വി.എം. കുട്ടിമാഷ് കണ്ടെത്തിയ മാപ്പിളത്തനിമയുള്ള സ്വരം, മാപ്പിളപ്പാട്ടിലെ‘രാജകുമാരി ’

#സി.എം. വിനോദ്കുമാർ
വിളയിൽ ഫസീല | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി
വിളയിൽ ഫസീല | ഫോട്ടോ: കെ.കെ. സന്തോഷ് \ മാതൃഭൂമി

സ്വതസ്സിദ്ധമായ ശൈലികൊണ്ടും ശബ്ദമാധുര്യംകൊണ്ടും മാപ്പിളപ്പാട്ട് ആസ്വാദകർ നെഞ്ചേറ്റിയ ഗായികയാണ് വിളയിൽ ഫസീല. ‘പാടിപ്പാടി തളർന്നിട്ടൊരിക്കൽ പാഴ്മുളംതണ്ടും ഞാൻ മരിക്കും’ എന്ന് ഫസില പാടിയത് ശനിയാഴ്ച വെള്ളിപറമ്പിലെ ഫസീല മൻസിലിൽ അവരെ അവസാനമായി ഒരുനോക്ക് കാണാനെത്തിയവർ ഓർത്തു.

മാപ്പിളപ്പാട്ടിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഫസില വി.എം. കുട്ടിയോടൊപ്പം ചേർന്ന് ഈ ഗാനശാഖയെ ജനകീയമാക്കി. സി.എച്ച്. മുഹമ്മദ്കോയ മുഖ്യമന്ത്രിയായിരുന്നകാലത്ത് ‘മാപ്പിളകലാരത്നം’ അവാർഡ് നൽകി അവരെ ആദരിച്ചിരുന്നു. എൺപതുകളിലും തൊണ്ണൂറുകളുടെ ആദ്യവുമാണ് മലബാറിൽ മാപ്പിളപ്പാട്ട് രംഗത്ത് വി.എം. കുട്ടിയും ഫസീലയും നിറഞ്ഞുനിന്നത്. ‘വി.എം. കുട്ടി ഇല്ലെങ്കിൽ നിങ്ങൾ ഇന്ന് കാണുന്ന ഫസീല ഇല്ലെന്നുതന്നെ പറയാം’ എന്ന് പല അഭിമുഖങ്ങളിലും അവർ പറഞ്ഞിട്ടുണ്ട്.

അടിസ്ഥാനപരമായി ഫസീല സംഗീതം പഠിച്ചിരുന്നില്ലെങ്കിലും മാപ്പിളപ്പാട്ടിനുവേണ്ടിത്തന്നെയുള്ള ജന്മസിദ്ധമായൊരു സ്വരം അവരെ വേറിട്ടുനിർത്തി. ‘മാപ്പിളപ്പാട്ടിന്റെ രാജകുമാരി’ എന്ന വിശേഷണമാണ് മലബാറിലെ ആസ്വാദകർ അവർക്ക് നൽകിയത്. അത്രയേറെ പാട്ടുകൾ അവർ പാടിയിരുന്നു. എം.എസ്. ബാബുരാജിനൊപ്പം പാടിയ ‘വിശ്വപ്രപഞ്ചത്തിൻ ആകെ റസൂലേ.’..എന്നഗാനം അവർക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തു.

യേശുദാസ് തരംഗിണിക്കുവേണ്ടി കാസറ്റുകൾ ഇറക്കിയപ്പോൾ വി.എം. കുട്ടിയുടെയും ഫസീലയുടെയും പേരും സ്വരവും വീടിന്റെ അകത്തളങ്ങളിലെത്തി. കഠിനമായി പ്രയത്നിച്ച് അറബിക്‌ പഠിച്ച്, പാട്ടിൽ അക്ഷരശുദ്ധിവരുത്താനും അവർക്കായി. ആമീനബീവിക്കോമനമകനായ്..., കിരികിരിചെരുപ്പുമൽ.., മാനത്ത് ദുൽഹജ്ജിൽ അമ്പിളിപൊങ്ങി..,ഹജ്ജിന്റെ രാവിൽ ഞാൻ കഅബ കിനാവ്കണ്ടു..തുടങ്ങിയ അവരുടെ പാട്ടുകൾ ആസ്വാദകർ മനസ്സിലേറ്റുവാങ്ങിയവയാണ്.

മാസത്തിൽ മുപ്പതുദിവസവും പരിപാടിയുള്ളൊരുകാലം ഫസീലയ്ക്കുണ്ടായിരുന്നു. പറപ്പൂരിലെ യു.പി. സ്കൂളിൽ പഠിക്കുമ്പോഴാണ് പുളിക്കലെ വി.എം. കുട്ടി ആകാശവാണി ‘ബാലഗോകുല’ത്തിൽപാടാൻ അവരെ ക്ഷണിക്കുന്നത്. ‘വി.എം. കുട്ടിമാഷ് കണ്ടെത്തിയ മാപ്പിളത്തനിമയുള്ള സ്വരമാണ് ഫസീല’യെന്ന് മാപ്പിളപ്പാട്ട് രചയിതാവ് ഒ.എം. കരുവാരകുണ്ട് വിലയിരുത്തുന്നു.

ചാന്ദ് പാഷ, കോഴിക്കോട് അബൂബക്കർ, വടകര കൃഷ്ണദാസ് തുടങ്ങിയവർ ഈണം നൽകിയ പാട്ടുകളാണ് മനസ്സിൽ പതിയുംവിധം ഫസീല പാടിപ്പൊലിപ്പിച്ചത്. പി.ടി. അബ്ദുറഹിമാൻ, ബാപ്പു വെള്ളിപറമ്പ്, കെ.എസ്. ഖാദർ തുടങ്ങിയവരുടെ വരികൾ ഫസീലയെ മുൻനിരയിലെത്തിച്ചു. കേരളത്തിൽ മാത്രമല്ല, ഗൾഫ് നാടുകളിലും ഫസീല പ്രശസ്തയായിരുന്നു. പേരിനൊപ്പം ‘വിളയിൽ’ എന്ന നാടിന്റെ പേർകൂടിചേർത്ത് അവർ തന്റെ വ്യക്തിത്വം കാത്തു.

മാപ്പിളകലാ ട്രൂപ്പുകളിൽ വിളയിൽ ഫസീല എന്ന പേര് ലാളിത്യത്തിന്റെയും വിനയത്തിന്റെയും ആത്മസമർപ്പണത്തിന്റെയും പ്രതീകമായി മാറി. ഫസീലയെ അനുകരിച്ച് ഈ ഗാനശാഖയിൽ പിൻമുറക്കാരുമെത്തി.

Content Highlights: singer vilayil faseela passed away, mappilapattu singer vilayil faseela