശ്ചയത്തില്‍ കുവൈത്ത് വിജയനായി വേഷമിട്ട മനോജ് സിനിമാ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു..
തിങ്കളാഴ്ച നിശ്ചയത്തിലേക്ക്..
കാസ്റ്റിങ് കോള്‍ കണ്ടാണ് ഞാനും ഫോട്ടോ അയച്ചുകൊടുത്തത്. ഷേവ് ഒക്കെ ചെയ്ത്, നരയൊക്കെ കറുപ്പിച്ച് നാട്ടുഭാഷയില്‍ പറഞ്ഞാല്‍ 'നല്ല കുട്ടപ്പനായുള്ള' ഫോട്ടോയാണ് അയച്ചത്. കാസ്റ്റിങ് ഡയറക്ടര്‍ രാജേഷ് മാധവന്‍ എന്റെ ഫോട്ടോ ഡയറക്ടര്‍ സെന്ന ഹെഗ്ഡേയ്ക്ക് കാണിച്ചുകൊടുത്തു. പക്ഷെ ഇയാള്‍ പറ്റില്ലെന്നാണ് ഫോട്ടോ കണ്ടിട്ട് അന്ന് സംവിധായകന്‍ പറഞ്ഞത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ എനിക്കൊപ്പം അഭിനയിച്ച രാജേഷ് മാധവനാണ് തിങ്കളാഴ്ച നിശ്ചയത്തിന്റെ കാസ്റ്റിങ് ഡയറക്ടറും ക്രിയേറ്റീവ് ഡയറക്ടറും. സിനിമയിലേക്ക് എന്നെ പറ്റില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും എന്റെ ഭാഗ്യത്തിന് അദ്ദേഹം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ കണ്ടു. അതില്‍ ആദ്യത്തെ സീനുകളില്‍ തന്നെ ഞാനുണ്ട്. അതുകണ്ടതോടെ കുവൈത്ത് വിജയന്‍ ഞാനാണെന്ന് സംവിധായകന്‍ ഉറപ്പിച്ചിരുന്നുവെന്നാണ് പിന്നീട് ഞാനറിഞ്ഞത്. അങ്ങനെയാണ് കുവൈത്ത് വിജയന്‍ എന്ന ഭാഗ്യം എനിക്ക് ലഭിച്ചത്.
റോള്‍ ചലഞ്ചിങ് ആയിരുന്നില്ല
ഏകാധിപത്യത്തില്‍ വിശ്വസിക്കുന്ന, പെട്ടന്ന് ദേഷ്യം വരുന്ന, എല്ലാവരേയും ഭരിക്കാന്‍ ഇഷ്ടപ്പെടുന്ന, അനാവശ്യ ഈഗോ കൊണ്ടുനടക്കുന്ന എന്നാല്‍ സ്നേഹിക്കുന്നതില്‍ കുറവൊന്നുമില്ലാത്ത ഒരച്ഛനാണ് കുവൈത്ത് വിജയന്‍. ഒരേ സമയം പല വികാരങ്ങള്‍ പ്രകടിപ്പിക്കുന്നയാളാണ് അദ്ദേഹം. ഒരു നിമിഷം ചിരിയാണെങ്കില്‍ തൊട്ടടുത്ത നിമിഷം ദേഷ്യം, അല്ലെങ്കില്‍ വാശി. പക്ഷേ ഇത് അഭിനയിക്കുന്നതിനോ, അതുപോലെ പെരുമാറുന്നതിനോ യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല. കാരണം എന്റെയോ നിങ്ങളുടേയോ ജീവിതത്തില്‍ നിത്യവുമെന്നോണം നടക്കുന്ന കാര്യങ്ങളോ. ചുറ്റുപാടും കാണുന്ന സംഭവങ്ങളോ ആണ്.
പത്ത് ദിവസത്തെ ഷൂട്ട് കഴിഞ്ഞതിനുശേഷമാണ് സിനിമയുടെ ഏകദേശ കഥപോലും എനിക്ക് പറഞ്ഞുതന്നത്. അതും ആ കഥാപാത്രം കഥയറിഞ്ഞിരിക്കണം എന്നുള്ളതുകൊണ്ടുമാത്രം. കുവൈത്ത് വിജയന്‍ എങ്ങനെയുള്ള ആളാണെന്ന് മാത്രം ആദ്യമേ എനിക്ക് പറഞ്ഞിരുന്നു. ഷൂട്ടിനിടെ സംവിധായകന്‍ ചെയ്യാന്‍ പറയുന്നത് പോലെ ചെയ്തു, പറഞ്ഞുതന്നത് പോലെ അഭിനയിച്ചു. അവസാനം സിനിമ പുറത്തിറങ്ങുമ്പോഴാണ് ഞാന്‍ ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടെന്നും കേന്ദ്രകഥാപാത്രമാണ് ഞാനെന്ന് മനസ്സിലാവുന്നത്.
സ്‌ക്രിപ്റ്റ് വായിച്ചുപഠിക്കുകയോ ഡയലോഗ് കാണാപാഠം പഠിക്കുകയോ ഒന്നും ചെയ്തിട്ടില്ല. എടുക്കുന്ന സീന്‍ എന്താണെന്ന് ലൊക്കേഷനില്‍ പോകുമ്പോഴാണ് പറഞ്ഞുതരിക. അപ്പോള്‍ തോന്നുന്നത് പോലെ ഞങ്ങള്‍ സംസാരിച്ച് അഭിനയിക്കും. ഒരു ഡയലോഗും പഠിച്ച് പറഞ്ഞിട്ടില്ല. മിക്കതും തന്നെ അപ്പോള്‍ വന്നതാണ്.
ആ സീന്‍ കഴിഞ്ഞപ്പോള്‍ ഡയറക്ടര്‍ പറഞ്ഞു 'ഫന്റാസ്റ്റിക്..!
സിനിമയുടെ അവസാനഘട്ടത്തിലുള്ള പൈസ കാണാതാവുന്ന ആ രംഗം ഷൂട്ട് തുടങ്ങി മൂന്നാം ദിവസം എടുത്തതാണ്. അന്ന് എനിക്ക് സിനിമയുടെ ഒരു കഥയും അറിയില്ല. ഇതാണ് സീനെന്ന് ബ്രീഫ് ചെയ്തു തന്നു. ഞാന്‍ അലമാരയില്‍ പൈസ തപ്പുകയാണ്. ബാക്കി സിനിമയില്‍ നിങ്ങള്‍ കാണുന്നത് മോന്‍ പൈസ എടുത്തിട്ടുണ്ടാവുമോ എന്ന് ആലോചിക്കുന്ന കുവൈത്ത് വിജയനെയാണ്. പക്ഷെ അന്ന് ശരിക്കും ചെയ്യാന്‍ പറഞ്ഞ രംഗം കഴിഞ്ഞിട്ടും ഇവരെന്താ കട്ട് പറയാതിരിക്കുന്നതെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍. കുറച്ച് നേരം ആലോചിച്ച് നിന്നതിനു ശേഷം ഞാന്‍ മുന്നോട്ടുനടന്നു...അതോടെ കട്ട് പറഞ്ഞു. പിന്നെ ഒരു കയ്യടിയാണ് ഞാന്‍ കേള്‍ക്കുന്നത്. സംവിധായകന്‍ ഓടിവന്ന് പറഞ്ഞു 'ഫന്റാസ്റ്റിക്, അമേസിങ്.. ഒരുപക്ഷെ എന്റെ എല്ലാ സിനിമയിലും നിങ്ങള്‍ ഉണ്ടായേക്കാം...' സന്തോഷം കൊണ്ട് അന്ന് ശരിക്കും ഉറങ്ങാന്‍ പോലും പറ്റിയില്ല സത്യത്തില്‍.
ക്യാരക്ടര്‍ ആയി അഭിനയിച്ചു, ക്യാരക്ടര്‍ ആയി ജീവിച്ചു
ബാക്കിയെല്ലാവരും ലൊക്കേഷനില്‍ എത്തിയതിനു ശേഷമാണ് ക്യാരക്ടറായി മാറുന്നതെങ്കില്‍ ഞാന്‍ ഫുള്‍ടൈം ക്യാരക്ടര്‍ ആയി ജീവിക്കുകയായിരുന്നു. താമസിക്കുന്ന സ്ഥലത്ത് നിന്ന് അട്ടയങ്ങാനത്തെ ലൊക്കേഷനിലേക്ക് പോകാന്‍ ഒരു ബസ് വരും. സംവിധായകനും അഭിനേതാക്കളും എല്ലാവരും ഒരു ബസ്സിലാണ് പോകുന്നത്. ബസ്സില്‍ കേറുമ്പോള്‍ മുതല്‍ ഞാന്‍ കുവൈത്ത് വിജയനാണ്. മകളുടെ ഭര്‍ത്താവായ സന്തോഷിനെയൊക്കെ കാണുമ്പോള്‍ ഞാന്‍ മിണ്ടില്ല. മക്കളോടും ഭാര്യയോടും കുവൈത്ത് വിജയനായി സംസാരിക്കും. ലൊക്കേഷനിലും അങ്ങനെ തന്നെ.. അങ്ങനെയാണ് പൂര്‍ണമായും കുവൈത്ത് വിജയനായത്. അതിനുള്ള സ്വാതന്ത്ര്യവും സാഹചര്യവും ലൊക്കേഷനിലുണ്ടായിരുന്നു. അഭിനേതാവ് എന്ന നിലയില്‍ അതൊരു ഭാഗ്യമാണ്.
കൊപ്ര ഉണക്കാനുള്ള ആദ്യത്തെ ഓട്ടം, ഫേവറൈറ്റ് സീന്‍
സിനിമയില്‍ ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് സീനുകളാണുള്ളത്. ഒന്ന്, പലിശക്കാരനെ കാണുമ്പോള്‍ വീട്ടിലേക്ക് ഓടിക്കയറുന്നതും പിന്നെ കൊപ്ര ഉണക്കാനെടുത്തിടുന്നതുമുള്‍പ്പെടുന്ന സീനാണ്. രണ്ട് ക്ലൈമാക്സില്‍ വയലന്റാവുന്ന, ഏകാധിപതിയായ രാജാവാണെന്ന തോന്നലിലുള്ള ആ കാട്ടിക്കൂട്ടലുകളുമാണ്. രണ്ട് സീനിനും ഒരുപാട് പ്രശംസ കിട്ടിയിട്ടുണ്ട്. എനിക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത വലിയ നടന്മാരുടെ അഭിനയരീതിയുമായൊക്കെ താരതമ്യപ്പെടുത്തിയാണ് ആദ്യത്തെ സീനിനെ കുറിച്ച് ചിലര്‍ പറഞ്ഞത്. ക്ലൈമാക്സ് സീന്‍ ഒറ്റ ടേക്ക് ആയിരുന്നു. നമ്മുടെ നാട്ടിലെ വൈരജാതന്‍ തെയ്യത്തിന്റെ ക്രൗര്യമായിരുന്നു അന്ന് അത് ചെയ്യുമ്പോള്‍ എന്റെ ഉള്ളിലുണ്ടായിരുന്നത്.
സെന്ന ഹെഗ്ഡെ.. ബ്രില്ല്യന്റ് സംവിധായകന്‍
അഭിനേതാക്കള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം തന്ന്, അവരുടെ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന സംവിധായകനായിരുന്നു സെന്ന ഹെഗ്ഡേ. ഒരിക്കല്‍ പോലും ഒരു ദേഷ്യപ്പെടലോ ചീത്തവിളിയോ ഒന്നും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എന്തെങ്കിലും തെറ്റ് വന്നാല്‍പോലും അത്രയും സമാധാനത്തോടെ പറഞ്ഞുതരും. നമ്മളറിയാതെ നമ്മുടെ ഉള്ളില്‍ നിന്ന് അദ്ദേഹത്തിന് വേണ്ടത് പുറത്തെടുക്കും. നമ്മളെ കൊണ്ട് എന്ത്, എങ്ങനെ ചെയ്യിക്കണമെന്ന് സംവിധായകന് കൃത്യമായി അറിയാം. അവര്‍ പറയുന്നതിന് അനുസരിച്ച് ചെയ്താല്‍ മാത്രം മതി.
കൂടെ അഭിനയിച്ചവരെല്ലാം പരസ്പരം സഹായിച്ചും പിന്തുണച്ചുമാണ് പോയിരുന്നത്. മകള്‍ സുജയായി അഭിനയിച്ച അനഘ ഏഴാം ക്ലാസ് മുതല്‍ എനിക്കറിയുന്ന ആളാണ്. എന്റെ മകളെപ്പോലെ തന്നെയാണ്. മൂത്തമകള്‍ സുരഭി അഥവാ ഉണ്ണിമായയ്ക്കൊപ്പം ഞാന്‍ നാടകം ചെയ്തിട്ടുണ്ട്. ഭാര്യയായി അഭിനയിച്ച അജിഷ എന്റെ നാട്ടുകാരിയാണ്. മരുമകനായി അഭിനയിച്ച സന്തോഷ് ഓട്ടര്‍ഷയില്‍ ഒന്നിച്ച് അഭിനയിച്ച ആളാണ്. സിനിമയ്ക്ക് മുന്‍പ് നടന്ന വര്‍ക് ഷോപ്പിലൂടെ തന്നെ ഇവരുമായെല്ലാം നല്ല ബന്ധം വളര്‍ത്തിയെടുത്തിരുന്നു. അതുകൊണ്ട് അവര്‍ക്കൊപ്പം അഭിനയിക്കുക എന്നത് ഒട്ടും പ്രയാസമുള്ള കാര്യമല്ല.
സ്വഭാവിക അഭിനയം, ഖസാക്കിന്റെ ഇതിഹാസം ഗുണം ചെയ്തു
ചെറുപ്പം മുതല്‍ അഭിനയത്തോട് വലിയ താല്‍പര്യമുള്ള ആളായിരുന്നു ഞാന്‍. നാടകസംഘങ്ങള്‍ക്കൊപ്പമായിരുന്നു ഏറെക്കാലം. നാടകത്തിന് വേണ്ടി ലൈറ്റ് ഡിസൈന്‍, ലൈറ്റ് ഓപ്പറേഷനൊക്കെ ചെയ്യുന്നതായിരുന്നു പ്രധാനപണി. അങ്ങനെയിരിക്കെ പെട്ടന്നൊരു ദിവസമാണ് 'വെയിറ്റിങ് ഫോര്‍ ഗോദോ' എന്ന നാടകത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യാനുള്ള അവസരം ലഭിച്ചത്. ഉത്തരമേഖല അമേച്വര്‍ നാടകമത്സരത്തില്‍ മികച്ച നടനുള്ള സമ്മാനം ഈ നാടകത്തിലെ വേഷത്തിന് എനിക്ക് ലഭിച്ചു. പിന്നീട് ആയുസ്സിന്റെ പുസ്തകം, നാട്ടിലെ പാട്ട് തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. പക്ഷെ ദീപന്‍ ശിവരാമന്‍ സംവിധാനം ചെയ്ത ഖസാക്കിന്റെ ഇതിഹാസം എന്ന നാടകമാണ് സ്വാഭാവിക അഭിനയത്തെ സഹായിച്ചത്. ഖസാക്കിന്റെ ഇതിഹാസം എന്ന നാടകത്തിന്റെ മേക്കിങ് രീതി അത്തരത്തിലായിരുന്നു. കാണികള്‍ക്കിടയില്‍ നിന്നുകൊണ്ട് അഭിനയിക്കുന്നതിന് പകരം ബിഹേവ് ചെയ്തുകൊണ്ടാണ് ആ നാടകം. അതിലെ പല സ്വീക്വന്‍സുകളും ജനങ്ങളോട് സംസാരിക്കുന്ന തരത്തിലുള്ള, അവരുടെ മറുപടി കേള്‍ക്കുന്ന തരത്തിലുള്ളതാണ്. അരീന തീയേറ്ററിലാണ് ആ നാടകം ചെയ്തത്.
കുവൈത്ത് വിജയന്‍ v/s മനോജ് കെ.യു
കുവൈത്ത് വിജയനെപ്പോലെയല്ല ജീവിതത്തിലെ മനോജ് കെ.യു. ഞാനൊരു സാധാരണക്കാരനായ നാട്ടിന്‍പുറത്തുകാരനാണ്. ഇടയ്ക്കൊക്കെ ദേഷ്യം വരുമെങ്കിലും മറ്റൊരു സാമ്യവും വിജയനും മനോജിനും തമ്മില്‍ ഇല്ല.
സിനിമ/നാടകം,ജീവിതം
സിനിമയോടും നാടകത്തോടും അഭിനയത്തോടുമെല്ലാം അടക്കാന്‍ കഴിയാത്തത്രയും പാഷന്‍ കൊണ്ടുനടക്കുന്നയാളാണ് ഞാന്‍. അഭിനയമായാലും ജീവിതമായാലും പണിയെടുക്കുന്നതായാലും ഏറ്റവും സ്നേഹത്തോടെ, ആത്മാര്‍ഥതയോടെയാണ് ഞാന്‍ മുന്നോട്ടുപോവുന്നത്.
ഇലക്ട്രിക്, പ്ലംബിങ് ജോലികളാണ് ചെയ്തിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പൂര്‍ണസമയം അഭിനയത്തിന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. പയ്യന്നൂരിലെ അന്നൂരാണ് സ്വദേശം. ഭാര്യ ധന്യ. രണ്ട് ആണ്‍ മക്കളുണ്ട്. ദേവരഞ്ജന്‍ ജഗത് മനു. എന്റേയും ഭാര്യയുടെ കുടുംബവും നാടകപശ്ചാത്തലമുള്ളവരാണ്.
പുതിയ സിനിമ
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കപ്പേള, ഓട്ടര്‍ഷ തുടങ്ങിയ സിനിമകളിലാണ് അടുത്തിടെ പ്രധാനമായും അഭിനയിച്ചിട്ടുള്ളത്. തിങ്കളാഴ്ച നിശ്ചയത്തിന് പിന്നാലെ അഞ്ചോളം സ്‌ക്രിപ്റ്റുകള്‍ കിട്ടിയിട്ടുണ്ട്. ഒന്നും നോക്കിയിട്ടില്ല ഇതുവരെ. സത്യം പറഞ്ഞാല്‍ തിങ്കളാഴ്ച നിശ്ചയത്തിന്റെ ഹാങ്ങോവറില്‍ നിന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല ഞാന്‍. സന്തോഷത്തിന്റെ ആകാശത്തിലാണിപ്പോള്‍.
Content Highlights: Thinkalazhcha nishchayam kuwait vijayan, Manoj KU Actor Interview, Senna Hegde
Content Highlights: